Sorry, you need to enable JavaScript to visit this website.

സാനിറ്റൈസര്‍ കൊണ്ട് മദ്യം; ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

ഇടുക്കി-സാനിറ്റൈസര്‍ ഉപയോഗിച്ച് നിര്‍മിച്ച വിഷമദ്യം കഴിച്ച് ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കാസര്‍കോട് തൃക്കരിപ്പൂര്‍ കടപ്പുറം സ്വദേശി പുതിയപറമ്പത്ത് പി.പി.ഹരീഷ് (ജോബി-33)  മരിച്ചു.

ചിത്തിരപുരത്തെ ഹോം സ്റ്റേ ഉടമ കൊട്ടാരത്തില്‍ തങ്കപ്പന്റെ സഹായി ആയി മൂന്നു വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഹരീഷ്. കഴിഞ്ഞ മാസം 27 ന് തങ്കപ്പന്റെ ഹോം സ്റ്റേയില്‍ വെച്ചായിരുന്നു  സാനിറ്റൈസര്‍ കഴിച്ചത്. ട്രാവല്‍ ഏജന്റ് ആയ തൃശൂര്‍ മാള കുഴിക്കാട്ട്ശേരി സ്വദേശി മനോജ് മോഹനന്‍ തയ്യാറാക്കി കൊണ്ടുവന്ന വ്യാജ മദ്യം തങ്കപ്പനും മരിച്ച ഹരീഷും മനോജും ചേര്‍ന്ന് കഴിച്ചു.
പിറ്റേ ദിവസം  മനോജ് സ്വദേശത്തേക്ക് മടങ്ങവേ വഴി ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് തങ്കപ്പനും ഹരീഷിനും ഇതേ പ്രശ്‌നങ്ങളുണ്ടായി. ഇവരെ ആദ്യം അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സ്ഥിതി വഷളായതിനെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. മനോജിന്റെ കാഴ്ചശക്തി 90 ശതമാനം നഷ്ടപ്പെട്ടിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ നിന്ന് 9 ലിറ്ററോളം മീതൈല്‍ ആല്‍ക്കഹോള്‍ എക്സൈസ് സംഘം കണ്ടെടുത്തിരുന്നു. മനോജ് ഐ.സി.യുവില്‍ ആയതിനാല്‍ മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ല.  വെള്ളത്തൂവല്‍ പോലീസും എക്സൈസ് സംഘവും സയന്റിഫിക് വിദഗ്ധരും വിശദമായ അന്വേഷണം നടത്തി വരുന്നു. മരിച്ച ഹരീഷ് അവിവാഹിതനാണ്.

 

Latest News