തൃശൂര്‍- കലാഭവന്‍ മണിയുടെ അനുജന്‍ രാമകൃഷ്ണന് പി്ന്തുണയുമായി സംവിധായകന്‍ വിനയന്‍. രാമകൃഷ്ണന്‍ ആത്മഹത്യാശ്രമം നടത്തി എന്ന വാര്‍ത്ത ഞെട്ടലോടെ ആണ് ഇന്നലെ വാര്‍ത്താ മാധ്യമങ്ങളിലൂടെയറിഞ്ഞതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കുറച്ചു ദിവസങ്ങളായി സംഗീത നാടക അക്കാദമി നടത്തുന്ന മോഹാനിയാട്ട കലോത്സവത്തില്‍ പങ്കെടുക്കാനുള്ള അനുമതി നിഷേധിച്ചതില്‍ രാമകൃഷ്ണന്‍ ഏറെ ദുഖിതനായിരുന്നു. മോഹിനിയാട്ടത്തില്‍ പി,എച്ച്.ഡി എടുത്ത വ്യക്തിയാണു രാമകൃഷ്ഷ്ണന്‍. നൃത്തത്തിനു വേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച ഒരു ചെറുപ്പക്കാരനെ നമ്മുടെ സംഗീതനാടക അക്കാദമി ഇത്രമേല്‍ മാനസികമായി വേദനിപ്പിക്കണമായിരുന്നോ? പ്രത്യേകിച്ച് ദളിതരുടെ ഉന്നമനമാണ് ഞങ്ങളുടെ നയം എന്നു നാഴികക്കു നാല്‍പ്പതുവട്ടം പറയുന്ന അധികാരികള്‍, ഒരു ദളിത് കലാകാരനായ രാമകൃഷ്ണന്‍ സംഗീത-നാടക അക്കാദമിയുടെ മുന്നില്‍ കഴിഞ്ഞ ദിവസം സത്യഗ്രഹം ഇരുന്നതു പോലും അറിഞ്ഞില്ലന്നാണോ? സ്ത്രീകള്‍ മാത്രമേ മോഹിനിയാട്ടം കളിക്കാവു എന്ന് അക്കാദമിക്ക് ലിഖിതമായ ഒരു നിയമമുണ്ടോ? ഇല്ലന്നാണറിഞ്ഞത്... കീഴ്‌വഴക്കമാണങ്കില്‍ അത്തരം വിവേചനപൂര്‍ണമായ കീഴ്‌വഴക്കങ്ങള്‍ പലതും മാറ്റിയിട്ടില്ലേ..ഈ നാട്ടില്‍?
പാലാഴിമഥനം കഴിഞ്ഞ് അമൃതുമായി കടന്ന അസുരന്‍മാരുടെ കൈയ്യില്‍ നിന്നു അതു വീണ്ടെടുക്കാന്‍ മഹാവിഷ്ണു സ്ത്രീവേഷം പൂണ്ട് മോഹിനിയായി മാറി അസുരന്‍മാരുടെ മുന്നില്‍ കളിച്ച നൃത്തത്തിന്റെ രൂപമാണ് മോഹിനിയാട്ടം എന്ന് ഒരു കഥ ഈ നൃത്തരൂപത്തെ പറ്റി പറയാറുണ്ട്.. അങ്ങനെയാണങ്കില്‍ പുരുഷനായ മഹാവിഷ്ണു കളിച്ച ഈ നൃത്തം മറ്റു പുരുഷന്‍മാര്‍ കളിക്കുന്നതില്‍ എന്താണ് തെറ്റ് എന്നു ചിന്തിച്ചു കൂടെ? ഇതൊക്കെ സംഗീതനാടക അക്കാദമിയുടെ വെറും പിടിവാശിയും ഈഗോയുമാണ്... ഇന്നു തന്നെ ബഹുമാന്യയായ കെ.പി.എ.സി ലളിതച്ചേച്ചി ഇടപെട്ട് ഈ തീരുമാനം മാറ്റുമെന്നു പ്രതീക്ഷിക്കട്ടെ...