റിയാദ് - ആശ്രിത ലെവിയിലൂടെ രാജ്യത്ത് വിദേശികളുടെ എണ്ണം കുറക്കാന്‍ ലക്ഷ്യമിടുന്നതായി ധനമന്ത്രാലയത്തിലെ സ്റ്റിയറിംഗ് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ഫരീഹ് വെളിപ്പെടുത്തി. ആശ്രിത ലെവി പിന്‍വലിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് അദ്ദേഹം മറുപടി നല്‍കിയത്.
കുടുംബത്തെ സൗദിയില്‍ നിലനിര്‍ത്തിയിരുന്ന വിദേശികള്‍ പണം ഇവിടെ തന്നെ ചെലവഴിക്കുകയായിരുന്നു. ആശ്രിത ലെവി നടപ്പാക്കിയതോടെ വിദേശികള്‍ കുടുംബങ്ങളെ സൗദിയില്‍ നിന്ന് സ്വദേശങ്ങളിലേക്ക് തിരിച്ചയച്ചു. ഇതോടെ വിദേശികള്‍ സൗദിയില്‍ നിന്ന് വിദേശങ്ങളിലേക്ക് വലിയ തോതില്‍ പണമയക്കാന്‍ തുടങ്ങി. ഇക്കാര്യം കണക്കിലെടുത്താല്‍ ആശ്രിത ലെവി റദ്ദാക്കുന്നതല്ലേ ഉചിതമെന്നും എന്തുകൊണ്ടാണ് ആശ്രിത ലെവി എടുത്തുകളയാത്തതെന്നുമായിരുന്നു ചോദ്യം.
സൗദിയില്‍ വിദേശ തൊഴിലാളികളുടെ മക്കളുടെ വര്‍ധിച്ച സാന്നിധ്യത്തിന് പരിഹാരം കാണാന്‍ ലക്ഷ്യമിട്ടാണ് ആശ്രിത ലെവി നടപ്പാക്കിയതെന്ന് അബ്ദുല്‍ അസീസ് അല്‍ഫരീഹ് മറുപടി നല്‍കി. സൗദിയില്‍ സാന്നിധ്യം ആവശ്യമില്ലാത്ത വിദേശികളുടെ എണ്ണം കുറക്കല്‍, സൗദി യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കല്‍ എന്നിവ അടക്കമുള്ള ലക്ഷ്യങ്ങളും ആശ്രിത ലെവി നടപ്പാക്കാന്‍ കാരണമാണെന്ന് അബ്ദുല്‍ അസീസ് അല്‍ഫരീഹ് പറഞ്ഞു.
2017 ജൂലൈ ഒന്നു മുതലാണ് സൗദിയില്‍ ആശ്രിത ലെവി നിലവില്‍വന്നത്. ആശ്രിതരില്‍ ഒരോരുത്തര്‍ക്കും മാസത്തില്‍ 100 റിയാല്‍ ലെവിയാണ് ആദ്യം ബാധകമാക്കിയത്. 2018 ജൂലൈ ഒന്നു മുതല്‍ ഇത് 200 റിയാലായി വര്‍ധിച്ചു. 2019 ജൂലൈ മുതല്‍ പ്രതിമാസ ആശ്രിത ലെവി 300 റിയാലായും 2020 ജൂലൈ മുതല്‍ 400 റിയാലായും വര്‍ധിച്ചു.