Sorry, you need to enable JavaScript to visit this website.

കോവിഡ് ബാധിതനായ മോഷ്ടാവ് ഡ്രാക്കുള  സുരേഷ് വീണ്ടും ആശുപത്രിയില്‍ നിന്ന് ചാടി

എറണാകുളം-കോവിഡ് ബാധിതനായ മോഷ്ടാവ് ഡ്രാക്കുള സുരേഷ് വീണ്ടും ആശുപത്രിയില്‍ നിന്ന് ചാടി. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. എറണാകുളം പുത്തന്‍കുരിശ് സ്വദേശിയാണ് ഡ്രാക്കുള സുരേഷ്. സുരേഷ് എന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേര്. എന്നാല്‍ ഡ്രാക്കുള സുരേഷ് എന്ന വട്ടപ്പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. കോവിഡ് ബാധിതനായ സുരേഷ് ഇത് മൂന്നാം തവണയാണ് കോവിഡ് ചികിത്സാകേന്ദ്രത്തില്‍ നിന്നും ചാടി പോകുന്നത്. കറുകുറ്റി കോവിഡ് കെയര്‍ സെന്ററില്‍ നിന്ന് കഴിഞ്ഞ ആഴ്ച രണ്ട് തവണ ഇയാള്‍ ചാടി പോയിരുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളെ പിടികൂടി ആശുപത്രിയിലാക്കിയത്. എപ്പോള്‍ പുറത്തിറങ്ങിയാലും ഒരു മോഷണം പദ്ധതിയിട്ട് മാത്രം ഇറങ്ങുന്നയാള്‍ എന്നാണ് ഡ്രാക്കുള സുരേഷിനെപ്പറ്റി പോലീസ് പറയുന്നത്. ജൂണ്‍ ആറിന് മോഷണം നടത്തിയ ശേഷം നാട്ടുകാര്‍ പിടിക്കുമെന്നായപ്പോള്‍ ഇയാള്‍ മൂവാറ്റുപുഴ പെരുവാംമൂഴി പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി. എന്നാല്‍ ഇയാള്‍ ചെന്ന് വീണത് വെള്ളമില്ലാത്ത ഭാഗത്തേക്കായിരുന്നു. വീണുകിടന്ന സുരേഷിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ചെഴുനേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തനിക്ക് കോവിഡ് ആണെന്ന് പറഞ്ഞതോടെ നാട്ടുകാര്‍ പോലീസിനെയും അഗ്‌നിശമന സേനയെയും വിവരം അറിയിച്ചു. പോലീസ് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ സുരേഷിന് ഒടിവോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്ന് അറിയാന്‍ കഴിഞ്ഞു.
പെരുമ്പാവൂര്‍ പോലീസാണ് ഇയാളെ മോഷണക്കേസില്‍ അറസ്റ്റ് ചെയ്തത്. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. 2001 മുതല്‍ പുത്തന്‍ കുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ചോറ്റാനിക്കര, രാമമംഗലം തുടങ്ങിയ സ്‌റ്റേഷനുകളിലായി 20ല്‍ പരം കേസുകളാണ് ഇയാള്‍ക്കെതിരെ ഉള്ളത്. കറുകുറ്റി ചികിത്സാകേന്ദ്രത്തില്‍ നിന്നും ചാടിയ ഇയാളെ കണ്ടെത്താനായി എറണാകുളം റൂറല്‍ എസ്പി കെ. കാര്‍ത്തിക്കിന്റെ  നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘം രൂപീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുരേഷിനെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ഇത് മൂന്നാം തവണയാണ് സുരേഷ് ആശുപത്രിയില്‍ നിന്ന് ചാടി പോകുന്നത്.
 

Latest News