Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കും ഒമാനുമിടയില്‍ എയര്‍ബബ്ള്‍ ധാരണയായി

മസ്‌കത്ത് - കോവിഡ് വ്യാപനം തടയുന്നതിനായി നിര്‍ത്തിവെച്ച വിമാനയാത്ര സുഗമമായി പുനരാരംഭിക്കാന്‍ ഇന്ത്യയും ഒമാനും എയര്‍ ബബ്ള്‍ കരാര്‍ പ്രാബല്യത്തിലായി. ചൊവ്വാഴ്ച മുതല്‍ ഈ മാസം 30 വരെ ധാരണ നിലനില്‍ക്കുമെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. 
ധാരണ പ്രകാരം രണ്ട് രാജ്യങ്ങളിലെയും വിമാന കമ്പനികള്‍ക്ക് സാധാരണ സര്‍വീസ് നടത്താന്‍ സാധിക്കും. ഇന്ത്യയില്‍നിന്ന് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ ഒമാനിലേക്കും ഒമാനില്‍നിന്ന് ഒമാന്‍ എയര്‍, സലാം എയര്‍ എന്നീ കമ്പനികള്‍ വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കും സര്‍വീസ് നടത്തും. യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങളോ തടസ്സങ്ങളോ ഇല്ലാതെ ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യാന്‍ ഇതോടെ അവസരമൊരുങ്ങി. ഇരുരാജ്യങ്ങളിലെയും വ്യോമയാന മന്ത്രാലയങ്ങളുടെ നിര്‍ദേശങ്ങള്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ക്കും അനുസരിച്ചാണ് സര്‍വീസ് നടത്തുക. 
റെസിഡന്റ് വിസയുള്ള വിദേശികള്‍ക്ക് ഒക്ടോബര്‍ ഒന്നു മുതല്‍ മടങ്ങിവരാന്‍ അനുമതി വേണ്ടെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. കോവിഡ് വ്യാപനം തടയാന്‍ രൂപീകരിച്ച സുപ്രീം കമ്മിറ്റി കൂടി ഇതിന് പച്ചക്കൊടി വീശിയിരുന്നു. വിമാനത്താവളങ്ങള്‍ ചൊവ്വാഴ്ച മുതല്‍ തുറന്ന് രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. 
അതേസമയം, തിരികെയെത്തുന്ന വിദേശികള്‍ വിമാനത്താവളത്തില്‍ നിര്‍ബന്ധമായും പി.സി.ആര്‍ പരിശോധനക്ക് വിധേയരാകണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. 14 ദിവസം ക്വാറന്റൈനും നിര്‍ബന്ധമാണ്. വിമാനത്താവളങ്ങളില്‍ ആരോഗ്യ സ്‌ക്രീനിംഗ് നടപടികള്‍ സജ്ജമാക്കിയിട്ടുണ്ട്. പി.സി.ആര്‍ പരിശോധനക്കുള്ള ചെലവ് സ്വന്തം നിലയില്‍ വഹിക്കാന്‍ വിദേശികള്‍ ബാധ്യസ്ഥരാണ്.

Latest News