Sorry, you need to enable JavaScript to visit this website.

വി.ഐ.പി മണ്ഡലങ്ങളുടെ തലസ്ഥാനമായി കോട്ടയം; കാനവും ജോസും കളത്തിലേക്ക്


കോട്ടയം- കേരള കോൺഗ്രസ്-എം പുതിയ രാഷ്ട്രീയ ചേരിയിലേക്ക് മാറുന്നതോടെ കോട്ടയം കേരളത്തിലെ വി.ഐ.പി മണ്ഡലങ്ങളുടെ തലസ്ഥാനമാകുമോ. കാനവും ജോസും കളത്തിലേക്ക് വരുന്നതോടെ കോട്ടയത്തിന്റെ ചിത്രം മാറുമെന്നാണ് നിഗമനം. 
പുതുപ്പള്ളിയിൽ അഞ്ചു പതിറ്റാണ്ടു തികച്ച ഉമ്മൻ ചാണ്ടി തന്നെയാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ, കോട്ടയത്തെ രാഷ്ട്രീയ താരം. കഴിഞ്ഞ തവണ വരെയുണ്ടായിരുന്ന പാലായുടെ മാണിക്യം കെ.എം മാണി ഇനിയില്ല. നാലു പതിറ്റാണ്ട് ചങ്ങനാശ്ശേരി സ്വന്തമാക്കിയ സി.എഫ് തോമസും വിടപറഞ്ഞു. പൂഞ്ഞാർ ആശാൻ പി.സി ജോർജ് ഇക്കുറിയും മത്സര രംഗത്തുണ്ടാകുമെന്നാണ് എല്ലാ സൂചനകളും. 


കഴിഞ്ഞ 24 വർഷമായി തുടർച്ചയായി പി.സി പൂഞ്ഞാറിന്റെ നിയമസഭാംഗമാണ്. 1987 ൽ എൻ.എം ജോസഫിനോട് പരാജയപ്പെട്ടത് ഒഴിച്ചു നിർത്തിയാൽ 31 വർഷം പൂഞ്ഞാറിന്റെ എം.എൽ.എയായിരുന്നു. അങ്ങനെയെങ്കിൽ ഉമ്മൻ ചാണ്ടി കഴിഞ്ഞാൽ സീനിയർ പി.സി ജോർജാവും. കടുത്തുരുത്തിയിലെ മോൻസ് ജോസഫ് തുടർച്ചയായി 15 വർഷവും അഡ്വ. എൻ.ജയരാജ് രണ്ടു വട്ടവും ഒരേ മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തി. തിരുവഞ്ചൂർ രാധാകൃഷ്ണന് ഇത് ആറാം ഊഴമാണെങ്കിലും കോട്ടയം മണ്ഡലത്തിൽ രണ്ടാം വട്ടമാണ് വിജയിക്കുന്നത്.
കോട്ടയം രണ്ടു പുതിയ നിയമസഭാ സ്ഥാനാർഥികളെ പ്രതീക്ഷിക്കുന്നുണ്ട്. പാലായിൽ പിതാവിന്റെ മണ്ഡലം തിരികെ പിടിക്കാൻ ജോസ് കെ.മാണി രംഗത്ത് എത്തുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ ചർച്ചാ വിഷയം. ഇടതു പ്രവേശനം ഉറപ്പിച്ചാൽ ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്നാണ് സൂചന. ഇതോടെ ജോസ് കെ.മാണിയും നിയമസഭാ മത്സര രംഗത്തേക്കു വരാനാണ് സാധ്യത.


ഇടതു മുന്നണി പ്രവേശം ഏതാണ്ട് ഉറപ്പിച്ച കേരള കോൺഗ്രസ് എമ്മിന്റെ മുന്നിലുളള വെല്ലുവിളി സി.പി.ഐയുടെ നിലപാടുകളാണ്. കൂടാതെ എൻ.സി.പിക്കാരനായ സിറ്റിംഗ് എം.എൽ.എ മാണി സി.കാപ്പനും പാലാ വിട്ടുകൊടുക്കാൻ തയാറല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 
പാലാക്കാർ കൈവിടാതിരിക്കാനുളള കർമ പരിപാടികളിലാണ് മാണി സി.കാപ്പൻ ഒന്നരവർഷമായി. എന്നാൽ സി.പി.എം കൈവിട്ടാൽ പണി പാളും. അങ്ങനെയെങ്കിൽ കാപ്പൻ യു.ഡി.എഫ് സ്്ഥാനാർഥിയാകുമെന്നാണ് രാഷ്ട്രീയ സംസാരം. പാലാ തിരിച്ചുപിടിക്കുക എന്നത് കേരള കോൺഗ്രസ് എമ്മിന്റെ ആദ്യ അജണ്ടയാണെന്നത് വ്യക്തം. അതിലേക്ക് എൽ.ഡി.എഫ് വരുമോ എന്നതാണ് അറിയാനുളളത്.


പാലാ കേരള കോൺഗ്രസിന്റെ സ്വപ്‌ന മണ്ഡലമാണെങ്കിൽ കാഞ്ഞിരപ്പള്ളി പാർട്ടിയുടെ കോട്ടയം ജില്ലയിലെ ഏക എം.എൽ.എയുടെ സ്വന്തം മണ്ഡലമാണ്. ഡോ. എൻ.ജയരാജ് എം.എൽ.എ. ഇടതു മുന്നണിയിലേക്കുളള കേരള കോൺഗ്രസ് എമ്മിന്റെ കടന്നുവരവിന് എന്നും പടിയടച്ചിട്ടുളള സി.പി.ഐയുടെ ശക്തി കേന്ദ്രമാണ് കാഞ്ഞിരപ്പള്ളി. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലാണ് സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നാട്. രണ്ടു തവണ ഇവിടെ നിന്നു നിയമസഭയിലെത്തിയ കാനം രണ്ടു പതിറ്റാണ്ടിലധികമായി നിയമസഭാ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുകയാണ്. 1991ൽ കാനം രാജേന്ദ്രൻ ഈ മണ്ഡലത്തിൽ പരാജയപ്പെട്ടു. മുൻ മന്ത്രിയും എൻ.ജയരാജിന്റെ പിതാവുമായ കെ.നാരായണക്കുറുപ്പാണ് അന്ന് പരാജയപ്പെടുത്തിയത്. കേരള കോൺഗ്രസിൽ നിന്നുണ്ടായ പരാജയങ്ങളെ വിസ്മൃതിയിലാക്കുന്ന ജന്മനാട്ടിലെ ഒരു വിജയം കാനം ആഗ്രഹിക്കുന്നുണ്ടാവുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളുടെ നിഗമനം.


പാർട്ടി ഏറെക്കുറെ പൂർണമായി കൈപ്പിടിയിലാക്കിയ കാനം തന്റെ വിശ്വസ്തരെയാണ് കഴിഞ്ഞ തവണ രംഗത്ത് ഇറക്കിയതെന്ന് അന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ സി.പി.ഐ കഴിഞ്ഞ തവണ മത്സരിപ്പിച്ച വി.ബി ബിനു ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ഇടതു പ്രവേശന ചർച്ചകളിൽ കാഞ്ഞിരപ്പള്ളിയുടെ കാര്യവും കടന്നു വന്നതായാണ് അറിവ്. കാഞ്ഞിരപ്പള്ളി സി.പി.ഐ വിട്ടുകൊടുക്കില്ല. അവിടെ കാനമായിരിക്കും സ്ഥാനാർഥി. പകരം ചങ്ങനാശേരി കേരള കോൺഗ്രസ് എമ്മിന് നൽകും. ചങ്ങനാശേരിയിൽ മത്സരിക്കാൻ ജയരാജിനും താൽപര്യമുണ്ട്. എൽ.ഡി.എഫിലെ പ്രബല ഘടക കക്ഷിയായ സി.പി.ഐ സംസ്ഥാന സെക്രട്ടറി കൂടി കോട്ടയത്ത് മത്സരത്തിനെത്തിയാൽ കേരളത്തിലെ വി.വി.ഐ.പി മണ്ഡലങ്ങൾ ഏറെയും കോട്ടയത്താകും. 

Latest News