ജിദ്ദ - കഴിഞ്ഞ ദിവസം ജിദ്ദയില്‍ അറസ്റ്റിലായ മൂന്നംഗ ഏഷ്യന്‍ സംഘത്തിന്റെ പക്കല്‍ കണ്ടെത്തിയത് ഇഖാമകളടക്കം 1959 വ്യാജ രേഖകള്‍. വില്പനക്ക് തയാറാക്കിയ 445 വ്യാജ ഇഖാമകളും ആവശ്യക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച് പ്രിന്റ് ചെയ്യുന്നതിന് സൂക്ഷിച്ച 582 ഇഖാമകളും കണ്ടെത്തിയതായി സുരക്ഷാ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
വിവിധ രാജ്യങ്ങളുടെ പേരിലുള്ള 16 വ്യാജ ഡ്രൈവിംഗ് ലൈസന്‍സുകളും ജിദ്ദ നഗരസഭയുടെ പേരിലുള്ള 26 ഹെല്‍ത്ത് കാര്‍ഡുകളും ഹെല്‍ത്ത് കാര്‍ഡുകള്‍ പ്രിന്റ് ചെയ്യുന്നതിനുള്ള 890 കാര്‍ഡുകളും സംഘത്തിന്റെ പക്കല്‍ കണ്ടെത്തി.
മക്ക പ്രവിശ്യ പോലീസ് മേധാവി മേജര്‍ ജനറല്‍ സഈദ് ബിന്‍ സാലിം അല്‍ഖര്‍നിയുടെ മേല്‍നോട്ടത്തില്‍ ജിദ്ദ പട്രോള്‍ പോലീസ് മേധാവി കേണല്‍ ബന്ദര്‍ അല്‍ശരീഫിന്റെ നേതൃത്വത്തിലാണ് വ്യാജ ഇഖാമ നിര്‍മാണ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്.
സംശയകരമായ സാഹചര്യത്തില്‍ കണ്ട ഏഷ്യന്‍ വംശജനെ പരിശോധിച്ചതില്‍നിന്ന് മൂന്നു വ്യാജ ഇഖാമകള്‍ കണ്ടെത്തുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് വ്യാജ ഇഖാമ നിര്‍മാണ കേന്ദ്രത്തെയും കൂട്ടുപ്രതികളെയും കുറിച്ച് വിവരം ലഭിച്ചത്.
സുരക്ഷാ ഭടന്മാര് റെയ്ഡിനെത്തുമ്പോള്‍ താവളത്തില്‍ രണ്ടു പ്രതികള്‍ വ്യാജ ഇഖാമ നിര്‍മാണത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. വ്യത്യസ്ത ഇനങ്ങളില്‍ പെട്ട ആറു പ്രിന്ററുകളും മൂന്നു കംപ്യൂട്ടറുകളും ആവശ്യക്കാരുടെ ഫോട്ടോകളും മറ്റും സ്കാന്‍ ചെയ്യുന്നതിനുള്ള സ്കാനറും ലാമിനേഷന് ഉപകരണവും ഏതാനും മൊബൈല്‍ ഫോണുകളും 4500 റിയാലും സംഘത്തിന്റെ പക്കല്‍ കണ്ടെത്തി.