Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് പുതിയ വ്യവസ്ഥകൾ വരുന്നു

റിയാദ്- സേവനങ്ങൾ സമഗ്രമായി പരിഷ്‌കരിക്കാനും കൂടുതൽ പ്രാദേശിക, വിദേശ റിക്രൂട്ട്‌മെന്റ് കമ്പനികൾക്കും ഓഫീസുകൾക്കും രാജ്യത്ത് പ്രവർത്തിക്കാൻ അവസരമൊരുക്കാനും ലക്ഷ്യമിട്ട് പുതിയ റിക്രൂട്ട്‌മെന്റ് നിയമം നടപ്പാക്കാൻ നീക്കം. നിയമത്തിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അന്തിമരൂപം നൽകിവരികയാണ്. റിക്രൂട്ട്‌മെന്റ് കമ്പനികളുടെയും ഓഫീസുകളുടെയും പ്രവർത്തനം ക്രമീകരിക്കുന്ന വ്യവസ്ഥകൾ അടങ്ങിയ പുതിയ നിയമത്തിൽ കക്ഷികൾക്കുള്ള നഷ്ടപരിഹാരങ്ങളും ഉൾപ്പെടുത്തുന്നുണ്ട്. 


വിദേശങ്ങളിൽനിന്ന് സൗദിയിലേക്ക് തൊഴിലാളികളെ അയക്കുന്ന റിക്രൂട്ട്‌മെന്റ് കമ്പനികളും ഓഫീസുകളും ബന്ധപ്പെട്ട നിയമ, നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല പുതിയ നിയമം പ്രാദേശിക റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് നൽകുന്നു. വിദേശ ഏജൻസികൾ നിയമ, നിർദേശങ്ങൾ പാലിക്കാത്ത പക്ഷം സൗദിയിലെ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ ഉത്തരവാദിത്തം വഹിക്കേണ്ടിവരും. റിക്രൂട്ട്‌മെന്റ് മേഖലയിൽ പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പായി സൗദിയിലെ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ വിദേശ രാജ്യങ്ങളിലെ റിക്രൂട്ട്‌മെന്റ് കമ്പനികളുമായും ഓഫീസുകളുമായും കരാറുകൾ ഒപ്പുവെക്കൽ നിർബന്ധമാണ്. പ്രത്യക്ഷമായോ പരോക്ഷമായോ റിക്രൂട്ട്‌മെന്റ് നിരക്കുകൾ ഉയരാൻ ഇടയാക്കുന്ന നിലക്കുള്ള പ്രവർത്തനങ്ങൾ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ നടത്തുന്നത് പുതിയ നിയമം വിലക്കുന്നു. റിക്രൂട്ട്‌മെന്റ് കമ്പനികളുടെ മൂലധനം പൂർണമായും സൗദികളുടെ ഉടമസ്ഥതയിലായിരിക്കണം. വിദേശ മൂലധന അനുപാതം നിശ്ചയിക്കാൻ വകുപ്പ് മന്ത്രിക്ക് അധികാരമുണ്ട്. 


എ വിഭാഗം റിക്രൂട്ട്‌മെന്റ് കമ്പനികളുടെ കുറഞ്ഞ മൂലധനം പത്തു കോടി റിയാലും ഇത്തരം സ്ഥാപനങ്ങൾ സമർപ്പിക്കേണ്ട ബാങ്ക് ഗ്യാരണ്ടി ഒരു കോടി റിയാലുമാണ്. ബി വിഭാഗം റിക്രൂട്ട്‌മെന്റ് കമ്പനികളുടെ മൂലധനം രണ്ടു കോടി റിയാലും ഇത്തരം സ്ഥാപനങ്ങൾ കെട്ടിവെക്കേണ്ട ബാങ്ക് ഗ്യാരണ്ടി 20 ലക്ഷം റിയാലുമാണ്. സി വിഭാഗം സ്ഥാപനങ്ങളുടെ മൂലധനം 50 ലക്ഷം റിയാലും ബാങ്ക് ഗ്യാരണ്ടി 15 ലക്ഷം റിയാലും പ്രാദേശിക റിക്രൂട്ട്‌മെന്റ് മേഖലയിൽ മാത്രം പ്രവർത്തിക്കുന്ന കമ്പനികളുടെ ബാങ്ക് ഗ്യാരണ്ടി അഞ്ചു ലക്ഷം റിയാലും മൂലധനം അമ്പതു ലക്ഷം റിയാലുമാണ്. 
റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ഉടമ സൗദി പൗരനായിരിക്കണം. അപേക്ഷകന്റെ പേരിൽ ലൈസൻസുള്ള മറ്റൊരു റിക്രൂട്ട്‌മെന്റ് ഓഫീസുണ്ടാകാനും പാടില്ല. അപേക്ഷകർക്ക് സെക്കണ്ടറിയിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യതയും റിക്രൂട്ട്‌മെന്റ് മേഖലയിൽ മൂന്നു വർഷത്തെ പരിചയസമ്പത്തും ഉണ്ടായിരിക്കണം. യൂനിവേഴ്‌സിറ്റി ബിരുദധാരികളാണ് അപേക്ഷകരെങ്കിൽ ഒരു വർഷത്തിൽ കുറയാത്ത പരിചയസമ്പത്തുണ്ടായാൽ മതി. 


റിക്രൂട്ട്‌മെന്റ് മേഖലയിൽ പ്രവർത്തിക്കുന്നതിന് നേരത്തെ ലൈസൻസ് നേടുകയും നിയമ ലംഘനങ്ങളുടെ പേരിൽ ലൈസൻസ് റദ്ദാക്കപ്പെടുകയും ചെയ്തവർക്ക് അഞ്ചു വർഷം പിന്നിടാതെ ഇതേ മേഖലയിൽ പ്രവർത്തിക്കാൻ പുതിയ ലൈസൻസ് അനുവദിക്കില്ല. ലൈസൻസ് അപേക്ഷകർ മാനത്തിനും വിശ്വാസ്യതക്കും നിരക്കാത്ത കുറ്റകൃത്യങ്ങൾ, ബാലാവകാശ നിയമങ്ങളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ, മനുഷ്യക്കടത്ത് എന്നീ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരാകാനും പാടില്ല. 

Latest News