തിരുവനന്തപുരം - സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇന്നലെ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ ആകെ 2,71,20,823 വോട്ടർമാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. 1,29,25,766 പുരുഷന്മാർ, 1,41,94,775 സ്ത്രീകൾ, 282 ട്രാൻസ്‌ജെന്ററുകൾ എന്നിങ്ങനെയാണ് ആകെ വോട്ടർമാർ.
സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലേയും 86 മുനിസിപ്പാലിറ്റികളിലേയും ആറു കോർപറേഷനുകളിലേയും വോട്ടർ പട്ടികയാണ് ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർ അന്തിമമാക്കി ഇന്നലെ പ്രസിദ്ധീകരിച്ചത്. കരട് വോട്ടർപട്ടിക ഓഗസ്റ്റ് 12 ന് പ്രസിദ്ധീകരിച്ചിരുന്നു. കരട് പട്ടികയിൽ ആകെ 2.62 കോടി വോട്ടർമാരാണ് ഉൾപ്പെട്ടിരുന്നത്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷകളും മറ്റ് ആക്ഷേപങ്ങളും ഓഗസ്റ്റ് 26 വരെ അതാത് ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർ സ്വീകരിച്ചിരുന്നു. അവ സംബന്ധിച്ച തുടർ നടപടി സ്വീകരിച്ചാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.
941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാർഡുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,080 വാർഡുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാർഡുകളിലേക്കും 86 മുനിസിപ്പാലിറ്റികളിലെ 3,078 വാർഡുകളിലേക്കും ആറു മുനിസിപ്പൽ കോർപറേഷനുകളിലെ 414 വാർഡുകളിലേക്കുമാണ് പൊതു തെരഞ്ഞെടുപ്പ് നടത്തുന്നത്. അന്തിമ വോട്ടർ പട്ടികയിലെ വോട്ടർമാരുടെ എണ്ണം പരിശോധിച്ച് ആവശ്യമെങ്കിൽ പുതിയ പോളിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. പുതുതായി സ്ഥാപിക്കുന്ന പോളിംഗ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ സൗകര്യാർത്ഥം പുനഃക്രമീകരണം വരുത്തും.
അന്തിമ വോട്ടർ പട്ടികയിലെ അടിസ്ഥാന പട്ടികയും സപ്ലിമെന്ററി പട്ടികകളും സംയോജിപ്പിച്ചുള്ള അന്തിമ വോട്ടർ പട്ടിക ഒക്‌ടോബർ 15 ന് മുമ്പ് രാഷ്ട്രീയ പാർട്ടികൾക്ക് നൽകും.
ഇന്നലെ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായ വോട്ടർമാർക്ക് പേര് ചേർക്കുന്നതിന് തെരഞ്ഞെടുപ്പിന് മുമ്പ് ഒരു അവസരം കൂടി നൽകും. ആക്ഷേപങ്ങളും അപ്പോൾ സമർപ്പിക്കാം.