കണ്ണൂർ - ഏറെ കോളിളക്കം സൃഷ്ടിച്ച പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് അന്വേഷണം അവസാനിപ്പിക്കുന്നു. ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. ആരോപണ വിധേയയായ ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ പി.കെ. ശ്യാമള ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് അടുത്ത ദിവസം കോടതിയിൽ സമർപ്പിക്കും.
ധർമ്മശാലക്കടുത്ത് നിർമിച്ച പാർഥാസ് കൺവെൻഷൻ സെന്ററിന് ആന്തൂർ നഗരസഭ പ്രവർത്തനാനുമതി നിഷേധിച്ചതിനെത്തുടർന്നാണ് പ്രവാസി വ്യവസായിയായ സാജൻ, ഒന്നര വർഷം മുമ്പാണ് വീട്ടിനകത്ത് ജീവനൊടുക്കിയത്.
നൈജീരിയയിൽ വർഷങ്ങളോളം ജോലി ചെയ്ത് സമ്പാദിച്ചതുൾപ്പെടെ മുടക്കി പണിത കൺവെൻഷൻ സെന്ററിന് പല സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നഗരസഭ പ്രവർത്തനാനുമതി നിഷേധിച്ചതിനെത്തുടർന്നാണ് സാജൻ ആത്മഹത്യ ചെയ്തതെന്നായിരുന്നു ബന്ധുക്കളുടെ പരാതി. സംഭവം വൻ രാഷ്ട്രീയ വിവാദത്തിന് വഴിവെക്കുകയും, മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ പ്രശ്‌നത്തിൽ ഇടപെടുകയും ചെയ്തിരുന്നു. പ്രമുഖ സി.പി.എം നേതാവ് എം.വി. ഗോവിന്ദന്റെ ഭാര്യയാണ് പി.കെ. ശ്യാമള.
സാജന്റെ ഭാര്യയുടെ പരാതിയിൽ ആദ്യം ലോക്കൽ പോലീസും പിന്നീട് പ്രത്യേക സംഘവുമാണ് കേസ് അന്വേഷിച്ചത്. ആന്തൂർ നഗര സഭാ ചെയർപേഴ്‌സൺ പി.കെ. ശ്യാമള, ബിൽഡിംഗ് പെർമിറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് പരാതി ഉയർന്നത്. താൻ ഈ കസേരയിൽ ഇരിക്കുന്ന കാലത്തോളം കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകില്ലെന്ന് നഗരസഭാ ചെയർപേഴ്‌സൺ പി.കെ. ശ്യാമള, ഏറ്റവുമവസാനം സാജനെ കണ്ടപ്പോൾ പറഞ്ഞിരുന്നതായും ആരോപണം ഉയർന്നിരുന്നു.
പാർട്ടി ഫണ്ട് നൽകാത്തതിലെ വിരോധമാണ് കൺവെൻഷൻ സെന്ററിന് അനുമതി നിഷേധിക്കാൻ കാരണമായതെന്ന ആരോപണവും ശക്തമായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡു ചെയ്യുകയുണ്ടായി. പിന്നീട് നഗരസഭ നിർദേശിച്ച മാറ്റങ്ങൾ വരുത്തിയതിനെത്തുടർന്ന് കൺവെൻഷൻ സെന്ററിന് താൽക്കാലികമായി പ്രവർത്തനാനുമതി നൽകുകയും ചെയ്തു.
ഫോറൻസിക് ഫലം ലഭിക്കാത്തതിനാലാണ് കേസിൽ അന്വേഷണം നീണ്ടുപോയതും തുടർ നടപടികൾ അനിശ്ചിതത്വത്തിലായതും.
സാമ്പത്തിക പ്രയാസങ്ങളും മറ്റ് കാരണങ്ങളുമാവാം സാജന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൺവെൻഷന് പ്രവർത്തനാനുമതി നൽകാൻ വൈകിയതിന് പി.കെ. ശ്യാമളയ്ക്ക് ബന്ധമില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തിൽ ആർക്കെതിരെയും ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കാനാവില്ലെന്നാണ് അന്വേഷണ സംഘം നിഗമനത്തിലെത്തിയത്.
അതേസമയം, കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി വൈകിപ്പിക്കാൻ താൻ ഇടപെട്ടിരുന്നില്ലെന്ന് പി.കെ. ശ്യാമള പറഞ്ഞു. ഈ വിവാദം സി.പി.എമ്മിന് പേരുദോഷം ഉണ്ടാക്കുന്ന തരത്തിലായിരുന്നു. ചെയ്യാത്ത തെറ്റിന് ആക്രമിക്കാനുള്ള ശ്രമവുമുണ്ടായി. നിലവിൽ സാജന്റെ കുടുംബവുമായി യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും പി.കെ. ശ്യാമള പറഞ്ഞു.