കോട്ടയം- കേരള കോൺഗ്രസിന്റെ ഇടതു പ്രവേശനത്തെ അതിശക്തമായി എതിർക്കുന്ന സി.പി.ഐയുടെ വാദങ്ങൾ ദുർബലമായത് ഇടതു സർക്കാരിനെതിരെ ആരോപണങ്ങളുടെ കുത്തൊഴുക്ക് തുടങ്ങിയതോടെ. കേരള കോൺഗ്രസ് എമ്മിന്റെ എൽ.ഡി.എഫിലേക്കുളള വരവിന് വാതിലടച്ചു നിന്ന കാനം രാജേന്ദ്രന്റെ കേരളം ചർച്ച ചെയ്യുന്ന വിഷയങ്ങളിലുളള നിശ്ശബ്ദത തന്നെ വിമർശനമായതോടെ പാർട്ടി മെല്ലെ നിലപാട് മയപ്പെടുത്തുകയായിരുന്നു.
കേരള കോൺഗ്രസിന്റെ സഹായമില്ലാതെ തന്നെ കേരളത്തിൽ ഇടതുമുന്നണിക്ക് തുടർഭരണം ലഭിക്കുമെന്ന് മൂന്നു മാസം മുമ്പ് പരസ്യ പ്രസ്താവന നടത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി യു.ഡി.എഫിന്റെ വെന്റിലേറ്ററല്ലെന്ന് വ്യക്തമാക്കിയിരുന്നു.
ജോസ് കെ മാണിയോട് മൃദുസമീപനം സ്വീകരിച്ച സി.പി.എം നേതൃത്വത്തിനെതിരെ കാനം കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്തു. തുടർന്ന് കാനം രാജേന്ദ്രനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പു സഖ്യ ചരിത്രം ചൂണ്ടിക്കാട്ടി കൊമ്പുകോർക്കുകയും ചെയ്തു. കർഷകർക്കിടയിൽ സ്വാധീനമുളള പാർട്ടിയാണെന്നും ജോസ് കെ മാണി വിഭാഗത്തിന് ജനസ്വാധീനമുണ്ടെന്നും മുഖ്യന്ത്രി പിണറായി വിജയനും മന്ത്രി ഇ.പി ജയരാജനും പരസ്യമായി പ്രതികരിക്കുകയും ചെയ്തു.
കേരള കോൺഗ്രസ് എമ്മിനെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കുന്നതിനെതിരെ സി.പി.ഐ കടുത്ത നിലപാടാണ് സമീപകാലത്ത് സ്വീകരിച്ചത്. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിനിടെ കെ.എം മാണിയെ മുഖ്യമന്ത്രിയാക്കി ഭരണം പിടിക്കാൻ സി.പി.എമ്മിലെ കണ്ണൂർ ലോബി ശ്രമിച്ചിരുന്നു. ഇതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ബാർ കോഴ വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ സി.പി.എം കെ.എം മാണിയെ വെയ്റ്റിംഗ് ലിസ്റ്റിലാക്കി. ബാർ കോഴ വിവാദത്തിനിടെ കാനം രാജേന്ദ്രൻ കെ.എം മാണിയെ പലതവണ കടന്നാക്രമിക്കുകയും ചെയ്തു. തനിക്ക് കാനത്തിന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് മാണി തിരിച്ചടിക്കുകയും ചെയ്തു.
കേരള കോൺഗ്രസ് ഇടതുമുന്നണിയിലെത്തിയാൽ രണ്ടാം സ്ഥാനം നഷ്ടമാകുമെന്ന ഭയമാണ് സി.പി.ഐക്കെന്ന് കെ.എം മാണി ഒരു അഭിമുഖത്തിൽ തുറന്നടിച്ചിരുന്നു. ഒറ്റയ്ക്കു നിന്നു ജയിച്ച് ശക്തി തെളിയിച്ച കേരള കോൺഗ്രസ് എമ്മിനെ വെന്റിലേറ്ററിലുളള പാർട്ടിയെന്ന് കാനം വിമർശിച്ചതിനെയും കെ.എം മാണി പരിഹസിച്ചു. സി.പി.ഐയുടെ വിമർശനങ്ങൾക്കിടയിലും സി.പി.എം കേരള കോൺഗ്രസ് എമ്മുമായുളള അടുപ്പം തുടർന്നു. 2018 ൽ തൃശൂരിൽ നടന്ന സി.പി.എം സംസ്ഥാന സമ്മേളന വേദിയിലും കെ.എം മാണിയെ ക്ഷണിച്ചു. ഈ വേദിയിലും കാനം കെ.എം മാണിക്കെതിരെ ഒളിയമ്പ് എയ്തിരുന്നു.
കേരള കോൺഗ്രസിന്റെ ഇടതു പ്രവേശനത്തെ ആശങ്കയോടെ നോക്കിക്കണ്ട സി.പി.ഐ ഇടതു സർക്കാരിനെ പ്രതികൂട്ടിലാക്കിയ ആരോപണങ്ങൾ വന്നതോടെ മൗനത്തിലായി. യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ ബാർ കോഴയ്‌ക്കെതിരെ ആഞ്ഞടിച്ച സി.പി.ഐ സ്വർണക്കടത്ത്, ലൈഫ് മിഷൻ ഇടപാടുകളിലെ ആരോപണങ്ങൾക്കു നേരെ നിശ്ശബ്ദത പാലിച്ചത് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. തുടർ ഭരണ സാധ്യത നഷ്ടപ്പെടുമോ എന്ന ആശങ്ക വലയം ചെയ്തതോടെയാണ് സി.പി.ഐയും മുന്നണി വിപുലീകരണത്തോടുളള എതിർപ്പ് കുറച്ചതത്രേ.
പക്ഷേ കേരള കോൺഗ്രസിനെ മുന്നണിയിലെടുക്കുന്നതിന് ചില വ്യവസ്ഥകൾ സിപിഐ മുന്നോട്ടുവെച്ചു എന്നാണ് അറിയുന്നത്. സി.പി.ഐയുടെ നിയമസഭാ മണ്ഡലം ഉൾപ്പെടെയുളള കാര്യങ്ങളിലാണ് ഇതെന്ന് അറിയുന്നു.