തിരുവനന്തപുരം- ബാബ്‌രി മസ്ജിദ് തകർത്ത കേസിൽ വിചാരണക്കോടതിയുടെ വിധി രാഷ്ട്രത്തിന്റെ മതേതര അടിത്തറയ്ക്ക് ഏറ്റ കടുത്ത ആഘാതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബാബ്രി മസ്ജിദ് തകർത്തത് ക്രിമിനൽ കുറ്റവും കടുത്ത നിയമ ലംഘനവുമാണെന്ന് രാജ്യത്തെ പരമോന്നത നീതി പീഠമായ സുപ്രീം കോടതി വിധിച്ചതാണ്. എന്നിട്ടും അത് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്തത് ഗുരുതരമായ വീഴ്ചയാണ്. മസ്ജിദ് തകർത്തതു പോലെ ദുഃഖകരമാണ് ഈ വിധിയും. രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത പാടായി അവശേഷിക്കുന്ന ബാബ്രി മസ്ജിദ് തകർക്കലിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടായിരുന്നെന്ന് രാജ്യത്തെ കൊച്ചു കുട്ടികൾക്ക് പോലും അറിയാവുന്ന കാര്യമാണ്. വർഗീയത ആളിക്കത്തിച്ചുകൊണ്ടു രഥയാത്ര നടത്തുകയും കർസേവക്ക് നേതൃത്വം നൽകുകയും ചെയ്തത് അദ്വാനിയും കൂട്ടരുമാണ്. ഗൂഢാലോചനയിൽ മുതിർന്ന ബി.ജെ.പി നേതാക്കൾക്കുള്ള പങ്ക് ലിബർഹാൻ കമ്മീഷൻ അക്കമിട്ട് നിരത്തിയതുമാണ്. എന്നിട്ടും ഒന്നിനും തെളിവില്ലെന്നാണ് കോടതി വിധി. ഈ വിധിക്കെതിരെ സി.ബി.ഐ അപ്പീൽ പോകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.