മുംബൈ- സംസ്ഥാനത്ത് കാർഷിക നിയമം നടപ്പിലാക്കാനുള്ള ഉത്തരവ് മഹാരാഷ്ട്ര സർക്കാർ പിൻവലിച്ചു. കാർഷിക ബില്ലുകൾ നടപ്പിലാക്കുന്നതിനെ എതിർത്ത് എൻസിപിയും കോൺഗ്രസും ശക്തമായി രംഗത്തുവന്നിരുന്നു. മന്ത്രിസഭായോഗം ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസ് ഭീഷണി ഉയർത്തിയതിന് പിന്നാലെയാണ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചത്.പാർലമെന്റിൽ പാസായ കാർഷിക ബില്ലുകൾക്കെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധം ഉന്നയിച്ചിരുന്നു. കർഷകവിരുദ്ധ ബിൽ എന്നാണ് ബില്ലുകളെ കോൺഗ്രസ് വിശേഷിപ്പിച്ചത്. ഓഗസ്ത് 10 നാണ് കേന്ദ്രസർക്കാരിന്റെ മൂന്ന് ഓർഡിനൻസുകൾ സംസ്ഥാനത്ത് നടപ്പിലാക്കണമെന്ന് ഡയറക്ടർ ഓഫ് മാർക്കറ്റിങ് സതീഷ് സോണി ഉത്പാദകർക്കും സഹകരണ സംഘങ്ങൾക്കും ഉത്തരവ് നൽകിയത്. ബിൽ പാർലമെന്റിൽ പാസാവുന്നതിനും മുൻപായിരുന്നു ഇത്. അതേസമയം ഉത്തരവ് പുറപ്പെടുവിച്ചത് കേന്ദ്രകാർഷിക സെക്രട്ടറി സജ്ഞയ് അഗർവാളിന്റെ നിർദേശം ലഭിച്ചതിന് ശേഷമാണ് എന്നായിരുന്നു സംസ്ഥാന വാണിജ്യവകുപ്പ് നൽകിയ വിശദീകരണം. ഈ ഉത്തരവ് പിൻവലിക്കാനാണ് സർക്കാർ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്.അതേസമയം സംസ്ഥാനത്ത് നിയമം നടപ്പിലാക്കില്ലെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറും പറഞ്ഞിരുന്നു. അതോടൊപ്പം എൻസിപിയും കോൺഗ്രസും വലിയ രീതിയിലുള്ള എതിർപ്പുമായി വന്നതോടെ മഹാരാഷ്ട്ര സർക്കാർ കാർഷിക നിയമം നടപ്പിലാക്കാനുള്ള ഉത്തരവ് പിൻവലിക്കുകയായിരുന്നു.