Sorry, you need to enable JavaScript to visit this website.

ബാബരി മസ്ജിദ് വിധി: നാടിന്റെ സംസ്‌കൃതി്‌ക്കേറ്റ പ്രഹരം-മുല്ലപ്പള്ളി രാമചന്ദ്രൻ

കൊച്ചി- തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ബാബറി മസ്ജീദ് കേസിലെ പ്രതികളെ വെറുതെവിട്ട കോടതി വിധി നിർഭാഗ്യകരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇന്ത്യൻ ജ്യുഡീഷറിയിൽ ജനങ്ങൾക്കുള്ള വിശ്വാസം പോലും ചോദ്യം ചെയ്യപ്പെടുന്നതാണ് ഈ വിധി. മതനിരപേക്ഷതക്കും നമ്മുടെ നാടിന്റെ  മഹാസംസ്‌കൃതിക്കുമേറ്റ  കനത്ത പ്രഹരമാണ് കോടതി വിധിയെന്നും മുല്ലപ്പള്ളി പറഞ്ഞു. 
ഭരണഘടനാ സ്ഥാപനങ്ങളെ കാവിവത്കരിച്ചതിൻറെ ദുരന്തഫലമാണ് നാം ഇപ്പോൾ അനുഭവിക്കുന്നത്. മോദി സർക്കാർ അധികാരത്തിൽ എത്തിയത് മുതൽ രാഷ്ട്രീയ നേട്ടങ്ങൾക്കായി ജനാധിപത്യത്തെ അട്ടിമറിക്കുകയാണ്. മതേതരമൂല്യങ്ങൾ സംരക്ഷിക്കുന്നതിന് പകരം അവയെ തകർക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. നീതിന്യായ വ്യവസ്ഥയെ എന്നും ബഹുമാനിച്ച പ്രസ്ഥാനമാണ് കോൺഗ്രസ്. ഈ വിധിക്കെതിരെ നിയമാനുസൃതമായ പരിഹാരം കണ്ടെത്താൻ കോൺഗ്രസിൻറെ എല്ലാ പിന്തുണയും ഉണ്ടാകും.
ബാബറി മസ്ജീദ് തകർത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾക്കുള്ള പങ്ക് വ്യക്തമാക്കുന്ന ലിബർഹാൻ കമ്മീഷൻ റിപ്പോർട്ടിലെ കണ്ടെത്തലുകൾ മുഖവിലക്ക് എടുക്കാൻ കോടതി തയ്യാറായില്ല. 'ജനാധിപത്യത്തിൽ ഇതിൽപ്പരം മറ്റൊരു വഞ്ചനയോ അപരാധമോ ഇല്ല. ബി.ജെ.പി നേതാക്കളുടെ കപട മിതവാദത്തെ അപലപിക്കുന്നതിൽ കമ്മീഷന് ഒരു മടിയുമില്ലെന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചത്.
ബാബറി മസ്ജീദിന്റെ തകർച്ചക്ക് പ്രഥമ ഉത്തരവാദികൾ സംഘപരിവാർ സംഘടനകളാണെന്ന് കൃത്യമായി ലിബർഹാൻ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. അതുകൊണ്ട് പ്രതികളെ രക്ഷിക്കാനുള്ള ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നു സംശയിക്കേണ്ടിരിക്കുന്നു.
ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്തദിനമാണ് ബാബറി മസ്ജീദ് പൊളിക്കപ്പെട്ട ദിവസം. ഇന്ത്യയുടെ മഹത്തായ മതേതര പാരമ്പര്യമാണ് ബാബറി മസ്ജീദിന്റെ മീനാരങ്ങൾക്ക് ഒപ്പം മണ്ണിലമർന്നത്.
രാമക്ഷേത്രത്തിന്റെ പേരിൽ ഹിന്ദുത്വ വികാരം ഉയർത്തിക്കൊണ്ടുവന്നു ബി.ജെ.പിയുടെ വളർച്ചക്കും അതുവഴി അധികാരത്തിലെത്താനും വഴിയൊരുക്കിയ സംഭവമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർപോലും ഇതിനെ വിലയിരുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
 

Latest News