Sorry, you need to enable JavaScript to visit this website.

ബാബരി മസ്ജിദ് വിധി ജനാധിപത്യശക്തികളെ ഭയപ്പെടുത്തുന്നത്-കോടിയേരി

തിരുവനന്തപുരം- ബാബറി മസ്ജിദ് തകർത്ത കേസിൽ സി ബി ഐ കോടതിയുടെ വിധി, മതനിരപേക്ഷ ജനാധിപത്യ സമൂഹത്തെ ഭയപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ.  
മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ഭീകരപ്രവർത്തനമായിരുന്നു മസ്ജിദ് തകർക്കലെന്നും കോടിയേരി പറഞ്ഞു. കോൺഗ്രസ് കേന്ദ്രം ഭരിക്കുന്ന കാലത്താണ് ബാബരി മസ്ജിദ് തകർത്തത്.. ടെലിവിഷൻ ചാനലുകളിലൂടെ ലോകം മുഴുവനുള്ളവർ മസ്ജിദ് പൊളിച്ചവരാരാണ് എന്നത് വ്യക്തമായി കണ്ടു. എന്നിട്ടും ഒന്നിനും തെളിവില്ലെന്ന വിചിത്രമായ നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്. 
ഒരു തെളിവും കണ്ടെത്താനോ, ഹാജരാക്കാനോ സി ബി ഐ തയ്യാറായില്ല. ബി ജെ പി രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി അന്വേഷണ ഏജൻസികളെ എങ്ങിനെയാണ് ഉപയോഗപ്പെടുത്തുന്നത് എന്നതിന്റെ പ്രത്യക്ഷമായ തെളിവാണ് ഈ കോടതി വിധിയിലൂടെ വ്യക്തമായിരിക്കുന്നത്.  ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസം നിലനിർത്താനുള്ള തുടർനടപടികളാണ് ഇനി ഉണ്ടാവേണ്ടത്. മത ന്യൂനപക്ഷങ്ങൾക്ക്, അവരുടെ ജീവനും സ്വത്തിനും ആരാധനാലയങ്ങൾക്കും ബി ജെ പി ഭരണത്തിൽ സുരക്ഷിതത്വമില്ലെന്ന സന്ദേശമാണ് ഉണ്ടായിരിക്കുന്നത്. 
ഈ കോടതിവിധി ആർ എസ് എസുകാർക്ക് നിയമം കൈയ്യിലെടുക്കാൻ ഉത്തേജനം നൽകുന്നതാണ്. മത ന്യൂനപക്ഷങ്ങളുടെ പല ആരാധനാലയങ്ങൾക്കുമെതിരെ ആർ എസ് എസുകാർ ഭീഷണിയും അവകാശവാദവും ഉയർത്തുന്ന സന്ദർഭത്തിൽ വളരെയേറെ ആശങ്ക ഉണ്ടാക്കുന്നതാണ് സി ബി ഐ കോടതി വിധി.
 

Latest News