Sorry, you need to enable JavaScript to visit this website.

കഴിഞ്ഞ മാസം വിദേശികൾ അയച്ചത് 1238 കോടി റിയാൽ

റിയാദ് - സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന വിദേശികൾ കഴിഞ്ഞ മാസം നിയമാനുസൃത മാർഗങ്ങളിൽ സ്വദേശങ്ങളിലേക്ക് 1238 കോടി റിയാൽ അയച്ചതായി കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസം വിദേശികൾ അയച്ച പണത്തിൽ 24.8 ശതമാനം വർധന രേഖപ്പെടുത്തി. 2019 ഓഗസ്റ്റിൽ വിദേശികളുടെ റെമിറ്റൻസ് 992 കോടി റിയാലായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസം വിദേശികൾ 246 കോടി റിയാൽ അധികം അയച്ചു. 


കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റെമിറ്റൻസ് വർധിച്ചെങ്കിലും ജൂൺ, ജൂലൈ മാസങ്ങളെ അപേക്ഷിച്ച് ഓഗസ്റ്റിൽ റെമിറ്റൻസിലെ വളർച്ചാ നിരക്ക് കുറഞ്ഞു. ജൂണിൽ 60.2 ശതമാനം തോതിലും ജൂലൈയിൽ 32.7 ശതമാനം തോതിലും വിദേശികളുടെ റെമിറ്റൻസ് വർധിച്ചിരുന്നു. 
ജൂലൈ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ വിദേശികളുടെ റെമിറ്റൻസ് 18.6 ശതമാനം തോതിൽ കുറഞ്ഞു. മൂന്നു മാസത്തിനു ശേഷമാണ് റെമിറ്റൻസിൽ കുറവ് രേഖപ്പെടുത്തുന്നത്. ജൂലൈയിൽ വിദേശികൾ 1520 കോടി റിയാൽ നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു. ജൂലൈയിൽ വിദേശികളുടെ റെമിറ്റൻസ് 2016 മധ്യത്തിനു ശേഷം ഏറ്റവും ഉയർന്ന നിരക്കാണ്.
ഈ വർഷം ആദ്യത്തെ എട്ടു മാസത്തിനിടെ സൗദിയിലെ വിദേശികൾ 9700 കോടിയോളം റിയാൽ സ്വദേശങ്ങളിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 17.3 ശതമാനം കൂടുതലാണിത്. കഴിഞ്ഞ കൊല്ലം ആദ്യത്തെ എട്ടു മാസത്തിനിടെ വിദേശികളുടെ റെമിറ്റൻസ് 8274 കോടി റിയാലായിരുന്നു. കഴിഞ്ഞ നാലു മാസത്തിനിടെയും വിദേശികളുടെ റെമിറ്റൻസ് വലിയ തോതിൽ ഉയർന്നതാണ് ഈ വർഷം മൊത്തത്തിലുള്ള റെമിറ്റൻസിൽ പ്രതിഫലിച്ചത്. 


വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദി പൗരന്മാർ കഴിഞ്ഞ മാസം വിദേശങ്ങളിലേക്ക് അയച്ച പണം 10.7 ശതമാനം തോതിൽ കുറഞ്ഞു. ഓഗസ്റ്റിൽ സ്വദേശികൾ 348 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. 2019 ഓഗസ്റ്റിൽ സൗദി പൗരന്മാർ 390 കോടി റിയാൽ വിദേശങ്ങളിലേക്ക് അയച്ചിരുന്നു. ജൂലൈ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ സ്വദേശികളുടെ റെമിറ്റൻസ് 8.9 ശതമാനം തോതിൽ കുറഞ്ഞു. ജൂലൈയിൽ സ്വദേശികൾ 383 കോടി റിയാൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വിദേശങ്ങളിലേക്ക് അയച്ചിരുന്നു. 

Latest News