കൽപറ്റ-ലക്കിടി ഉപവൻ റിസോർട്ട് വളപ്പിൽ 2019 മാർച്ച് ആറിനു രാത്രി മാവോയിസ്റ്റ് സി.പി.ജലീലിനെ പോലീസ് ഏകപക്ഷീയമായി വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്നു ക്രൈം ബ്രാഞ്ച്. ജലീലിന്റെ സഹോദരനും മനുഷ്യാവകാശ പ്രവർത്തകനുമായ മലപ്പുറം പാണ്ടിക്കാട് ചെറുക്കപ്പള്ളി സി.പി.റഷീദ് വയനാട് ജില്ലാ പോലീസ് മേധാവിക്കു 2019 മാർച്ച് ഏഴിനു നൽകിയ പരാതിയുമായി ബന്ധപ്പെട്ടു ക്രൈം ബ്രാഞ്ച് ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ആരോപണം ശരിയല്ലെന്ന വാദം.
ജലീൽ വെടിയേറ്റു മരിച്ച സംഭവത്തിൽ പി.യു.സി.എല്ലും മഹാരാഷ്ട്ര സർക്കാരുമായുള്ള കേസിലെ സുപ്രീം കോടതി വിധിയിൽ പറയുന്ന മാർഗ നിർദേശങ്ങൾക്കനുസൃതമായി പോലീസുകാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു റഷീദ് ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയിൽ. ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽനിന്നു ഈ പരാതി വെടിവെപ്പു കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനു 2019 സെപ്റ്റംബർ ഏഴിനു അയച്ചു. 2019 നവംബർ അഞ്ചിനു ക്രൈം ബ്രാഞ്ച് പരാതിക്കാരന്റെ മൊഴിയെടുത്തു.
വ്യാജ ഏറ്റുമുട്ടലിലാണ് ജലീൽ കൊല്ലപ്പെട്ടത്. ഏതെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തന്നെ ജീവനോടെ പിടികൂടുന്നതിനു പകരം തണ്ടർ ബോൾട്ട് കമാൻഡോകൾ ആസൂത്രിതമായി ജലീലിനെ വെടിവെച്ചു കൊല്ലുകയായിരുന്നു. മുട്ടിനു താഴെ വെടിവെയ്ക്കാമായിരുന്നിട്ടും തലയ്ക്കു പിന്നിലും ചുമരിലും നിറയൊഴിച്ചതു കൊല്ലുകയെന്ന ലക്ഷ്യത്തോടെയാണ്. റിസോർട്ടിലും വളപ്പിലുമായി ഉണ്ടായിരുന്ന 16 സി.സി.ടി.വി ക്യാമറകളിൽ മൂന്നു എണ്ണത്തിലെ ദൃശ്യങ്ങൾ മാത്രമാണ് പോലീസ് വെളിപ്പെടുത്തിയത്. താൻ കണ്ട ഒരു ദൃശ്യത്തിൽ ജലീലും മറ്റൊരാളും ഓടുന്നതും തണ്ടർ ബോൾട്ട് കമാൻഡോകൾ പിന്നിൽനിന്നു വെടിെവയ്ക്കുന്നതും കാണാമായിരുന്നു. ഇത്തരത്തിലായിരുന്നു റഷീദിന്റെ മൊഴി.
ഉപവൻ റിസോർട്ട് വളപ്പിലെ സംഭവവുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും മാർഗനിർദേശങ്ങൾക്കനുസൃതമായാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തതെന്നു ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. മാനന്തവാടി സബ്കലക്ടറായ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എൻ.എസ്.കെ.ഉമേഷാണ് ഇൻക്വസ്റ്റ് തയാറാക്കിയത്. കൊല്ലപ്പെട്ടത് ആരാണെന്നു ഇൻക്വസ്റ്റ് തുടങ്ങിയപ്പോൾ വ്യക്തമായിരുന്നില്ല. ഇൻക്വസ്റ്റ് പുരോഗമിക്കുന്നതിനിടെ പരാതിക്കാരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവിയുടെയും പോലീസ് സർജന്റെയും നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘമാണ് 2019 മാർച്ച് എട്ടിനു ജലീലിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തത്. ജലീലിന്റെ തലയ്ക്കു പിന്നിലെയും ചുമലിലെയും മുറിവുകൾ ദൂരെനിന്നു വെടിയേറ്റുണ്ടായതാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സംഭവ സ്ഥലത്തുനിന്നു കസ്റ്റഡിയിലെടുത്ത മുഴുവൻ സാമഗ്രികളും സമയബന്ധിതമായി കോടതിയിൽ സമർപ്പിക്കുകയും ഫോറൻസിക് പരിശോധനയ്ക്കു അയയ്ക്കുകയും ചെയ്തിട്ടുണ്ട്. 14 തോക്കുകളാണ് സംഭവ സ്ഥലത്തു പോലീസുകാരുടെ പക്കൽ ഉണ്ടായിരുന്നത്. ജലീലിന്റെ മരണത്തിൽ 2019 മാർച്ച് 11 ലെ സർക്കാർ ഉത്തവിന്റെ അടിസ്ഥാനത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടന്നതായും ക്രൈംബ്രഞ്ച് റിപ്പോർട്ടിൽ പറയുന്നു.
ഉപവൻ റിസോർട്ട് വളപ്പിൽ പോലീസിനു നേരേ നിറയൊഴിച്ചതു ജലീൽ അല്ലെന്നും കൂടെ ഉണ്ടായിരുന്ന ആളാണെന്നുമാണ് പോലീസിന്റെ നിലവിലെ വാദം. റിസോർട്ട് വളപ്പിൽ മാവോയിസ്റ്റുകൾ പോലീസിനു നേരെ വെടിവെച്ചപ്പോൾ ആത്മരക്ഷാർഥം നടത്തിയ പ്രത്യാക്രമണത്തിലാണ് ജലീൽ കൊല്ലപ്പെട്ടതെന്നാണ് പോലീസ് നേരത്തേ പറഞ്ഞത്. ജലീലിന്റെ മൃതദേഹത്തിനടുത്തുനിന്നു പോലീസ് കണ്ടെടുത്ത തോക്കിൽനിന്നു നിറയൊഴിഞ്ഞിട്ടില്ലെന്നാണ് ഫോറൻസിക് പരിശോധനാഫലം വ്യക്തമാക്കുന്നത്. പോലീസിനു മാസങ്ങൾ മുമ്പു ലഭിച്ച ഫോറൻസിക് റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. റിസോർട്ടിലെത്തിയ രണ്ടു മാവോവാദികളിൽ ആരാണ് പോലീസുകാർക്കു നേരെ നിറയൊഴിച്ചതെന്നു ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നില്ല.