കോട്ടയം - ജോസ് കെ. മാണി ചെയർമാനായുളള കേരള കോൺഗ്രസ് എമ്മിന്റെ ഇടതു പ്രവേശന ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക്. ഇടതുമുന്നണിയുടെ ഭാഗമാകുന്നതിന് മുമ്പ് തന്നെ രാജ്യസഭാ എം.പി സ്ഥാനം ജോസ് കെ. മാണി രാജിെവയ്ക്കും. വൈകാതെ തന്നെ ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ എം.പി വീരേന്ദ്രകുമാറിന്റെ രീതി പിന്തുടരാനാണ് ജോസ് കെ. മാണിയുടെ തീരുമാനം.
യു.ഡി.എഫിന് ലഭിച്ച രാജ്യസഭാ സീറ്റായതിനാലാണ് ഇത്. കൂടാതെ 2019 ലെ യു.ഡി.എഫ് പ്രവേശനത്തിനു മുന്നോടിയായി ഉണ്ടായ ധാരണയനുസരിച്ചാണ് രാജ്യസഭാ സീറ്റ് വിട്ടുനൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മാരത്തൺ ചർച്ചകളിലാണ് ഇടതുമുന്നണി പ്രവേശനം ഏറെക്കുറെ തീരുമാനിച്ചത്. ഇതനുസരിച്ച് കോട്ടയം ജില്ലയിൽ കെ.എം. മാണി ചെയർമാനായിരിക്കേ മത്സരിച്ച തദ്ദേശ സ്വയംഭരണ സീറ്റുകളിലെല്ലാം കേരള കോൺഗ്രസിന് മത്സരിക്കാൻ കഴിയും വിധമാണ് ധാരണ. നിയമസഭാ മണ്ഡലങ്ങളുടെ കാര്യത്തിലും ചർച്ച പൂർത്തിയായി എന്നാണ് അറിയുന്നത്.
രാജ്യസഭാ എം.പി സ്ഥാനം രാജിവെയ്ക്കുമെങ്കിലും ലോക്‌സഭാ എം.പി സ്ഥാനമോ എം.എൽ.എമാരോ സ്ഥാനത്യാഗം ചെയ്യില്ല. യു.ഡി.എഫ് സഖ്യത്തിന്റെ ഭാഗമായി ലഭിച്ച ഈ സ്ഥാനങ്ങൾ രാജിവെയ്‌ക്കേണ്ട എന്നാണ് നിലപാട്. ഘടക കക്ഷിയുടെ വോട്ട് യു.ഡി.എഫിനും കോൺഗ്രസ് വോട്ട് തിരിച്ചും ലഭിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും അതിനാൽ തന്നെ രാജി എന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നുമാണ് കേരള കോൺഗ്രസ് എം പറയുന്നത്. അങ്ങനെയെങ്കിൽ തങ്ങളുടെ പിന്തുണയിൽ ലഭിച്ച സീറ്റുകൾ കോൺഗ്രസും ഉപേക്ഷിക്കണമെന്നാണ് പാർട്ടിയുടെ നിലപാട്.
കേരള കോൺഗ്രസിന് പുതിയ മുഖം നൽകുന്ന രീതിയിലാണ് ജോസ് കെ. മാണി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന. പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ യു.ഡി.എഫിലേക്ക് ചേക്കേറുമ്പോഴും നേതൃത്വത്തിന് കുലുക്കമില്ല. അധികാരത്തിന്റെ തണൽ ഏറെ നാൾ ആസ്വദിച്ച നേതാക്കളുടെ കൊഴിഞ്ഞുപോക്ക് പാർട്ടിക്ക് കരുത്തേകുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ജോസഫ് പക്ഷത്തേക്ക് ഇനിയും നേതാക്കൾ ഒഴുകിയാലും അത്ഭുതപ്പെടാനില്ലെന്നാണ് ജോസ് പക്ഷത്തിന്റെ വിലയിരുത്തൽ. അതിന് തടയിടാനോ സ്ഥാനമാനങ്ങൾ ഓഫർ ചെയ്യാനോ തയാറല്ലെന്ന സൂചനയാണ് പാർട്ടി നേതൃത്വം നൽകിയിരിക്കുന്നത്. സി.പി.എം നേതൃത്വവും ഇത്തരത്തിലുളള സന്ദേശമാണ് കൈമാറിയിരിക്കുന്നത്. ജോസഫ് എം പുതുശേരിയുൾപ്പടെയുളള നേതാക്കൾ പാർട്ടി വിടുമെന്ന് നേരത്തെ തന്നെ സൂചന നൽകിയിരുന്നതാണ്.
കെ.എം. മാണിയെയെയും പാർട്ടിയെയും എന്നും ചതിച്ചിട്ടുളളത് കോൺഗ്രസാണെന്ന് നേതൃയോഗങ്ങളിൽ ജോസ് കെ. മാണിയുടെ വിശ്വസ്തർ ആവർത്തിച്ചുകഴിഞ്ഞു. കോട്ടയത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലാണ് കേരള കോൺഗ്രസ് എം മത്സരിച്ചിരുന്നത്. ഇതിൽ ചങ്ങനാശ്ശേരി, ഏറ്റുമാനൂർ മണ്ഡലങ്ങളിൽ സി.പി.എം മത്സരിക്കുന്ന സീറ്റുകളാണ്. ഏറ്റുമാനൂർ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റാണ്. അതിനാൽ ചങ്ങനാശ്ശേരി കേരള കോൺഗ്രസിന് വിട്ടു നൽകിയേക്കും. ഏറ്റുമാനൂരിന് പകരം പുതുപ്പള്ളിയോ പൂഞ്ഞാറോ നൽകും. ഇതോടെ അഞ്ചു മണ്ഡലങ്ങൾ കേരള കോൺഗ്രസിന് ലഭിക്കും. പാലാ ഇടതു ഘടക കക്ഷിയായ എൻ.സി.പിയുടെ കൈയിലാണ്. പാലാ കേരള കോൺഗ്രസ് എം തിരികെ ചോദിച്ചിട്ടുണ്ട്.
ഇക്കാര്യത്തിലുളള വൈകാരിക ബന്ധം സി.പി.എം നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. സി.പി.ഐയുടെ എതിർപ്പ് മയപ്പെടുത്തിയാണ് കേരള കോൺഗ്രസ് എമ്മിനെ ഇടതുമുന്നണിയിലേക്ക് എത്തിക്കാനുളള ചർച്ചകൾ പുരോഗമിക്കുന്നത്. സിപിഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി കേരള കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്. ഡോ.എൻ ജയരാജാണ് എം.എൽ.എ. സിറ്റിംഗ് സീറ്റുകളിൽ അതാത് ജനപ്രതിനിധികൾ മത്സരിക്കട്ടെയെന്നാണ് ധാരണ.