തിരുവനന്തപുരം- യുട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ വെള്ളായണി സ്വദേശി വിജയ് പി. നായരുടെ അക്കൌണ്ട് യുട്യൂബ് നീക്കം ചെയ്തു. സൈബർ സെൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. ഇയാളുടെ വീഡിയോകള്‍ നീക്കം ചെയ്ത ശേഷമാണ് അക്കൌണ്ട് തന്ന റദ്ദാക്കിയത്.
അശ്ലീല വീഡിയോക്ക് താഴെ നീക്കം ചെയ്യണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിരുന്നു. ഇയാളുടെ വീഡിയോകള്‍ ഇപ്പോൾ യുട്യൂബിൽ ലഭ്യമല്ല. മറ്റാരെങ്കലും ഇവ അപ്ലോഡ് ചെയ്യുന്നുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
തിങ്കളാഴ്ചയാണ് കല്ലിയൂരിലെ വീട്ടിൽനിന്ന് മ്യൂസിയം പോലീസ് വിജയ് പി നായരെ കസ്റ്റഡിയിലെടുത്ത് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾക്കെതിരെ ഐ.ടി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയിരുന്നു. ശ്രീലക്ഷ്മി അറയ്ക്കലിെൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ലൈംഗിക അധിക്ഷേപമുള്ള ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് ഐ.ടി ആക്ടിലെ 67, 67(എ) വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം പിഴയും 10 വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്.