കല്‍പറ്റ-ലക്കിടി ഉപവന്‍ റിസോര്‍ട്ട് വളപ്പില്‍ 2019 മാര്‍ച്ച് ആറിനു രാത്രി മാവോയിസ്റ്റ് സി.പി.ജലീല്‍(40)വെടിയേറ്റു മരിച്ച സംഭവത്തില്‍ പോലീസ് വാദം പൊളിഞ്ഞു.
മാവോയിസ്റ്റുകള്‍ നിറയൊഴിച്ചപ്പോള്‍ ആത്മരക്ഷാര്‍ഥം നടത്തിയ പ്രത്യാക്രമണത്തിലാണ് ജലീല്‍ മരിച്ചതെന്ന പോലീസ് വാദമാണ് ശരിയല്ലെന്നു തെളിഞ്ഞത്. ജലീലിന്റെ കൈവശമുണ്ടായിരുന്നതായി പോലീസ് പറയുന്ന തോക്കില്‍നിന്നു നിറയൊഴിഞ്ഞിട്ടില്ലെന്നാണ് ഫോറന്‍സിക് പരിശോധനാഫലം വ്യക്തമാക്കുന്നത്. ജലീലിനെ പോലീസ് ഏകപക്ഷീയമായി വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന ബന്ധുക്കളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ആരോപണം ശരിവെക്കുന്ന വിധത്തിലാണ് ഫോറന്‍സിക് പരിശോധനാഫലം. ജലീലിന്റെ കൈയില്‍ വെടിമരുന്നിന്റെ അംശം ഇല്ലെന്നും ഫോറന്‍സിക് പരിശോധനാഫലത്തിലുണ്ട്.ജലിലീന്റെ മരണത്തില്‍ സഹോദരന്‍ സി.പി. റഷീദ് പുനരന്വേഷണം ആവശ്യപ്പെട്ടു.
മലപ്പുറം പാണ്ടിക്കാട് വളരാട് ചെറുകപ്പുള്ളി ഹംസയുടെ മകനാണ് ജലീല്‍.വെടിവെപ്പുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ഫോറന്‍സിക് പരിശോധനാഫലങ്ങള്‍ പൂര്‍ണമായി ലഭിക്കുന്ന മുറയ്ക്കു കുറ്റപത്രസമര്‍പ്പണം ഉണ്ടാകും.
റിസോര്‍ട്ടിലെ റിസപ്ഷന്‍ കൗണ്ടറിനു കുറച്ചുമാറി കൃത്രിമ പാറക്കെട്ടില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലാണ് പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ ഡോക്യുമെന്റേഷന്‍ വിദഗ്ധനെന്നു പോലീസ് പറയുന്ന ജലീലിന്റെ മൃതദേഹം ഉണ്ടായിരുന്നത്.
പിറ്റേന്നു ഉച്ചയോടെ ഇന്‍ക്വസ്റ്റ് നടത്തിയശേഷമാണ് മൃതദേഹം കാണാന്‍ പോലീസ് മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചത്. മൃതദേഹത്തിനു സമീപം നാടന്‍ തോക്കും സഞ്ചിയും ചിതറിയ നിലയില്‍ കറന്‍സിയും ഉണ്ടായിരുന്നു.
ജലീലിന്റെ തലയ്ക്കു പിന്നിലും തോളിലുമാണ് വെടിയേറ്റത്. സംഭവം നടക്കുമ്പോള്‍ റിസോര്‍ട്ടില്‍ ജീവനക്കാരും 15 ഓളം അതിഥികളുമാണ് ഉണ്ടായിരുന്നത്.
രാത്രി 7.45നാണ് റിസോര്‍ട്ടില്‍ മാവോവാദി സംഘത്തിലെ രണ്ടു പേര്‍ എത്തിയത്.സെക്യൂരിറ്റി ജീവനക്കാരനുമായി സംസാരിച്ച ഇവര്‍ റിസപ്ഷന്‍ കൗണ്ടറിലെത്തി പത്തു പേര്‍ക്കുള്ള ഭക്ഷണവും പണവും ആവശ്യപ്പെട്ടു.
ഇടപാടുകള്‍ ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ മുഖേനയും മറ്റും ആയതിനാല്‍ ഈ സമയം കാഷ് കൗണ്ടറില്‍ ആയിരത്തില്‍ത്താഴെ രൂപയാണ് ഉണ്ടായിരുന്നത്. മാവോവാദികള്‍ ശാഠ്യംപിടിച്ചപ്പോള്‍ ജീവനക്കാര്‍ ചേര്‍ന്നു 10,000 രൂപ നല്‍കി. ഇതിനിടെ മനേജ്‌മെന്റില്‍പ്പെട്ടവര്‍ റിസോര്‍ട്ടില്‍ മാവോവാദികള്‍ എത്തി പണവും ഭക്ഷണവും ആവശ്യപ്പെട്ടവിവരം പോലീസിസില്‍ അറിയിച്ചു.
വൈത്തിരി ഭാഗത്തു നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളും ആന്റി നക്‌സല്‍ സ്‌ക്വാഡ് അംഗങ്ങളും വൈകാതെ വൈത്തിരി സി.ഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ റിസോര്‍ട്ടില്‍ എത്തുകയും തുടര്‍ന്നു വെടിവയ്പ്പ് നടക്കുകയുമായിരുന്നു.
ജലീലിനൊപ്പം റിസോര്‍ട്ടിലെത്തിയ മാവോവാദി സംഘാംഗത്തിനും വെടിയേറ്റതായി സൂചന ഉണ്ടായിരുന്നുവെങ്കിലും ഇയാളെ കണ്ടെത്താനും ആരാണെന്നു സ്ഥിരീകരിക്കാനും കഴിഞ്ഞിട്ടില്ല.റിസോര്‍ട്ട് വളപ്പില്‍നിന്നു വനത്തിലേക്കു തേയിലത്തോട്ടത്തിലൂടെയുള്ള വഴിയില്‍ രക്തപ്പാടുകള്‍ കണ്ടതാണ് മറ്റൊരാള്‍ക്കുകൂടി വെടിയേറ്റെന്ന പോലീസ് നിഗമനത്തിനു ആധാരം.
റിസോര്‍ട്ട് വളപ്പില്‍ പോലീസ് മാവോവാദികള്‍ക്കു നേരേ നിറയൊഴിച്ചത് ആത്മരക്ഷാര്‍ഥമാണെന്നു അന്നത്തെ ഐ.ജി ബല്‍റാംകുമാര്‍ ഉപാധ്യായയാണ് മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ ജലീലിനെ പോലീസ് ആസൂത്രിതമായി വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന നിലപാടിലായിരുന്നു ബന്ധുക്കളും മറ്റും.
റിസോര്‍ട്ട് ഉടമയും പോലീസും നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് വെടിവയ്‌പ്പെന്ന ആരോപണവും അവര്‍ ഉന്നയിക്കുകയുണ്ടായി. ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാര്‍ച്ച് 11നു സര്‍ക്കാര്‍ ഉത്തരവായതനുസരിച്ചു മജിസ്റ്റീരിയില്‍ അന്വേഷണം നടത്തിയിരുന്നു.അന്നത്തെ ജില്ലാ കലക്ടര്‍ എ.ആര്‍.അജയകുമാറിനായിരുന്നു അന്വേഷണച്ചുമതല.
പോലീസും മാവോവാദികളുമായി വയനാട്ടിലുണ്ടായ രണ്ടാമത്തെ ഏറ്റുമുട്ടലായിരുന്നു ലക്കിടിയിലേത്. 2014 ഡിസംബര്‍ ഏഴിനു വൈകുന്നേരം വടക്കേ വയനാട്ടിലെ കുഞ്ഞോം ചപ്പ കോളനിക്കു സമീപം വനത്തിലാണ് ആദ്യത്തെ ഏറ്റുമുട്ടല്‍ നടന്നത്.
അന്നു 16 അംഗ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ സംഘം വനത്തില്‍ വിശ്രമിക്കുമ്പോഴാണ് അവിചാരിതമായി മാവോസംഘം അതുവഴിയെത്തിയത്. കമാന്‍ഡോകള്‍ക്കുനേരേ മാവോ സംഘം നിറയൊഴിച്ചു. കാമാന്‍ഡോകള്‍ തിരിച്ചടിച്ചപ്പോള്‍ മാവോവാദികള്‍ ഓടി ഉള്‍വനത്തില്‍ മറയുകയായിരുന്നു.