Sorry, you need to enable JavaScript to visit this website.

മലബാർ കലാപം: ചരിത്ര വസ്തുതകളെ ഫാസിസ്റ്റുകൾ ഭയക്കുന്നു - മുനവ്വറലി ശിഹാബ് തങ്ങൾ 

ജിദ്ദ കോഡൂർ പഞ്ചായത്ത് കെ.എം.സി.സിയുടെ സഹകരണത്തോടെ പ്രസിദ്ധീകരിച്ച ആംഗ്ലോ മാപ്പിള യുദ്ധം 1921 എന്ന പുസ്തകത്തിന്റെ പ്രകാശനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു.

മലപ്പുറം-ഹിന്ദുക്കളും മുസ്‌ലിംകളും തോളോട് തോൾ ചേർന്ന് നടത്തിയ മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ കലാപത്തിന്റെ യഥാർത്ഥ വസ്തുതകൾ ജനങ്ങൾ അറിയുന്നത് ഫാസിസ്റ്റുകളെ ഭയപ്പെടുത്തുന്നുണ്ടെന്നും ഇതുകൊണ്ടാണ് സ്വാതന്ത്ര്യ സമര നായകരെ ഔദ്യോഗിക ചരിത്രരേഖകളിൽ നിന്നു നീക്കം ചെയ്യാൻ ആർ.എസ്.എസ് ശ്രമിക്കുന്നതെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.


പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായിരുന്ന പി.കെ അലവിക്കുട്ടി എന്ന എ.കെ കോഡൂർ രചിച്ച് ജിദ്ദ കോഡൂർ പഞ്ചായത്ത് കെ.എം.സി.സിയുടെ സഹകരണത്തോടെ ഗ്രെയ്‌സ് ബുക്‌സ് പ്രസിദ്ധീകരിച്ച ആംഗ്ലോ മാപ്പിള യുദ്ധം 1921 എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു  തങ്ങൾ. 1921-2021 ഖിലാഫത്ത് സമരത്തിന്റെ നൂറ് വർഷങ്ങൾ എന്ന പ്രൊജക്ടിൽ ഉൾപ്പെടുത്തിയാണ് ഈ ഗ്രന്ഥം ഗ്രെയ്‌സ് പ്രസിദ്ധീകരിച്ചത്. എ.കെ കോഡൂരിന്റെ മക്കളായ പി.കെ.കോമുക്കുട്ടി, മൊയ്തീൻ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. 1999 ലാണ് പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചത്. കിളിയമണ്ണിൽ ഫസലിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് രൂപീകരിച്ച 1921 വിപ്ലവ അനുസ്മരണ സമിതിയായിരുന്നു പ്രഥമ പ്രസാധകർ. ഇതിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഗ്രെയ്‌സ് ബുക്‌സ് പുറത്തിറക്കിയത്.
മലപ്പുറം കോഡൂർ സ്വദേശിയായ പി.കെ അലവിക്കുട്ടി മാപ്പിള സംസ്‌കാരവും സാഹിത്യവും ഒരു ഗവേഷണ വിഷയമായി കാണുകയും അതിലെ വസ്തുതകൾ ജനങ്ങളിലെത്തിക്കാൻ താൽപര്യപ്പെടുകയും ചെയ്ത എഴുത്തുകാരനും പത്രപ്രവർത്തകനും ആയിരുന്നു.


നിരവധി ആനുകാലികങ്ങളിൽ ലേഖനം എഴുതിയ അദ്ദേഹം മാപ്പിളനാട്, മലപ്പുറം ടൈംസ്, ലീഗ് ടൈംസ് എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. വാർത്ത ഏജൻസിയായ പി.ടി.എയുടെ മലപ്പുറം റിപ്പോർട്ടറായിരുന്നു. കോഡൂർ പഞ്ചായത്ത് മുൻ മെമ്പറാണ്. മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ കലാപത്തിൽ പങ്കെടുത്തവരെയും അതിന്റെ കെടുതികൾ അനുഭവിച്ച വരെയും നേരിട്ട് കണ്ടു സംസാരിച്ചും കലാപബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ചും ചരിത്രരേഖ പരിശോധിച്ചും ആണ് ഈ പുസ്തകത്തിന്റെ രചന നടത്തിയത്.


പ്രകാശന ചടങ്ങിൽ കിളിയമണ്ണിൽ ഫസൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി, ഗ്രെയ്‌സ് എജ്യുക്കേഷണൽ അസോസിയേഷൻ സെക്രട്ടറി മുജീബ് റഹ്മാൻ ടി, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് മുഹമ്മദ് കുട്ടി വി, ജനറൽ സെക്രട്ടറി കെ.എൻ.എ ഹമീദ് മാസ്റ്റർ, കെ.എം.സി.സി മലപ്പുറം ജില്ലാ ട്രഷറർ മജീദ് അരിമ്പ്ര, ഇഖ്ബാൽ എറമ്പത്ത്, കെഎംസിസി മലപ്പുറം മണ്ഡലം ജനറൽ സെക്രട്ടറി ജാഫർ അത്താണിക്കൽ, കെ.എം.സി.സി കോഡൂർ പഞ്ചായത്ത് പ്രസിഡന്റ് റഹീം ഫൈസി വലിയാട്, പി.സി മുഹമ്മദ് കുട്ടി മാസ്റ്റർ, ടി.റിയാസ് മോൻ സംബന്ധിച്ചു.

 

Latest News