ജിദ്ദ- അടുത്ത വർഷാരംഭം മുതൽ സൗദിയിലേക്ക് ടൂറിസ്റ്റ് വിസ പുനരാരംഭിക്കുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ് വ്യക്തമാക്കി. കോവിഡ് വ്യാപനം അവസാനിക്കുമെങ്കിൽ 2021 ന്റെ തുടക്കത്തിൽ തന്നെ ടൂറിസ്റ്റ് വിസകൾ നൽകിത്തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ഇതിനു മുമ്പ് കോവിഡിന് വാക്സിൻ കണ്ടെത്തുകയും ഫലപ്രദമാവുകയുമാണെങ്കിൽ വിസ ഇഷ്യൂ ചെയ്യൽ നേരത്തെയാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. റോയിട്ടർ ന്യൂസ് ഏജൻസിക്ക് ഓൺലൈൻ വഴി നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വിശദമാക്കിയത്.
ദേശീയ വരുമാന സ്രോതസ്സുകൾ വിപുലീകരിക്കുന്നതിനും പെട്രോൾ മേഖലയെ ആശ്രയിക്കുന്നത് കുറക്കുന്നതിനുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആസൂത്രണം ചെയ്ത വിഷൻ 2030 സാമ്പത്തിക പരിഷ്‌കരണ പദ്ധതിയുടെ ഭാഗമായാണ് രാജ്യം ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നത്. എന്നാൽ കോവിഡ്19 ടൂറിസം മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വർഷം 35 മുതൽ 40 ശതമാനം വരെ വിനോദ സഞ്ചാര മേഖലയിൽ ഇടിവ് സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ആഭ്യന്തര ടൂറിസം രംഗത്ത് അൽപം ഉണർവ് പ്രകടമായി -മന്ത്രി പറഞ്ഞു.
കോവിഡിനെ തുടർന്ന് പല മേഖലകളും അടച്ചു പൂട്ടേണ്ടി വന്നെങ്കിലും കഴിഞ്ഞ വേനൽ സീസണിൽ ആഭ്യന്തര ടൂറിസ രംഗം 30 ശതമാനം വളർച്ച നേടി. ഇത് തങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതലാണെന്നും മന്ത്രി പറഞ്ഞു. കോർണിഷുകളും രാജ്യത്തെ മലകളും കാടുകളും മറ്റു ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും കേന്ദ്രീകരിച്ച് വിവിധ പരിപാടികൾ കഴിഞ്ഞ വേനൽ സീസണിൽ ആവിഷ്‌കരിച്ചിരുന്നുവെന്നും അഹ്മദ് അൽഖത്തീബ് വിശദമാക്കി.
2019 സെപ്റ്റംബർ മുതലാണ് സൗദിയിലേക്ക് ടൂറിസ്റ്റ് വിസകൾ നൽകുന്നതിനു തുടക്കം കുറിച്ചത്. 49 രാജ്യങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വിസകൾ അനുവദിച്ചത്. മറ്റു രാജ്യങ്ങളിലെ പൗരന്മാർക്ക് ഘട്ടം ഘട്ടമായി ടുറിസ്റ്റ് വിസകൾ അനുവദിച്ച് തുടങ്ങും. 2030 ഓടെ ദേശീയ വരുമാനത്തിന്റെ 10 ശതമാനവും ടൂറിസം മേഖലയിൽ നിന്നാകുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ.