Sorry, you need to enable JavaScript to visit this website.

ഗൾഫിൽ ഏറ്റവും മികച്ച പ്രകടനം സൗദി ഓഹരി വിപണിയുടേത് 

റിയാദ്- കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂപ്പുകുത്തിയ ശേഷം ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് സൗദി ഓഹരി വിപണിയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സൗദി ഓഹരി വിപണി 38.2 ശതമാനം നേട്ടം കൈവരിച്ചു. കൊറോണ വ്യാപനത്തെ തുടർന്ന് നേരിട്ട നഷ്ടങ്ങൾ സൗദി ഓഹരി വിപണി ഏറെക്കുറെ നികത്താറായിട്ടുണ്ട്. കൊറോണയും ആഗോള വിപണിയിലെ എണ്ണ വിലയിടിച്ചിലും കാരണം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഗൾഫ് ഓഹരി വിപണികളും ആഗോള വിപണികളും വൻ തകർച്ച നേരിട്ടിരുന്നു. എണ്ണ വിലയിടിച്ചിലിന്റെ ഫലമായി, ആഗോള വിപണികളെ അപേക്ഷിച്ച് ഗൾഫ് വിപണികൾ കൂടുതൽ വലിയ തകർച്ച നേരിട്ടു. 


സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കും ഗ്രൂപ്പിനു പുറത്തുള്ള റഷ്യ അടക്കമുള്ള സ്വതന്ത്ര ഉൽപാദകരും പ്രതിദിന എണ്ണയുൽപാദനം 97 ലക്ഷം ബാരൽ തോതിൽ വെട്ടിക്കുറക്കാൻ ഏപ്രിലിൽ ധാരണയിലെത്തിയത് ആഗോള വിപണിയിൽ എണ്ണ വില മെച്ചപ്പെടാനും ഗൾഫ് ഓഹരി വിപണികൾ ഉണർവ് കൈവരിക്കാനും ഇടയാക്കി. കൊറോണ പ്രതിസന്ധി തരണം ചെയ്യാൻ ഗൾഫ് ഗവൺമെന്റുകൾ ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചതും ഓഹരി വിപണിയെ സ്വാധീനിച്ചു. 


ഇതിനു ശേഷം ഗൾഫ് ഓഹരി വിപണികൾ തുടർച്ചയായ നേട്ടം കൈവരിച്ചു. ഇക്കൂട്ടത്തിൽ ഏറ്റവും വലിയ നേട്ടം കൈവരിച്ചത് സൗദി ഓഹരി വിപണിയാണ്. സൗദി ഓഹരി വിപണി 38.2 ശതമാനം നേട്ടമുണ്ടാക്കി. രണ്ടാം സ്ഥാനത്തുള്ള ദുബായ് ഷെയർ മാർക്കറ്റ് 35.4 ശതമാനവും മൂന്നാം സ്ഥാനത്തുള്ള അബുദാബി ഓഹരി വിപണി 35.3 ശതമാനവും കുവൈത്ത് ഓഹരി വിപണി 33.5 ശതമാനവും ഖത്തർ ഓഹരി വിപണി 22.4 ശതമാനവും ബഹ്‌റൈൻ ഓഹരി വിപണി 18.2 ശതമാനവും മസ്‌കത്ത് ഓഹരി വിപണി 7.5 ശതമാനവും നേട്ടം കൈവരിച്ചു. 


ഈ വർഷം നേരിട്ട നഷ്ടം പൂർണമായും നികത്താൻ സൗദി ഓഹരി വിപണി 1.8 ശതമാനം കൂടി ഉയർന്നാൽ മതി. ഖത്തർ ഓഹരി വിപണിക്ക് ഇത് 6.1 ശതമാനവും മസ്‌കത്ത് ഓഹരി വിപണിക്ക് 9 ശതമാനവുമാണ്. നഷ്ടം നികത്താൻ കൂടുതൽ മുന്നേറേണ്ടത് ദുബായ് ഷെയർ മാർക്കറ്റാണ്. ഈ വർഷാദ്യത്തെ നിലയിലെത്താൻ ദുബായ് ഓഹരി വിപണി 18.5 ശതമാനവും അബുദാബി ഓഹരി വിപണി 11.9 ശതമാനവും കൂടി ഉയരേണ്ടതുണ്ട്. 


കൊറോണ മഹാമാരി പ്രതികൂലമായി ബാധിച്ചതിനെ തുടർന്ന് 2019 നെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ആഗോള വിപണിയിൽ എണ്ണ വില 80 ശതമാനം തോതിൽ കുറഞ്ഞിരുന്നു. ഏപ്രിലിൽ എണ്ണയുൽപാദനം വെട്ടിക്കുറക്കാനുള്ള കരാറുണ്ടാക്കിയതോടെ വിലയിടിച്ചിൽ 39 ശതമാനമായി കുറഞ്ഞു. ഒപെക് എണ്ണ ബാരലിന് 41.3 ഡോളറായി ഉയർന്നിട്ടുണ്ട്. ഏപ്രിലിൽ ഇത് 12.22 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു. 2019 അവസാനത്തിൽ എണ്ണ വില ബാരലിന് 68 ഡോളറായിരുന്നു. 


 

Latest News