അബുദാബി - വിസാ നിയന്ത്രണങ്ങള്‍ നീക്കിയതോടെ യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലേക്കും ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചു തുടങ്ങി.
അബുദാബി, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നീ ആറു എമിറേറ്റുകളിലും കഴിഞ്ഞ മാര്‍ച്ചിനുശേഷം ആദ്യമായാണ് സന്ദര്‍ശകരെ അനുവദിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഇവിടങ്ങളിലേക്കുള്ള ഓണ്‍ അറൈവല്‍ വിസകള്‍ നിര്‍ത്തിവച്ചിരുന്നത്. ദുബായ് മാത്രമാണ് ഇതിനു മുമ്പ് സഞ്ചാരികള്‍ക്ക് ഇതില്‍ ഇളവു നല്‍കിയിരുന്നത്.
വിനോദ സഞ്ചാര മേഖലയില്‍ ഉണര്‍വ് പ്രതീക്ഷിച്ചാണ് വീണ്ടും വിസ ഇഷ്യു ചെയ്യാന്‍ ആരംഭിച്ചത്. കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഷാര്‍ജയില്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള എല്ലാ യാത്രാ നിയന്ത്രണങ്ങളും നീക്കി. ഇനി മുതല്‍ കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റുമായി മുന്‍കൂട്ടി അനുമതി വാങ്ങാതെ ഷാര്‍ജ വിമാനത്താവളത്തില്‍ ഇറങ്ങാമെന്ന് അധികൃതര്‍ അറിയിച്ചു.
യാത്രക്കു 96 മണിക്കൂര്‍ മുമ്പുള്ള പരിശോധനയുടെ റിപ്പോര്‍ട്ട് കരുതണമെന്നും ദുരന്ത നിവാരണ സമിതി വ്യക്തമാക്കി. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ഷാര്‍ജ വിമാനത്താവളത്തില്‍ പരിശോധനയുണ്ടാകും. ഫലം വരുംവരെ ക്വാറന്റീനില്‍ കഴിയണം. ഫലം പോസിറ്റീവ് ആണെങ്കില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം- അധികൃതര്‍ വ്യക്തമാക്കി. ചികിത്സ, ഐസൊലേഷന്‍ എന്നിവക്ക് വരുന്ന ചെലവുകള്‍ വ്യക്തിയോ സ്‌പോണ്‍സറോ ആണ് വഹിക്കേണ്ടത്. ക്വാറന്റീന്‍ ചട്ടങ്ങള്‍ ലംഘിച്ചാല്‍ കര്‍ശനമായ നിയമനടപടികള്‍ നേരിടേണ്ടി വരും. യാത്രാ മാര്‍ഗനിര്‍ദേശങ്ങളും നടപടിക്രമങ്ങളും സമയാസമയങ്ങളില്‍ പുതുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.