റിയാദ് - പ്രീപെയ്ഡ് മൊബൈൽ ഫോൺ റീചാർജ് വ്യവസ്ഥകളിൽ ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സി.ഐ.ടി.സി) ഇളവ് വരുത്തുന്നു. തിരിച്ചറിയൽ കാർഡ് നമ്പർ നൽകണമെന്ന വ്യവസ്ഥയാണ് റദ്ദാക്കുന്നത്. മുഴുവൻ സിം കാർഡുകളും വിരലടയാളവുമായി ബന്ധിപ്പിച്ച സാഹചര്യത്തിലാണ് ഇത് ഒഴിവാക്കുന്നതെന്ന് കരുതുന്നു.
റീചാർജിന് ഇഖാമ നമ്പർ വേണമെന്ന വർഷങ്ങളായി നിലവിലുള്ള നിബന്ധന അടുത്ത മാസം 15 മുതൽ ഒഴിവാക്കും. ഇക്കാര്യം സി.ഐ.ടി.സി രാജ്യത്തെ ടെലികോം കമ്പനികളെ അറിയിച്ചിട്ടുണ്ട്. 2012 മുതലാണ് മൊബൈൽ ഫോൺ റീചാർജിന് തിരിച്ചറിയൽ കാർഡ് നമ്പർ നിർബന്ധമാക്കിയത്. സിം കാർഡ് രജിസ്റ്റർ ചെയ്ത അതേ തിരിച്ചറിയൽ കാർഡിന്റെ നമ്പറാണ് റീചാർജിന് നൽകേണ്ടത്.
മറ്റുള്ളവരുടെ പേരിൽ സംഘടിപ്പിക്കുന്ന മൊബൈൽ ഫോൺ കണക്ഷനുകൾക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നിബന്ധന നടപ്പാക്കിയത്. എന്നാൽ ഇത് മറികടക്കുന്നതിന് തിരിച്ചറിയൽ കാർഡ് നമ്പറുകൾ സഹിതം സിം കാർഡുകൾ വിൽപന നടത്തുന്ന പ്രവണത ഇതിനു ശേഷം ഉടലെടുത്തു.
ഇതോടെ രാജ്യത്തെ മുഴുവൻ സിം കാർഡുകളെയും യഥാർഥ ഉപയോക്താക്കളുടെ വിരലടയാളങ്ങളുമായി ബന്ധിപ്പിക്കുന്നതിന് അധികൃതർ നടപടി സ്വീകരിച്ചു.