Sorry, you need to enable JavaScript to visit this website.

എൻ.ഐ.എ സെക്രട്ടറിയേറ്റിനു ചുറ്റും കറങ്ങി നടക്കുന്നു -കാനം

തിരുവനന്തപുരം - സ്വർണക്കടത്തുകേസിൽ പുകമറ സൃഷ്ടിച്ച് സർക്കാറിനെതിരെ ഉപയോഗിക്കാനാണ് യു.ഡി.എഫ്, ബി.ജെ.പി ശ്രമമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സ്വർണക്കടത്തു കേസിൽ കേന്ദ്ര അന്വേഷണ ഏജൻസി സെക്രട്ടേറിയറ്റിനു ചുറ്റും കറങ്ങി നടക്കുകയാണ്. സ്വർണക്കടത്തുമായി സംസ്ഥാന ഗവൺമെന്റിന് ഒരു ബന്ധവുമില്ല. 
തിരുവനന്തപുരം വിമാനത്താവളത്തിൽ ആറുമാസത്തിനുള്ളിൽ 20 തവണ സ്വർണം വന്നതായാണ് റിപ്പോർട്ട്. കേന്ദ്രസർക്കാരിന്റെ കസ്റ്റംസാണ് അത് കണ്ടെത്തേണ്ടത്. സംസ്ഥാന സർക്കാരല്ല. യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ അവരെ ആരെയും ചോദ്യം ചെയ്യുന്നില്ല. യു.എ.ഇയിൽ പോയി വിമാനക്കൂലി കളഞ്ഞതല്ലാതെ ഒരു പ്രതിയെപ്പോലും കണ്ടെത്താനോ അറസ്റ്റു ചെയ്യാനോ, ചോദ്യം ചെയ്യാനോ എൻ.ഐ.എയ്ക്ക് കഴിഞ്ഞില്ല. അവരാണ് സെക്രട്ടേറിയറ്റിന് മുകളിൽക്കൂടി കാക്ക പറന്നെന്നു പറഞ്ഞ് സർക്കാരിനെ സംശയത്തിന്റെ നിഴലിൽ നിർത്താൻ ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസികളെയെല്ലാം രാഷ്ട്രീയ എതിരാളികളെ പ്രതിക്കൂട്ടിലാക്കാൻ ഉപയോഗിച്ച ചരിത്രമാണ് മോഡി സർക്കാരിനുള്ളത്. ഏറ്റവും ഒടുവിൽ രാജസ്ഥാനിലെ കോൺഗ്രസ് മന്ത്രിസഭയെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസിയെ ഉപയോഗിക്കുന്നതും നാം കണ്ടു. സി.ബി.ഐ രാജസ്ഥാനിലേക്ക് വരേണ്ടെന്ന് പറഞ്ഞത് അവിടുത്തെ കോൺഗ്രസ് നേതൃത്വമാണ്. എന്നാൽ ഏത് കേന്ദ്ര ഏജൻസിയും അന്വേഷിക്കട്ടേയെന്നുപറഞ്ഞ ഗവൺമെന്റാണ് കേരളത്തിലേത്. 


ഒരു മഹാമാരിയുടെ പിടിയിലമർന്ന് നിൽക്കുകയാണ് നമ്മുടെ സംസ്ഥാനം. ജനങ്ങളുടെ മനസ്സിൽ എൽ.ഡി.എഫ് സർക്കാരിനുള്ള പ്രതിച്ഛായ തച്ചുതകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് കോൺഗ്രസ് ഉൾപ്പെടുന്ന പ്രതിപക്ഷം തെരുവിൽ അക്രമസമരങ്ങളുമായി ഇറങ്ങിയത്. സമരം നിയന്ത്രിക്കുന്ന പോലീസുകാർക്കുവരെ അവർ കോവിഡ് പകർന്നു നൽകി. 


പത്രവാർത്തകളിലൂടെ ഗവൺമെന്റിന്റെ പ്രതിച്ഛായ തകർക്കാനാവില്ല. ഒരു മന്ത്രി എൻ.ഐ.എ ചോദ്യം ചെയ്യലിന് ഒളിച്ചുപോയത് ശരിയായില്ലായെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു. ഇതെല്ലാം ഓരോ വ്യക്തികൾ തീരുമാനിക്കേണ്ട കാര്യമാണ്. ജോസ് കെ. മാണിയുടെ പാർട്ടി ഇടതു മുന്നണിയിൽ പ്രവേശിക്കുന്നതിനെക്കുറിച്ച് അവർ ആദ്യം നിലപാട് വ്യക്തമാക്കട്ടെ. അതിന് ശേഷം ഇടതുമുന്നണി ഇക്കാര്യം ചർച്ച ചെയ്യും. ഐ.എൻ.എൽ അടക്കം പല കക്ഷികളും വർഷങ്ങളോളം മുന്നണിയുമായി സഹകരിച്ച് പ്രവർത്തിച്ചശേഷമാണ് എൽ.ഡി.എഫ് ഘടക കക്ഷിയായത്. ജോസ് കെ. മാണിയും കൂട്ടരും എൽ.ഡി.എഫിനോടൊപ്പം സഹകരിക്കാൻ തയാറായി വരുമ്പോൾ മുന്നണി അക്കാര്യം ആലോചിക്കും. അന്യന്റെ പറമ്പിലെ പുല്ല് കണ്ടിട്ട് പശുവിനെ വളർത്തുന്നവരല്ല എൽ.ഡി.എഫ്. ജനങ്ങളുടെ പിന്തുണയിൽ സർക്കാരിന് ഉറച്ച വിശ്വാസമുണ്ട്. ഇടത് നയവ്യതിയാനം സർക്കാരിനുണ്ടാവുമ്പോൾ അത് ചൂണ്ടിക്കാണിക്കാൻ സി.പി.ഐക്ക് ഒരു മടിയുമില്ലെന്നും കാനം പറഞ്ഞു.


ദേശീയ സംസ്ഥാന രാഷ്ട്രീയം ചർച്ചചെയ്യുമ്പോൾ എല്ലാ വിഷയങ്ങളും സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ ചർച്ചയ്ക്കുവരുമെന്നു കാനം അഭിപ്രായപ്പെട്ടു. അതിന്റെപേരിൽ സത്യവുമായി ഒരു ബന്ധവുമില്ലാത്ത വാർത്തകളാണ് ഇന്നലെ ചില പത്രങ്ങൾ പ്രചരിപ്പിച്ചത്. യോഗത്തിൽ നടന്ന കാര്യങ്ങൾ വാർത്താ സമ്മേളനം വിളിച്ച് വിശദീകരിക്കാറുണ്ട്. ചില പത്ര ലേഖകരുടെ മനോധർമമനുസരിച്ച് വാർത്തകൾ സൃഷ്ടിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രിക്കെതിരെ ഒരു വിമർശനവും എക്‌സി ക്യൂട്ടീവ് യോഗത്തിലുണ്ടായിട്ടില്ലെന്നും കാനം പറഞ്ഞു. 

 

Latest News