Sorry, you need to enable JavaScript to visit this website.

ലൈഫ് മിഷൻ ഇന്ത്യയിലെ ഭവന വിപ്ലവം -മുഖ്യമന്ത്രി

ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി മടവൂരിൽ നിർമിച്ചുനൽകുന്ന പാർപ്പിട സമുച്ചയങ്ങളുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി  പിണറായി വിജയൻ നിർവഹിക്കുന്നു.

ആലപ്പുഴ- 8068 കോടിരൂപയുടെ വീടുകളുടെ നിർമാണം നാട്ടിൽ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞ ലൈഫ് മിഷൻ, ഭവന നിർമാണ കാര്യത്തിൽ സ്വതന്ത്ര ഇന്ത്യയിൽ നടന്ന ഏറ്റവും മികച്ച പ്രവർത്തനങ്ങളിൽ ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അർഹരായ മുഴുവൻ ഭവനരഹിതർക്കും വീട് നൽകുന്ന ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി 29 ഭവന സമുച്ചയങ്ങളുടെ നിർമാണ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.  
ലൈഫ് മിഷൻ വഴി 101 ഭവന സമുച്ചയങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ 12 എണ്ണത്തിന്റെ  നിർമാണം വളരെ വേഗം പുരോഗമിക്കുകയാണ്. ഇപ്പോൾ ഉദ്ഘാടനം ചെയ്ത 29 ഭവന സമുച്ചയങ്ങളുടെ നിർമാണം പൂർത്തിയാകുന്നതോടെ 1285 കുടുംബങ്ങൾക്ക് സ്വന്തം വീട് എന്ന സ്വപ്‌നം യാഥാർഥ്യമാകും.  കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കണ്ണൂരിൽ നാലും എറണാകുളം, കോഴിക്കോട്, കൊല്ലം ജില്ലകളിൽ മൂന്നും മറ്റു ജില്ലകളിൽ ഒന്നും രണ്ടും വീതം ഭവന സമുച്ചയങ്ങളാണ് നിർമിക്കുന്നത്. 181.22 കോടി രൂപ ചെലവഴിച്ച് ഒരു വർഷത്തിനുള്ളിൽ ഭവന സമുച്ചയങ്ങൾ പൂർത്തിയാക്കും.  
സ്വന്തമായി വീടില്ലാത്ത ആരും സംസ്ഥാനത്ത് ഉണ്ടാകരുത് എന്നാണ് ലൈഫ് പദ്ധതി വിഭാവനം ചെയ്യുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങൾ മികച്ച പ്രവർത്തനമാണ് ഇക്കാര്യത്തിൽ കാഴ്ചവെച്ചത്. ഇതുവരെ 2,26,518 കുടുംബങ്ങൾക്ക് ലൈഫ് മിഷൻ വഴി  സ്വന്തം വീടുകളിലേക്ക് താമസം മാറ്റാനായി. 
ഒന്നരലക്ഷം വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ലൈഫ് മിഷന് ഒന്നാം ഘട്ടത്തിൽ 676 കോടി രൂപ ചെലവിട്ട് 52,307 വീടുകളുടെ നിർമാണം പൂർത്തിയാക്കി. രാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരായ 81,840 ഗുണഭോക്താക്കൾക്ക് വീട് പൂർത്തിയാക്കി. കേന്ദ്ര-സംസ്ഥാന പദ്ധതികളെ യോജിപ്പിച്ചും സർക്കാർ വിഹിതവും വായ്പയും ചേർത്തും സന്മനസ്സുകളുടെ സഹകരണത്തോടെയുമാണ് ഇത്രയും ബൃഹത്തായ പദ്ധതി യാഥാർഥ്യമായത്. സഹകരണ വകുപ്പ്, പട്ടികജാതി പട്ടികവർഗ വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവയും കാര്യമായി മുന്നോട്ടുവന്ന് പ്രവർത്തിച്ചു. നിലവിൽ സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത 1,35,769 ഗുണഭോക്താക്കളെ വീടിന് അർഹരായി കത്തെിയിട്ടുണ്ട്. ഇതിൽ 1761 കുടുംബങ്ങൾക്ക് വീട് പൂർത്തീകരിച്ചു കഴിഞ്ഞു. 
പൈലറ്റ് പ്രോജക്ട് ആയി ഇടുക്കി അടിമാലിയിൽ സമുച്ചയ നിർമാണം പൂർത്തിയാക്കി അടിമാലി പഞ്ചായത്തിന് കൈമാറിക്കഴിഞ്ഞു. 163 ഗുണഭോക്താക്കൾ ഇവിടെ താമസമാക്കി. 
ലൈഫ് മിഷനെതിരെയുള്ള ആരോപണങ്ങൾ ഭയന്നു ജനോപകാരപ്രദമായ പദ്ധതി സർക്കാർ ഉപേക്ഷിക്കില്ല. ചിലർ ലൈഫ് മിഷൻ പദ്ധതിയെ ഇടിച്ചു താഴ്ത്താൻ ശ്രമിക്കുന്നു.  ലൈഫിനെതിരെ കാര്യമായ നുണപ്രചരണങ്ങളും നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.  


മൂന്നാം ഘട്ടത്തിലെ ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കൾക്കായി മണ്ണഞ്ചേരി കണ്ണാട്ടുകടവിൽ നിർമിക്കുന്ന ഭവന സമുച്ചയത്തിന്റെ  നിർമാണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പാർപ്പിട പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞു. 
നാലോ അഞ്ചോ ലക്ഷം വീടുകൾ കൂടി നിർമിച്ചു കഴിഞ്ഞാൽ സംസ്ഥാനത്തെ പാർപ്പിട പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കേവലം കെട്ടിടസമുച്ചയം ഉണ്ടാക്കുക മാത്രമല്ല ജനങ്ങൾക്കുള്ള ജീവിതസാഹചര്യം കൂടി സർക്കാർ ഒരുക്കി നൽകുകയാണെന്നും മന്ത്രി പറഞ്ഞു. വൻ ജനപങ്കാളിത്തം പദ്ധതിയുടെ വിജയത്തിന് അനിവാര്യമാണെന്നും അതിന് എല്ലാവരും സഹകരിക്കണമെന്നും പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു. എ.എം. ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, ലൈഫ്മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.പി. ഉദയസിംഹൻ, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സന്തോഷ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം പി.എ. ജുമൈലത്ത്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു രതികുമാർ, ലൈഫ് പ്രോജക്ട് ഡയറക്ടർ എ. പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു. 

 

 

Latest News