തിരുവനന്തപുരം- ബാർക്കോഴക്കേസ് വെറുമൊരു പുകമറ ആണെന്ന് അറിഞ്ഞുകൊണ്ടാണ് അക്കാലത്ത് ധനമന്ത്രിയായിരുന്ന കെ.എം മാണിക്കെതിരെ സമരം നടത്തിയിരുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. കേരളകൗമുദി ഫഌഷിന് നൽകിയ അഭിമുഖത്തിലാണ് വിജയരാഘവന്റെ വെളിപ്പെടുത്തൽ. മാണിയിലൂടെ യു.ഡി.എഫിനെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം. നോട്ടെണ്ണുന്ന മെഷീൻ മാണിയുടെ വീട്ടിലുണ്ടെന്ന പ്രചാരണം അഴിച്ചുവിട്ടത് രാഷ്ട്രീയ ലക്ഷ്യംവച്ചായിരുന്നു. ബാർകോഴ ഇടപാട് നടന്നിട്ടില്ലെന്ന് സി.പി.എമ്മിന് ഉത്തമബോധ്യമുണ്ടായിരുന്നു. എന്നിട്ടും പലതരത്തിലുള്ള പ്രചരണങ്ങൾ അഴിച്ചുവിട്ടത് തെറ്റായിരുന്നെന്ന് അറിയാമായിരുന്നെന്നും വിജയരാഘവൻ പറഞ്ഞു.
യു.ഡി.എഫിനെതിരെ സമരം നടത്തിയപ്പോൾ അന്ന് കെ.എം മാണിയേ മാത്രമേ ആയുധമായി കിട്ടിയുള്ളൂ. അതുകൊണ്ടാണ് അങ്ങനെയൊക്കെ പറയേണ്ടിവന്നത്. അതൊന്നും വ്യക്തിപരമല്ലായിരുന്നു. കെ.എം മാണി മരിച്ചതോടെ ബാർകോഴ വിവാദങ്ങൾ അവസാനിച്ചു. മരിച്ചയാളെ കുറിച്ച് നല്ല കാര്യങ്ങളാണ് പറയേണ്ടത്. കെ.കരുണാകരനെതിരെ നിരവധി ആക്ഷേപങ്ങൾ സി.പി.എം ഉന്നയിച്ചിരുന്നു. അദ്ദേഹം മരിച്ച ശേഷം ഇതുവരെ ഒരാക്ഷേപവും ഉന്നയിച്ചിട്ടില്ല. രാഷ്ട്രീയത്തിൽ ഇത്തരം സംഭവങ്ങൾ സ്വാഭാവികമാണ്. ജോസ് കെ.മാണിയെ ഇടത് മുന്നണിയിൽ എടുക്കുന്നതിനോട് സി.പി.എമ്മിന് നൂറ് ശതമാനം യോജിപ്പാണ്. പല വിഷയങ്ങളിലും അവർ സ്വീകരിക്കുന്ന നിലപാട് സ്വാഗതാർഹമാണ്. കർഷക ബില്ലിനെതിരായി ഇടത് എം.പിമാർ പാർലമെന്റിൽ നടത്തിയ സമരത്തിൽ ജോസ് കെ. മാണി പങ്കെടുത്തത് പോസിറ്റീവായ സമീപനമാണ്. സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിലും അത്തരം സമീപനം ഉണ്ടായി. ജോസിനെ മുന്നണിയിൽ എടുക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ല.
ജോസ്.കെ മാണി വിഭാഗത്തെ അടർത്തിയെടുക്കുക വഴി യു.ഡി.എഫിനെ ദുർബലപ്പെടുത്തുകയാണ് ലക്ഷ്യം. ഇക്കാര്യത്തിൽ സി.പി.ഐയ്ക്ക് അവരുടേതായ നിലപാടുകൾ ഉണ്ടാകും. തുടർഭരണം വേണം. അതിന് മുന്നോടിയായി യു.ഡി.എഫിലെ പ്രബല കക്ഷിയുടെ വരവ് കേരള രാഷ്ട്രീയത്തിലെ വലിയ സംഭവമാണ്. പാർലമെന്ററി ജനാധിപത്യത്തിന്റെ അടിത്തറ തകർക്കപ്പെട്ടെന്ന് മനസ്സിലായപ്പോഴാണ് ജോസ്. കെ.മാണി ഇടത് എം.പിമാർക്കൊപ്പം സമരത്തിനിറങ്ങിയതെന്നും വിജയരാഘവൻ പറഞ്ഞു. അതേസമയം, നോട്ടെണ്ണുന്ന യന്ത്രത്തെ പറ്റി താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് പിന്നീട് വിജയരാഘവൻ പ്രസ്താവനയിറക്കി.