അധികാരത്തിന്റെ അഹങ്കാരത്തിൽ എന്തുമാകാം എന്ന അവസ്ഥയിലേക്ക് കേരളം വളർന്നു കഴിഞ്ഞിരിക്കുന്നു- ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലുണ്ടാകുന്ന സ്ഥിതിവിശേഷം. ശബ്ദഘോഷങ്ങളില്ലാതെയാണ് എല്ലാതരം അനീതികളും കൊടികുത്തി വാഴുന്നതെന്നതാണ് മറ്റൊരു ദൗർഭാഗ്യം. ഏറ്റവും അവസാനം സംഭവിച്ച ഒരു കൊടും തോന്ന്യാസത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത് -ഹൈക്കോടതി ഉത്തരവുപ്രകാരം പുനരന്വേഷണം നടത്തിയ കേരള സർവകലാശാലാ അസിസ്റ്റന്റ് നിയമനം തെളിവില്ലെന്ന പേരിൽ ക്രൈംബ്രാഞ്ച് ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നു! കേസ് നിലനിൽക്കില്ലെന്ന് നിയമോപദേശമുണ്ടെന്ന് പറഞ്ഞാണ് അന്വേഷണം അവസാനിപ്പിച്ചത്. ആരുടെ നിയമോപദേശം, എന്ത് നിയമോപദേശമൊന്നൊന്നും ആരും ചോദിക്കരുത്. പരാതിക്കാരെ പോലും അറിയിക്കാതെ ഒരു തീരുമാനമങ്ങെടുത്തു. കാറ്റുള്ള നേരം നോക്കി അതങ്ങ് നടപ്പാക്കി- എങ്ങിനെയുണ്ട് കരളുറപ്പുള്ള കേരളം ? ഇത്രയും കാലം ഈ വിഷയത്തിൽ നടന്ന നിയമപരവും അല്ലാത്തതുമായ പോരാട്ടങ്ങളൊക്കെ എന്തിനായിരുന്നുവെന്നാണ് ഇനി സർക്കാർ വിശദീകരിക്കാൻ പോകുന്നതെന്നാർക്കറിയാം.
ചെറുപ്പക്കാർക്ക് തൊഴിൽ നൽകാനുള്ള സംവിധാനങ്ങളെ നോക്കുകുത്തിയാക്കി സർവകലാശാലയിലെ അസിസ്റ്റന്റ് പദവികൾ തങ്ങളുടെ ഇഷ്ടക്കാർക്കായി വീതം വെച്ചുകൊടുത്ത അനീതിക്കൊപ്പമാണ് സർക്കാർ സംവിധാനം എന്ന് പുതിയ നടപടിയിലൂടെ അവർ ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്. അനർഹമായി തൊഴിൽ നേടിയവരോടൊപ്പമാണ് ഭരണ സംവിധാനം എന്ന പ്രഖ്യാപനം തൊഴിലില്ലാതെ പുറത്ത് നിൽക്കുന്നവരിലുണ്ടാക്കുന്ന വികാരം എന്ത് മാത്രം നിരാശനിറഞ്ഞതായിരിക്കുമെന്ന് ആരെങ്കിലും ആലോചിക്കുന്നുണ്ടോ?
സ്വജനപക്ഷപാതം, അധികാര ദുർവിനിയോഗം, അഴിമതി എന്നിവയെല്ലാം നടന്നതായി ലോകായുക്ത കണ്ടെത്തിയ കേസിലെ തെളിവുകളാണ് ഇപ്പോൾ എങ്ങോപോയ് മറിഞ്ഞിരിക്കുന്നത്. നിയമനങ്ങളിലും, റാങ്ക് പട്ടിക തയ്യാറാക്കിയതിലും, വ്യാപകക്രമക്കേടും, അധികാര ദുർവിനിയോഗവും അഴിമതിയും നടന്നുവെന്നും, ഉത്തരവാദികൾക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്നും റാങ്ക് പട്ടിക റദ്ദാക്കണമെന്നും, യൂണിവേഴ്‌സിറ്റി നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്നും ലോകായുക്ത ജസ്റ്റിസ് എൻ.കൃഷ്ണൻ നായരും, ഹൈക്കോടതി നിയമിച്ച ജഡ്ജ് സുകുമാരൻ കമ്മീഷനും, ലോകായുക്ത ജസ്റ്റിസ് ജി.ശശിധരനും, അവരുടെ റിപ്പോർട്ടുകളിലൂടെ വിധിച്ചതാണ്.
തന്റെ മുന്നിലെത്തുന്ന കേസുകളിൽ മുൻപിൻ നോക്കാതെ വിധിയെഴുതുന്ന ജഡ്ജിയായ കെമാൽ പാഷ സർവീസിലുള്ള കാലത്ത് ഈ കേസിൽ ചില നിലപാടുകളെടുത്തിട്ടുണ്ട്. ആദ്യം സമർപ്പിച്ച കുറ്റപത്രത്തിലെ പിഴവുകളെല്ലാം അദ്ദേഹം എടുത്തു കാണിച്ചിരുന്നു. നിയമനം കിട്ടിയവരെയും പ്രതിയാക്കി അന്വേഷണംനടത്താനും ഉത്തരക്കടലാസുകൾ എങ്ങനെ നഷ്ടമായെന്നുകണ്ടെത്താനും അന്ന് കോടതി ഉത്തരവിട്ടിരുന്നതാണ്. പരീക്ഷ എഴുതാത്തവരെയും അഭിമുഖത്തിൽ പങ്കെടുപ്പിക്കാൻ മാത്രം ധൈര്യം കാണിച്ചവരാണ് കേസിന്റെ മറുപക്ഷത്തുള്ളത്. മൂല്യനിർണയത്തിനയച്ച ഉത്തരക്കടലാസുകളിലും വലിയ തട്ടിപ്പ് നടന്നു. ഉത്തരകടലാസിൽ വന്ന കുറവാണ് ക്രമക്കേട് ശരിവെക്കുന്ന ഏറ്റവും വലിയ തെളിവ്. ഇതെല്ലാം അന്വേഷണസംഘം കണ്ടെത്തിയതാണ്. തട്ടിപ്പിന്റെ കാര്യത്തിൽ ആദ്യഘട്ട അന്വേഷണ സംഘത്തിന് ഒരു സംശയവുമുണ്ടായിരുന്നില്ല. ക്രൈംബ്രാഞ്ചിന്റെ ആദ്യകുറ്റപത്രം നോക്കുന്ന ആർക്കും അത് ബോധ്യപ്പെടും. പക്ഷെ അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് തെളിവുകളെല്ലാം ഓരോന്നായി ഇല്ലാതായിക്കൊണ്ടിരുന്നു. ഇപ്പോൾ തെളിവെല്ലാം നശിപ്പിക്കാനായി എന്ന ആത്മ വിശ്വാസത്തിലായിരിക്കും, തട്ടിപ്പുകാർ. ശത്രു ഒരിക്കലും ഉറങ്ങുന്നില്ല എന്ന തത്വം ഈ കേസിന്റെ കാര്യത്തിലും ഏറെ ശരിയായിരിക്കുന്നു.
പുനരന്വേഷണം നടത്തി തെളിവ് നശിപ്പിക്കാനാവും എന്നനിന്ദ്യപാഠവും ഈ കേസ് കേരളത്തിന് പറഞ്ഞു തരുന്നുണ്ട്. കേരള സർവ കലാശാലയുടെ ഒരു കാലത്തെ തലയെടുപ്പ് എന്തായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. ഇപ്പറഞ്ഞ ഔന്നത്യമൊക്കെപോകട്ടെ , സാമാന്യ നിലവാരം പോലും നിലനിർത്താൻ സാധിക്കാത്ത നിലവാരത്തിലെത്തിയ സർവകലാശാലയുടെ അവസ്ഥയെക്കുറിച്ച് ഒരാൾക്കും ഒരു ചിന്തയുമില്ലാതായിപ്പോയിരിക്കുന്നു. എന്തായാലെന്താ എന്ന നിസ്സംഗഭാവത്തിലാണ് സമൂഹം. സർവകലാശാലയിൽ ജോലിയെടുക്കുന്നവർ തൊഴിൽ തട്ടിപ്പ് വഴി പദവിയിൽ കയറിയവരാണെന്ന് വരുന്ന അവസ്ഥയെ നാണക്കേടെന്ന് വിളിച്ചാൽ ആ പദം പോലും നാണം കെട്ട് പോകും. വ്യാജമായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർ ഭരിക്കുന്ന സർവകലാശാലയിൽ നിന്ന് നേരും നെറിയും പ്രതീക്ഷിക്കാൻ ആർക്കും സാധിക്കില്ല. രാഷ്ട്രീയ യജമാനന്മാരുടെ ചൊൽപ്പടിക്കൊത്ത് മാത്രമെ ഇപ്പറഞ്ഞ ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ മുന്നോട്ട് നീക്കാനാവൂ. കേരള യൂണിവേഴ്‌സിറ്റിയിൽ നടന്ന നെറികേടിനുമുന്നിൽ കേരളം തോറ്റു പോയാൽ അത് ഭാവി തലമുറയോട് ചെയ്യുന്ന വലിയ അപരാധമാകും.
ഉറക്കമൊഴിഞ്ഞ് പഠിച്ച് വലിയ പ്രതീക്ഷയോടെ പരീക്ഷയെഴുതി പാസാകുന്നവർ വഞ്ചിക്കപ്പെടുക വഴി തോറ്റു പോകുന്നത് കേരള ജനതയാണ്. കേരള യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് നിയമനത്തട്ടിപ്പ് പുനരന്വേഷിക്കുക എന്നത് കേരളത്തിന്റെ പൊതു ആവശ്യമായി മാറേണ്ടിയിരിക്കുന്നു.