തിരുവനന്തപുരം- കോവിഡ് പരിശോധനയില്‍ പോസിറ്റീവ് സ്ഥരീകരിച്ച കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് വിവാദത്തില്‍.
കോവിഡ് പരിശോധന നടത്തുന്നതിനായി അഭിജിത്ത് നല്‍കിയത് വ്യാജ വിലാസമാണെന്ന് ആരോപിച്ച് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പോലീസില്‍ പരാതി നല്‍കിയതിനെ തുടർന്നാണ് സംഭവം വിവാദമായത്.
കെഎസ്യു സംസ്ഥാന സെക്രട്ടറി ബാഹുല്കൃഷ്ണയ്ക്കൊപ്പമാണ് അഭിജിത്തിന് പരിശോധന നടത്തിയത്.
പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പള്ളി എൽപി സ്കൂളിൽ നടത്തിയ കോവിഡ് പരിശോധനയ്ക്കാണ് ഇരുവരും എത്തിയിരുന്നത്. ഇരുവരും പരിശോധനയ്ക്ക് നൽകിയത് ബാഹുൽകൃഷ്ണയുടെ പ്ലാമൂട്, തിരുവോണം എന്ന വിലാസമാണ്.
സ്കൂളിൽ 48 പേരെ പരിശോധിച്ചപ്പോൾ 19 പേർക്ക് ഫലം പോസിറ്റീവായി. ഇതിൽ പ്ലാമൂട് വാർഡിലെ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചതിൽ രണ്ടുപേരെ കണ്ടെത്താനേ സാധിച്ചുള്ളു. മൂന്നാമത്തെ, പ്ലാമൂട് തിരുവോണം എന്ന വിലാസക്കാരനെ അന്വേഷിച്ചപ്പോൾ ഈ വിലാസത്തിൽ ഇങ്ങനെയൊരാളില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർക്ക് വിവരം ലഭിച്ചത്.
തുടർന്ന് പരിശോധനയ്ക്കെത്തിയ ആൾ വ്യാജപേരും മേൽവിലാസവുമാണ് നൽകിയതെന്നും ഇയാളെ കണ്ടെത്തെണമെന്നും ആവശ്യപ്പെട്ട് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ പോത്തൻകോട് പോലീസിൽ പരാതി നൽകുകയായിരുന്നു.
പിന്നീട് രാത്രിയോടെയാണ് വ്യാജമേൽവിലാസം നൽകിയ വ്യക്തി കെ.എം. അഭിജിത്താണെന്ന് തിരിച്ചറിഞ്ഞത്. തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് അഭിജിത്ത് അറിയിക്കുകയും ചെയ്തു. കെ.എം. അഭി എന്ന പേരാണ് നല്‍കിയിരുന്നത്.
സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ വിവധ സമരങ്ങളിൽ അഭിജിത്ത് പങ്കെടുത്തിരുന്നു.