Sorry, you need to enable JavaScript to visit this website.

കേരളത്തിനു ഭീഷണി കോവിഡ് മാത്രമല്ല, ദുരന്തങ്ങളിൽ  പ്രതീക്ഷയർപ്പിക്കുന്ന പ്രതിപക്ഷവും -എം. സ്വരാജ് 

ജിദ്ദ നവോദയ അനാകിഷ് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച വെബിനാറിൽനിന്ന്.

ജിദ്ദ - കേരളത്തിലെ ജനങ്ങൾ കോവിഡും ബി.ജെ.പിയും കോൺഗ്രസും ലീഗും ഉൾപ്പെടെയുള്ള ഭീഷണിയുടെ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന് എം. സ്വാരാജ് എം.എൽ.എ അഭിപ്രായപ്പെട്ടു. ജിദ്ദ നവോദയ അനാകിഷ് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുത്തു സംസാരിക്കുകയാരിന്നു അദ്ദേഹം. ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ഒന്നടങ്കം ഭീഷണിയായ ഒരു മഹാമാരിയുടെ മുമ്പിൽ തെല്ലൊരു ആശ്വാസം പോലെ പിടിച്ചു നിൽക്കുന്നത് കേരളം മാത്രമാണ്. ആയിരങ്ങൾ മരിച്ചു വീഴുന്ന ഇതര സംസ്ഥാനങ്ങൾക്കൊക്കെ ഇടയിൽ മരണ സംഖ്യ പരമാവധി പിടിച്ചു നിർത്തുന്നതിൽ കേരളം വിജയിച്ചിരിക്കുകയാണ്. 


മറ്റു പ്രേദേശങ്ങളിലെ ഭരണാധികാരികൾക്ക് കോവിഡിനെ മാത്രം പ്രതിരോധിച്ചാൽ മതി. പക്ഷെ കേരളത്തിലെ സ്ഥിതി അതല്ല. ഇവിടെ ധാർമികത ഇല്ലാത്ത ബി.ജെ.പി, കോൺഗ്രസ്, ലീഗ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തെയും പ്രതിരോധിക്കേണ്ടിയിരിക്കുന്നു. കേരളം എങ്ങിനെയെങ്കിലും തകരണം എന്നാഗ്രഹിക്കുന്ന ഒരു വലതുപക്ഷ രാഷ്ട്രീയ നേതൃത്വമായി കേരളത്തിലെ പ്രതിപക്ഷം അധഃപതിച്ചു. ആയിരക്കണക്കിന് ആളുകൾ മരിച്ചു വീഴുന്ന ഒരു സ്ഥലമായി കേരളം മാറണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ അത് പ്രചാരണമാക്കി ഇവിടെ ജയിക്കാൻ കഴിയുമോ എന്നാണ് അവർ നോക്കുന്നത്. പ്രതിപക്ഷത്തിന്റെ ഏക പ്രതീക്ഷ ഇപ്പോൾ ദുരന്തങ്ങളാണ്. കോവിഡിനെ കേരളം വളരെ ഫലപ്രദമായി പ്രതിരോധിക്കുന്നത് അവർക്ക് ഇഷ്ടപ്പെടുന്നില്ല.

അതിനിടയിൽ അവർക്ക് വീണുകിട്ടിയ ഒരായുധമാണ് സ്വർണ കള്ളക്കടത്ത്. അവർ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്നു. നമ്മൾ എല്ലാ അന്യോഷണങ്ങളെയും സ്വാഗതം ചെയ്യുന്നു. 
ഒരു കടക്മണിയോളമെങ്കിലും തെറ്റ് കേരളത്തിലെ സർക്കാരോ മന്ത്രിമാരോ ചെയ്തിട്ടില്ല എന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്. എല്ലാ വിധ അന്വേഷണങ്ങളും നടക്കട്ടെ, ഉമ്മൻചാണ്ടിയെപ്പോലെ ഒന്നും മനഃസാക്ഷിക്കോടതിക്ക് ഞങ്ങൾ വിടുന്നില്ല. കള്ളക്കടത്തിന്റെ പിന്നിലുള്ള എല്ലാവരും പിടിക്കപ്പെടണമെന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്. എന്നാൽ പ്രതിപക്ഷവും ബി.ജെ.പിയും കേരളത്തിൽ ഇപ്പോൾ ഇതിന്റെ പേരിൽ സമരാഭാസങ്ങളാണ് നടത്തുന്നത്. എത്രയോ ജനകീയ പ്രക്ഷോഭങ്ങൾക്ക് വേദിയായ നാടാണ് കേരളം, പക്ഷെ അതെല്ലാം ജനങ്ങളുടെ കാതലായ പ്രശനങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു. ഇപ്പോഴത്തെ സമരം മഷിക്കുപ്പിയുമായി നടത്തുന്ന ആഭാസ സമരമാണ്. സമരങ്ങളിൽ പോലീസിന് നേരേ ആക്രണമുണ്ടായാൽ പോലീസ് പ്രതികരിക്കും. എന്നിട്ട് പോലീസ് ആക്രമിച്ചു എന്ന് മാധ്യമങ്ങളുടെ പിന്തുണയോടെ അവർ വിളിച്ചു പറയും. 


വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിൽ വീണ്ടും ഇടതുപക്ഷം അധികാരത്തിൽ വരാൻ സാധ്യതയുണ്ടെന്ന തിരിച്ചറിവാണ് മഷിക്കുപ്പിയും കൊണ്ടുള്ള ഈ ആഭാസ സമരത്തിന് കാരണം. അവക്ക് എങ്ങനെയെങ്കിലും കേരളത്തിലെ സർക്കാരിനെ അട്ടിമറിക്കണം. ഈ ആഭാസ സമരങ്ങളിലൂടെ കേരളത്തിൽ കോലീബി സഖ്യം ഉരുത്തിരിഞ്ഞു വന്നിരിക്കുകയാണ്. ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും അവർ ഇത് തുടരാനുള്ള സാധ്യതയാണ് കാണുന്നത്. നാലര വർഷത്തിലെ ഭരണത്തിനിടയിൽ ജനങ്ങൾക്ക് കൊടുത്ത മഹാഭൂരിപക്ഷം വാഗ്ദാനങ്ങളൂം നിറവേറ്റിയ സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.  


വെബിനാർ നവോദയ രക്ഷാധികാരി വി.കെ റഊഫ് ഉദ്ഘാടനം ചെയ്തു. ഏരിയാ രക്ഷാധികാരി ജലീൽ ഉച്ചാരക്കടവ് അധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡന്റ് മുസാഫർ പാണക്കാട് സ്വാഗതവും ഏരിയാ സെക്രട്ടറി സുനിൽ കുമാർ നന്ദിയും പറഞ്ഞു. 
നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം, ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, ട്രഷറർ സി.എം. അബ്ദുൽ റഹ്മാൻ, രക്ഷാധികാരി സമിതി അംഗങ്ങളായ അബ്ദുല്ല മുല്ലപ്പള്ളി, ഗോപി, സിസി മെമ്പർമാരായ ഷിനു പന്തളം, ഗഫൂർ മമ്പുറം, ജുനൈസ്, ഏരിയാ ജോയിന്റ് സെക്രട്ടറി മുജീബ് കൊൽകാട്ടിൽ, ഷഹീബ  വി.കെ, ഏരിയാ കുടുംബ വേദി കൺവീനർ മുജീബ് കൊല്ലം, വനിതാ വേദി കൺവീനർ ഹഫ്‌സ മുസാഫർ,  സ്റ്റാൻലി എന്നിവർ സംസാരിച്ചു. 
 

Latest News