ഒരു ഭരണകൂടം ഭരണീയരോട് എങ്ങനെ കടപ്പെട്ടിരിക്കുന്നു എന്നറിയുക, സൗഭാഗ്യ കാലത്തേക്കാൾ പ്രതിസന്ധി കാലത്താണ്. ലോകം മാനവരാശി ദർശിച്ചിട്ടില്ലാത്ത മഹാമാരിയുടെ കാലത്തിലൂടെ കടന്നുപോകുമ്പോൾ ഭരണകർത്താക്കളുടെ ഇടപെടലുകൾ ഈ സത്യം നമ്മെ ബോധ്യപ്പെടുത്തും. ആഗോള ശക്തികൾ മഹാമാരിക്ക് മുമ്പിൽ പകച്ചു നിന്നപ്പോൾ ഇഛാശക്തിയോടെ പ്രതിസന്ധിയെ കവച്ചുവെച്ച് മുന്നോട്ടു പോയ അപൂർവം രാജ്യങ്ങളിൽ എടുത്ത് പറയേണ്ടതാണ് സൗദി അറേബ്യ.
ഇത്തരം മഹാമാരികളെ നേരിട്ട അനുഭവസമ്പത്തും വൈദ്യശാസ്ത്ര കരുതലുകളും ഇല്ലാത്ത നേരത്ത് അവിചാരിതമായെത്തിയ അപകടത്തെ ഇഛാശക്തി കൊണ്ട് പിടിച്ചുകെട്ടി എന്നതാണ് ഈ കോവിഡ് കാലത്ത് വന്നെത്തിയ ദേശീയ ദിനത്തിൽ സൗദി അറേബ്യ ലോകത്തിന് നൽകുന്ന സന്ദേശം. മനുഷ്യസഹജമായ എല്ലാ സങ്കേതിക വിദ്യകളും തങ്ങളുടെ വിരൽ തുമ്പിലെന്ന് അഹങ്കരിച്ചിരുന്ന വികസിത രാജ്യങ്ങൾ പകച്ചും പതറിയും മഹാമാരിയെ നേരിട്ടപ്പോൾ കൃത്യമായ കണക്ക് കൂട്ടലുകളിലൂടെയും ശക്തമായ കാൽവെപ്പുകളിലൂടെയും കോവിഡ് വ്യാപനം പിടിച്ചുകെട്ടാൻ സൗദി അറേമ്പ്യക്ക് സാധിച്ചു.
ഇന്ത്യയും അമേരിക്കയും പാശ്ചാത്യ നാടുകളും പരാജയപ്പെട്ടിടത്താണ് സൗദി അറബ്യ വിജയം കൈവരിച്ചത്. ജനപക്ഷത്ത് നിന്നും ദുരന്തത്തെ നേരിടുക എന്ന പ്രായോഗിക സമീപനമാണ് സൗദി അധികൃതർ സ്വീകരിച്ചത്. എന്നാൽ അമേരിക്കൻ പ്രസിഡന്റ് പോലും അദൃശ്യമായ വൈറസിനെ നേരിട്ടത് തന്റെ സ്വതസിദ്ധമായ മുഷ്‌ക്കും കോപ്രായങ്ങളും കൊണ്ടാണ്. ഇന്ത്യൻ പ്രധാനമന്ത്രി പാത്രം മുട്ടിയും വിളക്കണച്ചും കൊറോണാ വൈറസിനെ നേരിട്ടത് ലോകത്തിന് മുന്നിൽ ഏറെ പരിഹാസ്യത്തിന് കാരണമായി.
ഇന്ത്യൻ സിനിമാ ലോകവും അതിന് ഹലേലുയ്യ പാടിയത് കൂടുതൽ പരിഹാസ്യമായി. ഇന്ത്യയിൽ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ഡൗൺ മുഴുവൻ ജനങ്ങളെയും ബാധിച്ചു... പാവപ്പെട്ട തൊഴിലാളികളും കുട്ടികളും വൃദ്ധരുമടങ്ങുന്ന കുടുംബാംഗങ്ങളും നൂറുകണക്കിന്ന് കിലോമീറ്ററുകൾ തങ്ങളുടെ കുടിലുകൾ ലക്ഷ്യം വെച്ച് നടക്കേണ്ടി വന്നു. ചുട്ടു പൊള്ളുന്ന ഹൈവേകളിലൂടെ നടന്ന് വെള്ളവും ഭക്ഷണവും കിട്ടാതെ അനേകം പേർ മരിച്ചുവീണു. കുട്ടികൾക്കും പ്രായമായവർക്കും നരക സമാനമായ യാതനകൾ നേരിടേണ്ടി വന്നു. ഭരണകൂടത്തിന്റെ തല തിരിഞ്ഞ നിലപാടുകൾ കൊണ്ടായിരുന്നു ഇവയെല്ലാം. ഇന്ത്യ കോവിഡിനെ നേരിടാൻ പ്രായോഗിക സമീപനങ്ങൾ ഒന്നും സ്വീകരിച്ചിരുന്നില്ല. കോവിഡിന്റെ ആദ്യകാലം വേണ്ടത്ര സാവകാശം ലഭിച്ചിരുന്നെങ്കിലും ഭരണാധികാരികൾ ഗോമൂത്രത്തിലും ചാണകത്തിലും ഗവേഷണം നടത്തുന്ന തിരക്കിലായിരുന്നു. ലോകാരോഗ്യ സംഘടന പോലും വരാൻ പോവുന്ന വിപത്തിന്റെ സൂചനകൾ നൽകിയിരുന്നെങ്കിലും ഒന്നും ഗൗനിക്കാതിരുന്നതിന്റെ തിക്തഫലമാണ് കോവിഡ് ലോക റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി നിൽക്കുന്നത്. എന്നാൽ സൗദി അറേബ്യ ചടുലമായ നീക്കങ്ങളാണ് നടത്തിയത്.
മക്കയിലെയും മദീനയിലെയും തീർഥാടനം പോലും നിർത്തിവെച്ചു. വിദേശ തീർഥാടകർക്ക് തിരിച്ചു പോകാനുള്ള അവസരം ഒരുക്കി. രാജ്യത്തിനകത്തുള്ളവർക്ക് സുരക്ഷിത സ്ഥലങ്ങളിലെത്താനുള്ള സമയം അനുവദിച്ച് കൊണ്ട് ലോക്ഡൗൺ പ്രഖ്യാപിച്ചു. ആരോഗ്യമേഖല സജ്ജമാക്കി നിർത്തി. ഓരോ പട്ടണങ്ങളിലും പ്രത്യേകം ആശുപത്രികൾ സജ്ജമാക്കി.
എല്ലാ മന്ത്രാലയങ്ങളും ഏകോപനത്തോടെ പ്രവർത്തിച്ചു. അതിന്റെ ഫലമായാണ് പ്രതിദിനം അയ്യായിരത്തോളം കോവിഡ് രോഗം റിപ്പോർട്ട് ചെയ്തതിൽ നിന്നും അഞ്ഞൂറിന് താഴെ എന്നതിലേക്ക് എത്തിക്കാൻ സാധിച്ചത്. കൊറോണ ലോകത്തെ കീഴടക്കിയപ്പോൾ കൃത്യമായ സംവിധാനങ്ങൾ ഒരുക്കി സൗദി ആരോഗ്യ വിഭാഗം കൊറോണയെ കീഴടക്കുകയായിരുന്നു. സ്വദേശികളും വിദേശികളും ഇടകലർന്ന് ജീവിക്കുന്നിടമാണ് സൗദി.
അതുകൊണ്ട് തന്നെ തിങ്ങിനിറഞ്ഞ ലേബർ ക്യാമ്പുകളും തൊഴിലിടങ്ങളും സുരക്ഷിതമായി നിർത്തേണ്ടതുണ്ട്. അവിടെയും കൃത്യമായ ഇടപെടലുകൾ നടത്താൻ അധികൃതർക്ക് സാധിച്ചു. വിദേശികൾ ഞങ്ങളുടെ അഥിതികളാണെന്ന ഭരണാധികാരികളുടെ പ്രഖ്യാപനം പ്രതിസന്ധിയിലകപ്പെട്ട പ്രവാസികൾക്ക് ആശ്വാസ കുളിർമഴയായിരുന്നു. പ്രത്യേകിച്ചും, സ്വന്തം നാട്ടിലേക്കുള്ള തിരിച്ച് പോക്കിന്ന് നാട് ഭരിക്കുന്ന ജനകീയ ഭരണാധികാരികളാൽ വൈതരണികൾ തീർത്തു കൊണ്ടിരുന്നപ്പോൾ.
മരുന്നും ചികിൽസാ ചെലവും ക്വാറന്റൈനും സൗജന്യമായൊരുക്കിയാണ് സൗദി സർക്കാർ പ്രവാസികളെ ചേർത്ത് പിടിച്ചത്. ഇഖാമ സൗജന്യമായി മൂന്ന് മാസത്തേക്ക് പുതുക്കി നൽകി. നാട്ടിലുള്ളവരുടെ റീ-എൻട്രി പുതുക്കി നൽകി കൊണ്ട് ഉദാരതയുടെ പുതിയ വാതായനങ്ങൾ തുറന്നിട്ടു. കോവിഡിന്റെ ആദ്യ ഘട്ടങ്ങളിൽ സുരക്ഷിത സ്ഥാനമെന്ന് കരുതി നാട്ടിലേക്ക് രക്ഷപ്പെടാനുള്ള വെപ്രാളമായിരുന്നു. പിന്നെയത് പിടിച്ചു കയറ്റിയാലും പോവാത്ത അവസ്ഥയിലെത്തി. പിറന്ന നാടിനെക്കാൾ അന്നം നൽകുന്ന നാട് തന്നെയാണ് സുരക്ഷിതമെന്ന ഒരു മാനസികാവസ്ഥ രൂപപ്പെട്ടു.
കോവിഡിന്റെ തുടക്കത്തിൽ ജനങ്ങൾ വിദൂരതകളിൽ ഒറ്റപ്പെട്ടുപോയ സാഹചര്യം ഉണ്ടായിരുന്നു. വിദേശങ്ങളിൽ കുടുങ്ങിപ്പോയ സൗദി പൗരൻമാരെ തിരിച്ചെത്തിക്കുന്നതിന്ന് മാതൃകാപരമായ പ്രവർത്തനങ്ങളാണ് സൗദി സർക്കാർ നടപ്പാക്കിയത്. ഒരാൾക്ക് വേണ്ടി വിമാനം പറഞ്ഞയച്ച് തിരിച്ചെത്തിച്ച സംഭവങ്ങൾ വരെ ഉണ്ടായി.
വിഷൻ രണ്ടായിരത്തി മുപ്പത് പൂർത്തിയാകുമ്പോൾ ഒരു പുതിയ രാജ്യത്തെയാവും ലോകത്തിന്ന് കാണാൻ സാധിക്കുക. സൗദിയിലെ അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർ ഒരു വലിയ അഭ്യന്തര പ്രശ്‌നമായി ഭരണാധികാരികൾക്ക് മുമ്പിലുണ്ടായിരുന്നു. അവർക്ക് മുമ്പിലേക്ക് സൗദിയിലെ തൊഴിൽ വിപണി തുറന്ന് നൽകിയതോടെ തൊഴിലിടങ്ങൾ അറബി യുവതി-യുവാക്കളെ കൊണ്ട് നിറഞ്ഞു.
സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള സ്വാതന്ത്ര്യവും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യവും വിപ്ലവകരമായ തീരുമാനങ്ങളാണ്. മറ്റേതെരു സമൂഹത്തെയും പോലെ ഏത് തരം ജോലികളും ചെയ്യാൻ തങ്ങൾ പ്രാപ്തരാണെന്ന് സൗദി യുവത ലോകത്തിന്ന് കാണിച്ചു കൊടുത്തു. ഭരണകൂടത്തിന്റെ പരിഷ്‌കാരങ്ങളെ നിറമനസ്സോടെയാണ് ഒരോ സൗദി പൗരനും സ്വാഗതം ചെയ്യുന്നത്.
രണ്ടായിരത്ത പതിനെട്ടിന്റെ ആരംഭത്തിൽ നടപ്പാക്കായ സാമ്പത്തിക പരിഷ്‌കാരങ്ങൾ പെട്രോൾ ഇതര വരുമാന സ്രോതസ്സുകൾ തേടുന്നതിനോടൊപ്പം രാജ്യത്തിന്റെ അടിത്തറ ഭദ്രമാക്കുന്നത് കുടി ആയിരുന്നു. ഇതിന്റെ ഭാഗമായാണ് വിദേശികൾക്ക് ഏർപ്പെടുത്തിയ ലെവിയും പെട്രോളിനും കറണ്ടിനുമുണ്ടായിരുന്ന സബ്‌സിഡി എടുത്ത് കളഞ്ഞതും വാണിജ്യ രംഗത്ത് നികുതി ഏർപ്പെടുത്തിയതും.
കോവിഡ് പ്രതിസന്ധിയെ തുടർന്ന്, അഞ്ച് ശതമാനമായിരുന്ന നികുതി പിന്നീട് പതിനഞ്ച് ശതമാനമായി ഉയർത്തി. സാംസ്‌കാരിക രംഗത്തും കാതലായ മാറ്റങ്ങൾ വന്ന് കഴിഞ്ഞു. വിനോദ ഉപാധികളായിരുന്ന സിനിമയും നാടകവുമെല്ലാം വളരെ പരിമിതമായി മാത്രമായിരുന്ന കാലത്ത് നിന്നും മാറി ഇന്ന് പ്രധാന പട്ടണങ്ങളിലെല്ലാം ഇതിനുള്ള അവസരങ്ങൾ ഉണ്ട്. പണ്ട് ഇത്തരം ആസ്വാദനങ്ങൾ തേടി അറബികൾ ഒഴിവു ദിനങ്ങളിൽഅയൽ രാജ്യങ്ങളിലേക്ക് പോകാറായിരുന്നു പതിവ്. ഇത് വഴി ആഭ്യന്തരമായി ചെലവഴിക്കേണ്ട അനേകം സമ്പത്ത് വിദേശങ്ങളിൽ ചെലവഴിക്കപ്പെട്ടു.
ഈ യാഥാർഥ്യം മുമ്പിൽ കണ്ടുകൊണ്ടാണ് രാജ്യത്തിന്റെ സ്വപ്‌ന പദ്ധതിയായ നിയോം വിഭാവനം ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ വിനോദ വാണിജ്യ പദ്ധതിയായ നിയോം യാഥാർഥ്യമാവുന്നതോടെ ദേശീയവും അന്തർദേശീയവുമായ ടൂറിസ്റ്റ് കേന്ദ്രമായി ഇത് മാറും. സൗദിയും ജോർദാനും ഈജിപ്തും ചേർന്ന കടൽ തീരത്താണ് നിയോം പദ്ധതി.
പൗരത്വത്തിന് ഏറെ വില കൽപിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. ഓരോ പൗരന്റെയും മാന്യമായ അവകാശങ്ങൾ താൽപര്യങ്ങൾ ഒന്നുമില്ലാതെ ഭരണകൂടം സാധിപ്പിച്ചു കൊടുക്കുന്നുണ്ട്. ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയിലും മറ്റും നടമാടുന്ന ജനങ്ങളെ പൊറുതിമുട്ടിക്കുന്ന തലതിരിഞ്ഞ പരിഷ്‌കാരങ്ങളെ ഒന്നും അറബി ജനതക്ക് ഭയക്കേണ്ടതില്ല.
രാജ്യത്തിന്റെ പുരോഗതിയും പൗരന്മാരുടെ ക്ഷേമവും മുൻനിർത്തിയുള്ള വൻ പരിഷ്‌കാരങ്ങളുമായി ഭരണകൂടം മുന്നേറുമ്പോൾ വരും കാലം വൻ മാറ്റങ്ങളുടേതാവും.
ഉയർന്ന നിലവാരത്തിലുള്ള ഈ സാമ്പത്തിക പരിഷ്‌കരണങ്ങളോട് ചേർന്ന് നിന്ന് തങ്ങളുടെ തൊഴിൽ വ്യാപാര മേഖലകളിൽ മാറ്റങ്ങൾ നടത്തുന്നുവെങ്കിൽ വിദേശികൾക്കും ഇവിടെ അവസരങ്ങളുണ്ട്. വിഷൻ-2030 അത്ഭുതങ്ങളുമായി കടന്നു വരുമ്പോൾ ആഗോള പങ്കാളിത്തത്തോടെ വൻ മാറ്റങ്ങൾക്ക് മേഖലയാകെ സാക്ഷിയാവും.