Sorry, you need to enable JavaScript to visit this website.

സൗദി ദേശീയ ദിനാഘോഷം: എയർ ഷോ ഉൾപ്പെടെ അതിവിപുലായ പരിപാടികൾ

ജിദ്ദ - സൗദി അറേബ്യയുടെ 90ാം ദേശീയ ദിനാഘോഷങ്ങൾക്ക് രാജ്യമെങ്ങും ഒരുങ്ങി. രാജ്യത്തൊട്ടാകെ അതിവിപുലമായ ആഘോഷ പരിപാടികളാണ് അരങ്ങേറുന്നത്.  
സെപ്റ്റംബർ 26 വരെ നീളുന്ന ആഘോഷ പരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ  ആസൂത്രണം ചെയ്തിരിക്കുന്നത്. സൗദി എന്റർടൈൻമെന്റ് അതോറിറ്റിക്ക് കീഴിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് 60ഓളം സൈനിക, സിവിലിയൻ വിമാനങ്ങൾ പങ്കെടുക്കുന്ന എയർഷോ ആണ്. എയർ ഷോയിൽ ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസും പങ്കെടുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. സൗദി റോയൽ എയർഫോഴ്‌സിന് കീഴിലെ വിവിധ ഇനം വിമാനങ്ങളും കമേഴ്ഷ്യൽ വിമാനസ്ഥാപനമായ ഹെലികോപ്ടർ കമ്പനിക്ക് കീഴിലെ നിരവധി ഹെലികോപ്റ്ററുകളും എയർഷോയിൽ പങ്കെടുക്കും. സൗദി ചരിത്രത്തിലെ ഏറ്റവും വലിയ എയർഷോ ആയിരിക്കുമെന്നാണ് എന്റർടൈൻമെന്റ് അതോറിറ്റി വ്യക്തമാക്കിയിട്ടുള്ളത്.


'നിശ്ചയദാർഢ്യം കൊടുമുടി വരെ' എന്ന തലക്കെട്ടിലാണ് ദേശീയദിനാഘോഷങ്ങൾ നടക്കുന്നത്. കൂടാതെ  വിവിധ സ്ഥലങ്ങളിൽ വർണാഭമായ വെടിക്കെട്ടുകളും 'ജന്മനാടിനു വേണ്ടി പാടുന്നു' എന്ന കലാപരിപാടിയും അരങ്ങേറും. നഗരങ്ങളിലെ റോഡുകളും പാലങ്ങളും വൻകിട കെട്ടിടങ്ങളും ദീപങ്ങളാലും കൊടിതോരണങ്ങളാലും ദേശീയ പതാകകളാലും പച്ച പുതച്ചു നിൽക്കുകയാണ്. ദേശീയ നേതാക്കളുടെ കൂറ്റൻ ചിത്രങ്ങളുമായി ആകാശം മുട്ടെ ഉയരത്തിലുള്ള ഫഌക്‌സുകളും പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്.  മുനിസിപ്പാലിറ്റികൾക്കു കീഴിലും പ്രത്യേക ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. 
ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് സ്വദേശികളോടൊപ്പം വിദേശികളും ഒരുങ്ങി കഴിഞ്ഞു. രക്തദാനം, മധുരപലഹാര വിതരണം, സെമിനാറുകൾ തുടങ്ങി ഒട്ടേറെ പരിപാടികൾ വിവിധ മലയാളി സംഘടനകൾ ആവിഷകരിച്ചിട്ടുണ്ട്. 
അന്നം നൽകിയ നാടിന് സ്‌നേഹ സമ്മാനം എന്ന പേരിൽ കെ.എം.സി.സി, ഇന്ത്യൻ സോഷ്യൽ ഫോറം തുടങ്ങിയ സംഘടനകൾ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. 

 

Latest News