Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാൻ വഴി റിയാദിലെത്തി, ഒടുവിൽ ഷുഹൈബ് വലയിലായി

കണ്ണൂർ - ബംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ സംഘം ഗൾഫിൽ അറസ്റ്റു ചെയ്ത് നാട്ടിലെത്തിച്ച കണ്ണൂർ പാപ്പിനിശ്ശേരി കാട്യംചാൽ സ്വദേശി കെ.കെ. ഷുഹൈബ് ആദ്യം രക്ഷപ്പെട്ടത് പാക്കിസ്ഥാനിലേക്ക്. 
2008 ൽ നടന്ന ബംഗളൂരു സ്‌ഫോടന കേസിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെയാണ് ഒളിവിൽ പോയത്. ഇയാളെ കണ്ടെത്താനാവാത്തതിനെത്തുടർന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
2014 ലാണ് പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടതെന്നാണ് ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ച വിവരം. പാക്കിസ്ഥാനിൽ കഴിയുന്നതിനിടെ ഇയാൾ വിവാഹിതനായി. ഇയാളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും നേരത്തെ തന്നെ എൻ.ഐ.എ, ഇന്റർപോളിന് കൈമാറിയിരുന്നു. പാക്കിസ്ഥാനിൽ കഴിയുന്നതിനിടെ ഇയാൾ പല തവണ റിയാദ് സന്ദർശിച്ചിരുന്നു. ഈ വിവരം ലഭിച്ചതോടെയാണ് എൻ.ഐ.എ ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതും പ്രതി വലയിലായതും. ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ സൗദി പോലീസ് പ്രതിയെ പിടികൂടി ജയിലിൽ അടച്ചു. ഇന്റർപോളിന്റെ സഹായത്തോടെ എൻ.ഐ.എ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിക്കുകയായിരുന്നു. 


ബംഗളൂരു സ്‌ഫോടന കേസിൽ പിടികിട്ടാനുള്ള ഏകയാളായിരുന്നു 22 ാം പ്രതിയായ ഷുഹൈബ്. 
കണ്ണൂരിൽ തീവ്രവാദ റിക്രൂട്ട്‌മെന്റ് നടത്തിയ തടിയന്റവിട നസീറിന്റെ അടുത്ത അനുയായിയായ ഷുഹൈബിന്റെ വീട് പാപ്പിനിശ്ശേരി കാട്യത്താണ്. 
മന്ത്രി ഇ.പി. ജയരാജന്റെ വീട്ടിൽനിന്നു വിളിപ്പാടകലെയാണ് ഈ സ്ഥലം. നാട്ടിലെ മുഴുവൻ പേരും സി.പി.എം അംഗങ്ങളോ അനുഭാവികളോ ആണ്. ഇന്ത്യൻ മുജാഹിദീൻ എന്ന തീവ്രവാദി സംഘടനയുടെ സജീവ പ്രവർത്തകനായ ഷുഹൈബ്, നേരത്തെ പല ക്രിമിനൽ കേസുകളിലും ഉൾപ്പെട്ടയാളാണ്. 
പ്രതിയെ ബംഗളൂരുവിൽ എത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം.

 

Latest News