Sorry, you need to enable JavaScript to visit this website.

പാലാരിവട്ടം പാലം: കോടതി ഉത്തരവിൽ  നഷ്ടപ്പെട്ടത് ഒരു വർഷം

കൊച്ചി- പാലാരിവട്ടം പാലം പുനർനിർമിക്കാൻ ഇ. ശ്രീധരൻ പറഞ്ഞിരുന്നത് ഒമ്പത് മാസം. ഒരു വർഷം മുമ്പ് ഇ. ശ്രീധരൻ പറഞ്ഞതു പോലെ പുനർനിർമാണം നടത്തിയിരുന്നുവെങ്കിൽ പാലാരിവട്ടം എത്രയോ മുമ്പേ ഗതാഗതത്തിന് തുറന്നു കൊടുക്കാൻ കഴിയുമായിരുന്നു. എന്നാൽ കോടതി വ്യവഹാരത്തിൽ കുടുങ്ങിയതോടെ 16 മാസക്കാലമായി പാലാരിവട്ടം പാലം അടഞ്ഞു കിടക്കുകയാണ്. 
ഇനി പാലത്തിന്റെ പുനർനിർമാണം പൂർത്തിയാകാൻ ഒരു വർഷത്തോളം കാത്തിരിക്കണം. പാലം പുനർനിർമാണം തടഞ്ഞ് കഴിഞ്ഞ വർഷം സെപ്റ്റംബറിലും ഒക്ടോബറിലുമായി ഹൈക്കോടതി നൽകിയ ഉത്തരവ് ഒരു വർഷത്തിന് ശേഷമാണ് റദ്ദാക്കപ്പെടുന്നത്. 
42 കോടി ചെലവിട്ട് നിർമിച്ച പാലം മൂന്നു വർഷം കൊണ്ട് തകർച്ചയെ നേരിട്ടത് കേരളത്തിൽ അപൂർവമായിരുന്നു. 2016 ഒക്ടോബർ 12 ന് പാലം ഗതാഗതത്തിന് തുറന്ന് ആഴ്ചകൾക്കുള്ളിൽ നിർമാണ അപാകതയെക്കുറിച്ച് പരാതി ഉയർന്നു.


ടാറിംഗ് അപ്പാടെ ഇളകിപ്പോയി പാലം സഞ്ചാരയോഗ്യമല്ലാതായി. വാഹനങ്ങൾ പോകുമ്പോൾ പാലം ഇളകി വലിയ ശബ്ദമുയർന്നു തുടങ്ങി. 
തുടർന്ന് 2018 ആഗസ്തിൽ മദ്രാസ് ഐ.ഐ.ടിയെ പരിശോധനയ്ക്ക് നിയോഗിച്ചു. പാലം നിർമാണത്തിലെ അഴിമതി അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടത് 2019 മേയിലാണ്. 
പാലാരിവട്ടം മേൽപ്പാലത്തിന്റെ ബലക്ഷയത്തെ കുറിച്ച് ചെന്നൈ ഐ.ഐ.ടി വിശദമായി പഠിച്ച് തയാറാക്കിയ വിശദമായ റിപ്പോർട്ട് പറയുന്നത് പാലത്തിന്റെ രൂപകൽപന മുതൽ തന്നെ സാങ്കേതിക പിഴവുകളുണ്ടായെന്നാണ്. 
സാങ്കേതികപരമായും സാമ്പത്തിക പരമായും പുനർനിർമാണമാണ് വേണ്ടതെന്ന് പാലാരിവട്ടം പാലത്തിൽ വിശദമായ പരിശോധന നടത്തിയ ഇ. ശ്രീധരനും വ്യക്തമാക്കിയിരുന്നു. ഈ കണ്ടെത്തലുകൾ മുൻനിർത്തിയാണ് പാലം പൂർണമായും പുനർനിർമിക്കാനുള്ള തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. 


മദ്രാസ് ഐ.ഐ.ടിയുടെ മൂന്നു റിപ്പോർട്ടുകളും ഇ. ശ്രീധരനും സ്ട്രക്ചറൽ എൻജിനിയറിംഗ് വിദഗ്ധൻ മഹേഷ് ഠാണ്ഡൻ ഉൾപ്പെട്ട വിദഗ്ധസമിതി പരിശോധനയുടെ റിപ്പോർട്ടും പരിഗണിച്ചാണ് പാലം പുനർനിർമിക്കാൻ സർക്കാർ തീരുമാനിച്ചത്. പാലം രൂപകൽപനയിലും നിർമാണത്തിലുമുണ്ടായ ഗുരുതര പിഴവാണ് ഇ. ശ്രീധരൻ അക്കമിട്ട് പറഞ്ഞത്. 
2019 മെയ് ഒന്നിനാണ് അറ്റകുറ്റപ്പണികൾക്കായി പാലം അടച്ചത്. പുറമേക്കുള്ള അറ്റകുറ്റപ്പണികൾ പൂർത്തിയായെങ്കിലും വിദഗ്ധ സമിതി റിപ്പോർട്ട് വന്നതോടെ പാലം തുറക്കേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. പാലം പുനർനിർമിക്കാനുള്ള സർക്കാർ തീരുമാനം മറികടക്കുന്നതിന് ഭാരപരിശോധന വേണമെന്ന വാദമാണ് കരാറുകാർ മുന്നോട്ടുവെച്ചത്. കരാറുകാരുടെ സംഘടന ചില വിദഗ്ധരെ പങ്കെടുപ്പിച്ച നടത്തിയ ചർച്ചകളിൽ പാലം പുനർനിർമിക്കുന്നതിനെതിരെ ശക്തമായ എതിർവാദങ്ങളും ഉയർന്നു. എന്നാൽ സുപ്രീം കോടതിക്ക് ഈ വാദങ്ങൾ ബോധ്യമായില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇന്നലെ ഉണ്ടായ സുപ്രധാന ഉത്തരവ്. 


പാലം പുനർനിർമിക്കുന്നതിന്റെ ചെലവ് കരാറുകാരാണ് വഹിക്കേണ്ടി വരിക. പാലം പുനർനിർമാണത്തിന്റെ ചുമതല നേരത്തെ ഡി.എം.ആർ.സി വെച്ച ടെണ്ടറിൽ തെരഞ്ഞെടുക്കപ്പെട്ട ഊരാളുങ്കൽ സഹകരണ സൊസൈറ്റിക്കാകും നൽകുകയെന്നാണ് സൂചന. ഡി.എം.ആർ.സി ഈ ഉത്തരവാദിത്തം ഇനി ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ പ്രവർത്തനം ഡി.എം.ആർ.സി അവസാനിപ്പിക്കുകയാണ്. അതേസമയം നിർമാണ ചുമതല ഏറ്റെടുക്കാൻ ഇ. ശ്രീധരന് മേൽ സർക്കാരിന്റെ സമ്മർദം ശക്തമാണ്. 42 കോടി രൂപ ചെലവിട്ട് നിർമിച്ച പാലത്തിന്റെ പുനിർനിർമാണ പ്രവർത്തനങ്ങൾക്ക് 18.5 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. പാലം പൂർവസ്ഥിതിയിലാക്കാൻ 10 മാസം വേണമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. 

 

Latest News