Sorry, you need to enable JavaScript to visit this website.

പാലാരിവട്ടം പാലം: മുൻ മന്ത്രി  ഇബ്രാഹിംകുഞ്ഞിന് കുരുക്ക് മുറുകും

കൊച്ചി- അപകടാവസ്ഥയിലായ പാലാരിവട്ടം പാലം പുനർനിർമിക്കുന്നതിന് സുപ്രീംകോടതി അനുമതി നൽകിയതോടെ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരായ വിജിലൻസ് കേസിൽ അന്വേഷണം മുറുകും. വിജിലൻസിന് പുറമെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സാമ്പത്തിക ആരോപണങ്ങൾ അന്വേഷിക്കുന്നുണ്ട്. സ്വർണക്കടത്ത് കേസിൽ സർക്കാരിനെ സമ്മർദത്തിലാക്കിയ യു.ഡി.എഫിനും മുസ്‌ലിം ലീഗിനും പാലാരിവട്ടം കേസ് വരും നാളുകളിൽ കനത്ത തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. 


നിർമാണത്തിനുപിന്നിലെ അഴിമതി കണ്ടെത്താൻ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ പ്രതിയായത് അന്നത്തെ പൊതുമരാമത്തു മന്ത്രിയും സെക്രട്ടറിയും ഉൾപ്പെടെയുള്ളവരാണ്. നിർമാണകരാറുകാരായ ആർ.ഡി.എസ് പ്രോജക്ട്സ്, കൺസൾട്ടന്റ് കിറ്റ്കോ, നിർവഹണ ചുമതലയുണ്ടായിരുന്ന കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ (ആർ.ബി.ഡി.സി.കെ) തുടങ്ങിയ ഏജൻസികളിലെ ഉദ്യോഗസ്ഥരും കേസിൽ പ്രതികളായി. വിജിലൻസ് ഡിവൈ.എസ്.പി ആർ. അശോക് കുമാറിനായിരുന്നു അന്വേഷണ ചുമതല. 47 കോടി രൂപ വകയിരുത്തിയ പാലം നിർമാണം വളരെ കുറഞ്ഞ തുകയ്ക്ക് കരാർ കൊടുത്തതുമുതൽ കരാറുകാരെ തെരഞ്ഞെടുത്തതിലും അനധികൃതമായി മുൻകൂർ പണം അനുവദിച്ചതിലും ആസൂത്രിത അഴിമതി നടന്നതായാണ് വിജിലൻസ് കണ്ടെത്തിയത്. പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ്, ആർ.ഡി.എസ് ഉടമ സുമിത് ഗോയൽ, ആർ.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്ന എം.ടി. തങ്കച്ചൻ, കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ എന്നിവർ അറസ്റ്റിലായി. ടി.ഒ. സൂരജിന്റെ മൊഴിയിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ അഞ്ചാം പ്രതിയാക്കി. മൂന്നുവട്ടം ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തുകഴിഞ്ഞു. മന്ത്രിയുടെ ഉത്തരവനുസരിച്ചാണ് കരാറുകാരന് 8.25 കോടി രൂപ മുൻകൂർ നൽകിയതെന്നായിരുന്നു സൂരജിന്റെ മൊഴി. ഉദ്യോഗസ്ഥരാണ് അഴിമതി നടത്തിയതെന്നാണ് ഇബ്രാഹിം കുഞ്ഞിന്റെ വാദം.


പാലാരിവട്ടം പാലത്തിൽ ഭാരപരിശോധന നടത്തണമന്ന ഹൈക്കോടതി ഉത്തരവ് വിജിലൻസ് അന്വേഷണത്തിനിടയിൽ യു.ഡി.എഫിന് വലിയ തോതിൽ ആശ്വാസം പകർന്നിരുന്നു. 
ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചിരുന്നുവെങ്കിൽ വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരായ കേസ് ദുർബലമാകാനും ഭരണപക്ഷത്തിന്റെ ആരോപണങ്ങളെ ഫലപ്രദമായി നേരിടാനും അത് ആയുധമാകുമായിരുന്നു. ഭാരപരിശോധനയെ പാലാരിവട്ടം പാലം വിജയകരമായി അതിജീവിച്ചാൽ ഭരണപക്ഷത്തിന്റെ ആരോപണങ്ങളുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടേനെ. വിജിലൻസ് എടുത്തിട്ടുള്ള കേസുകൾ കോടതിയിൽ ദുർബലമാകാനും ഇത് വഴിയൊരുക്കുമായിരുന്നു. ഇതു കൊണ്ടു കൂടിയാണ് ഭാരപരിശോധാ ഉത്തരവോടെ വിജിലൻസ് അന്വേഷണം മന്ദീഭവിച്ചത്. 


ചെന്നൈ ഐ.ഐ.ടിയും ഇ. ശ്രീധരൻ അടക്കമുള്ള പ്രഗൽഭരും പാലം പുനർനിർമിക്കണമെന്ന് വിധിയെഴുത്തിയ പാലത്തിൽ ഭാരപരിശോധനക്കുള്ള അനുമതി ഹൈക്കോടതിയിൽനിന്ന് നേടിയെടുത്തത് കോൺട്രാക്ടർമാരുടെ സംഘടനയാണ്. ഭാരപരിശോധനയെ അതിജീവിച്ചാൽ പോലും പാലത്തിന്റെ ആയുസ്സ് വലിയ ചോദ്യചിഹ്നമാകുമായിരുന്നു. 

 

Latest News