കോഴിക്കോട്- ഹാദിയയെ മരുന്നു നൽകി മയക്കി കിടത്തുകയാണെന്ന ഗുരുതര ആരോപണവുമായി പ്രമുഖ ഡോക്യുമെന്ററി സംവിധായകൻ ഗോപാൽ മേനോൻ രംഗത്ത്. ഹാദിയയുടെ ജീവിതം പറയുന്ന ആയാം ഹാദിയ എന്ന ഡോക്യുമെന്ററിയുടെ സംവിധായകനാണ് ഗോപാൽ മേനോൻ. ഹാദിയയുടെ സുഹൃത്തിന്റെ പിതാവിനെ വകവരുത്താനും അദ്ദേഹത്തിന്റെ കച്ചവട സ്ഥാപനം കത്തിക്കാനും ബി.ജെ.പി പ്രവർത്തകരുടെ സഹായം ഹാദിയയുടെ അച്ഛൻ അശോകൻ തേടിയെന്നതിന്റെ തെളിവും ഗോപാൽമേനോൻ പുറത്തുവിട്ടു.
അയാം ഹാദിയ എന്ന ഹ്രസ്വചിത്രം നാളെ പുറത്തിറങ്ങാനിരിക്കെയാണ് ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ രംഗത്തെത്തിയത്. പിതാവ് അശോകൻ ഹാദിയയെ ക്രൂരമായി മർദ്ദിക്കുന്ന വീഡീയോ രാഹുൽ ഈശ്വറിന്റെ കൈവശമുണ്ട്. അതിനെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ തയ്യാറാകണം. ഡോക്യുമെന്ററി നിർമ്മാണത്തിനിടെ രാഹുലിനെ സന്ദർശിച്ചപ്പോഴാണ് ക്രൂരമായ മർദ്ദനത്തിന് ഇരയാകുന്നതായും കൊല്ലപ്പെടുമെന്ന് ഹാദിയ വ്യക്തമാക്കുന്ന വീഡിയോ രാഹുൽ തന്നെ കാണിച്ചതായും രാംഗോപാൽ പറയുന്നു. ഹാദിയയെ പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്നും ഗോപാൽ മേനോൻ ആവശ്യപ്പെട്ടു.