Sorry, you need to enable JavaScript to visit this website.

സമസ്തയും യൂത്ത് ലീഗ് നേതൃത്വവുമായുള്ള പ്രശ്‌നപരിഹാരത്തിന് ഹൈദരലി തങ്ങൾ ഇടപെടുന്നു

കോഴിക്കോട്- മുസ്ലിം യൂത്ത് ലീഗും സമസ്തയും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നീക്കം. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെതിരെ സമസ്ത പ്രവർത്തകരുടെ പ്രതിഷേധം വ്യാപകമായതോടെയാണ് തങ്ങൾ ഇടപെടുന്നത്. ഇരുവിഭാഗവുമായും പ്രശ്‌നപരിഹാരത്തിന് ചർച്ച നടത്താനാണ് നീക്കം. സോഷ്യൽ മീഡയയിലെ രൂക്ഷ പ്രതികരണമാണ് ഫിറോസ് നേരിടുന്നത്. കഴിഞ്ഞദിവസം കോഴിക്കോട് യൂത്ത് ലീഗ് സംസ്ഥാന കൗൺസിലിന് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ സമസ്തക്ക് എതിരായ പരാമർശം നടത്തി എന്നാരോപിച്ചാണ് ഫിറോസിനെതിരായ അക്രമണം നടക്കുന്നത്. 


അതിനിടെ, പ്രശ്‌നത്തിൽ നിലപാട് വ്യക്തമാക്കി യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരവും രംഗത്തെത്തി. ഫിറോസ് വിമർശനത്തിന് അതീതനല്ലെന്നും   
എന്നാൽ ഒരു പ്രസ്താവനയുടെ പേരിൽ ഇത്തരത്തിൽ സംഘടിതമായി പി.കെ ഫിറോസിനെതിരെ സൈബർആക്രമണം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും നജീബ് വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് നജീബ് കാന്തപുരം ഇങ്ങിനെ പറഞ്ഞത്. സമസ്തക്കും ലീഗിനും ഒരിക്കലും രണ്ടായി നിൽക്കാനാകില്ലെന്നും നജീബ് കാന്തപുരം പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഫിറോസ് പറഞ്ഞ നിലപാടിനോട് യോജിക്കുന്നത് പോലെ വിയോജിക്കുന്നതിനും ഓരോരുത്തർക്കും അവകാശമുണ്ട്. പറഞ്ഞ വാക്കുകളിൽ വീഴ്ചയുണ്ടായാൽ തിരുത്താനുള്ള ജനാധിപത്യ ബോധവും ഫിറോസിനുണ്ട്. എന്നിരിക്കെ യാതൊരു മാന്യതയുമില്ലാതെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ആരായാലും അവസാനിപ്പിക്കണം. ആരെങ്കിലും വെച്ച കെണിയിൽ വീഴേണ്ടവരല്ല നമ്മൾ.അത്തരം ചില കെണികൾ ഈ വിവാദത്തിനു പിറകിൽ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് ആർക്കും മനസിലാക്കാനാവും.ഒട്ടും സന്തോഷകരമല്ലാത്ത വിവാദമാണ് ഇപ്പോൾ അരങ്ങ് തകർക്കുന്നത്. കേരളത്തിലെ മുസ്ലിം സമുദായത്തിലെ മഹാഭൂരിപക്ഷം പേരും അണിചേർന്നിട്ടുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്ലിം ലീഗ്. വിശ്വാസപരമായി വ്യത്യസ്ത ആശയങ്ങൾ പുലർത്തുമ്പോഴും മുസ്ലിം സമുദായത്തിന്റെ ജനാധിപത്യ ശാക്തീകരണത്തിന് മുസ്ലിം ലീഗ് കൂടിയേ തീരൂ എന്ന തിരിച്ചറിവ് ഉൾക്കൊണ്ട് കൊണ്ട് തന്നെ മത സംഘടനാ നേതൃത്വവും പണ്ഡിത വര്യന്മാരിൽ ഏറിയ പങ്കും മുസ്ലിം ലീഗിനു വേണ്ടി പരസ്യ നിലപാട് തന്നെ സ്വീകരിച്ച് കൂടെ നിന്നിട്ടുമുണ്ട്.

ഇന്ത്യയിലെ പുതിയ രാഷ്ട്രീയ സഹചര്യത്തിൽ പ്രത്യേകിച്ചും രാഷ്ട്രീയ ശാക്തീകരണം രാജ്യമാകെ നടക്കേണ്ട ഒരു ഘട്ടത്തിൽ മുസ്ലിം ലീഗിന്റെയും സമസ്തയുടേയും പ്രവർത്തകർ രണ്ട് തട്ടിൽ നിന്ന് വാഗ്വാദങ്ങൾ നടത്തുന്നത് ഖേദകരമാണ്. മുസ്ലിം സമുദായത്തിലെ മഹാ ഭൂരിപക്ഷവും സുന്നി ആശയത്തിൽ വിശ്വസിക്കുന്നവരും അതിൽ ഒരു ചെറിയ വിഭാഗമൊഴികെ സമസ്തയുടെ മഹല്ല് സംവിധാനങ്ങൾക്കകത്ത് നിലകൊള്ളുന്നവരുമാണ്. അത് കൊണ്ട് തന്നെ സുന്നികളും മുസ്ലിം ലീഗുകാരുമായ പ്രവർത്തകരെ സമസ്തയിൽ നിന്നോ മുസ്ലിം ലീഗിൽ നിന്നോ അടർത്തിമാറ്റുക അസാധ്യവുമാണ്. സമസ്തയുടെ മഹല്ല് സംവിധാനങ്ങൾ നടത്തുന്നത് പ്രാദേശിക തലത്തിൽ മുസ്ലിം ലീഗ് നേതാക്കൾ തന്നെയാണ്. ഇത് പോലെ മുസ്ലിം ലീഗിൽ അണിനിരന്ന പതിനായിരക്കണക്കിന് പ്രവർത്തകർ സമസ്ത മുന്നോട്ട് വെക്കുന്ന ആശയത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവരുമാണ്.

സുന്നി ആദർശത്തിൽ വിശ്വസിക്കുന്നവർ ഭൂരിപക്ഷമുള്ളത് കൊണ്ട് മറ്റ് ആശയ ധാരയിലുള്ളവർക്ക് ഒരിക്കലും ഒരു അന്യതാബോധവും ഉണ്ടായിട്ടില്ല. മുസ്ലിം ലീഗ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് ഒപ്പം നിൽക്കുക മാത്രമല്ല ഓരോ മഹാ സമ്മേളനങ്ങളിലും ഈ പ്രസ്ഥാനത്തിന്റെ നില നിൽപ്പിനായി കരഞ്ഞു പ്രാർത്ഥിച്ച ചാപ്പനങ്ങാടി ബാപ്പുമുസ്ല്യാരെ പോലെയുള്ള സമസ്ത നേതാക്കൾ മുസ്ലിം ലീഗിന്റെ വളർച്ചക്ക് നൽകിയത് അവിസ്മരണീയ സംഭാവനകളാണ്. എക്കാലവും സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധം പരസ്പരം വിവേചിക്കാൻ പറ്റാത്ത തരത്തിൽ തന്നെയാണ്. ഇരു സംഘടനകളും തമ്മിൽ വെച്ച് പുലർത്തുന്ന ആത്മാർത്ഥവും പരസ്പര ബഹുമാനത്തോടെയുമുള്ള ബന്ധമാണ് ഇക്കാലമത്രയും കേരളത്തിലെ മുസ്ലിം സമൂഹത്തിന് ഗുണകരമായിട്ടുള്ളത്. അത് നാളെയും ഊഷ്മളമായി നില നിർത്തേണ്ടത് സമുദായ സ്‌നേഹികളായ ഓരോരുത്തരുടേയും ബാധ്യതയാണ്. സമസ്തയെ അകറ്റി നിർത്തി മുസ്ലിം ലീഗിനോ മുസ്ലിം ലീഗ് പ്രവർത്തകരെ മാറ്റി നിർത്തി സമസ്തയുടെ സംഘടനാ സംവിധാനമോ ഇല്ലെന്നത് എല്ലാവരും ഉൽക്കൊള്ളണം.

സോഷ്യൽ മീഡിയയുടെ അമിത സ്വാധീനം സംഘടനകളിലും സമൂഹത്തിലുമുണ്ടാക്കുന്ന ആഴമേറിയ മുറിവുകൾ എത്രമാത്രം വേദനാജനകമാണെന്ന് നാം തിരിച്ചറിയണം. വർഷങ്ങൾ കൊണ്ട് കെട്ടിപ്പടുത്ത പല ബന്ധങ്ങളും ചീട്ട് കൊട്ടാരം പോലെ തകർത്തെറിയുന്ന സോഷ്യൽ മീഡിയയുടെ ദുരുപയോഗം അവസാനിപ്പിച്ചില്ലെങ്കിൽ നമുക്ക് തിരിച്ചെടുക്കാൻ കഴിയാത്ത നഷ്ടമാണുണ്ടാക്കുക. പിന്നെ ഇരുന്ന് പൊട്ടിക്കരഞ്ഞിട്ട് കണ്ണീരു തുടച്ച് തരാൻ പോലുമാരുമുണ്ടാവില്ല. മുസ്ലിം യൂത്ത് ലീഗിന്റെ ഒരു പ്രവർത്തകനും എരിതീയിൽ എണ്ണയൊഴിക്കുന്ന പ്രവർത്തനങ്ങൾക്ക് കൂട്ട് നിൽക്കരുത്. ഇത് വരെ ഉണ്ടായതെന്തും പരിഹരിക്കാൻ കെൽപ്പുള്ള നേതൃത്വം നമുക്കുണ്ട്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അതിനുള്ള വഴിയൊരുക്കുകയും ചെയ്യും. കൈ വിട്ട കളി ആരു കളിച്ചാലും അത് സംഘടനയെ സഹായിക്കാനുള്ളതല്ല. നമുക്കൊരിക്കലും രണ്ടായി നിൽക്കാനാവില്ലെന്ന ബോധ്യത്തോടെ തെറ്റിദ്ധാരണകൾ എത്രയും വേഗം പരിഹരിക്കപ്പെടണം. വെല്ലുവിളിച്ചും ഏറ്റുമുട്ടിയും നാം സ്വയം തീ കൊളുത്തുന്നത് അവനവന്റെ വീടിനു തന്നെയാണെന്ന് തിരിച്ചറിഞ്ഞാൽ നന്ന്.
 

Latest News