തിരുവനന്തപുരം- കേരളത്തിലെ സ്‌കൂളുകളിൽ മത്സരപരീക്ഷയുടെ മറവിൽ ആർ.എസ്.എസ് പ്രചാരണം നടത്തുന്നതായി ആക്ഷേപം. വിദ്യാഭാരതിയുടെ സംസ്‌കൃത വിജ്ഞാന പരീക്ഷക്ക് വേണ്ടി തയ്യാറാക്കിയ പുസ്തകത്തിലാണ് ആർ.എസ്. പ്രചാരണം. വിമാനം കണ്ടുപിടിച്ചത് ഇന്ത്യക്കാരാണ്, ആദ്യത്തെ മനുഷ്യജീവൻ ഉത്ഭവിച്ചത് ഇന്ത്യയിലാണ്, ആഫ്രിക്കയിലല്ല, രാമക്ഷേത്രം പൊളിച്ചാണ് ബാബരി മസ്ജിദ് നിർമ്മിച്ചത് തുടങ്ങിയ കാര്യങ്ങളാണ് പുസ്തകത്തിലുള്ളത്. രാജ്യത്തിന്റെ അഖണ്ഡതക്ക് വേണ്ടി ജീവൻ വെടിഞ്ഞയാളാണ് ശ്യാമപ്രസാദ് മുഖർജി എന്ന കാര്യവും പുസ്തകത്തിലുണ്ട്.
ഓണം വാമനജയന്തിയുമാണ്. ഗാന്ധിജി, ടാഗോർ എന്നിവർക്കൊപ്പം സ്ഥാനമുള്ളവരാണ് ഹെഡ്ഗവാറും ഗോൾവാക്കറും എന്ന കാര്യവും പുസ്തകത്തിലുണ്ട്. ശ്രീ കൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിലും മുസ്്‌ലിംകൾ ക്ഷേത്രം പൊളിച്ച് പള്ളിയുണ്ടാക്കി എന്ന കാര്യവും പുസ്തകത്തിലുണ്ട്.
സംസ്ഥാനത്തെ നാലു മുതൽ പത്തുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് പുസ്തകം വിതരണം ചെയ്യുന്നത്. ഈ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് പരീക്ഷ നടക്കുന്നത്. അധ്യാപകർക്കിടയിലെ സംഘ്പരിവാർ പ്രവർത്തകരാണ് പുസ്തകം വിതരണം ചെയ്യുന്നത്. മുൻ വർഷങ്ങളിൽ വിദ്യാഭാരതിക്ക് കീഴിലെ സ്‌കൂളുകളിൽ മാത്രമാണ് സംസ്‌കൃതി വിജ്ഞാൻ പരീക്ഷ നടത്തിയിരുന്നത്. കഴിഞ്ഞവർഷം മുതലാണ് പൊതുവിദ്യാലയങ്ങളിലേക്കും പരീക്ഷ വ്യാപിച്ചത്. വിവാദ പുസ്തകം വിതരണം ചെയ്തത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചു. ന്യൂസ് 18 ചാനലാണ് വാർത്ത പുറത്തുവിട്ടത്.