റിയാദ് - വിദേശ യാത്രാ വിലക്കിൽ നിന്ന് ഇളവുള്ള വിഭാഗങ്ങളിലെ സൗദി പൗരന്മാർ വിദേശങ്ങളിൽ നിന്ന് സ്വദേശത്തേക്ക് തിരിച്ചുവരുമ്പോൾ കൊറോണ വൈറസ് മുക്തരാണെന്ന് സ്ഥിരീകരിക്കുന്നതിന് പി.സി.ആർ പരിശോധനകൾ നടത്തേണ്ടതില്ലെന്ന് സൗദിയ അറിയിച്ചു. തിരിച്ചറിയൽ കാർഡ് മാത്രം ഉപയോഗിച്ച് സൗദി പൗരന്മാർക്ക് നിലവിൽ വിദേശ യാത്ര നടത്താൻ സാധിക്കില്ല. വിദേശങ്ങളിൽ നിന്ന് എത്തുന്നവർ മൂന്നു ദിവസം ഹോം ക്വാറന്റൈൻ പാലിക്കണം. സൗദിയിലെത്തി 48 മണിക്കൂറു ശേഷം ശേഖരിക്കുന്ന സാമ്പിളിൽ നടത്തുന്ന പി.സി.ആർ പരിശോധനഫലം നെഗറ്റീവ് ആകുന്നവരും കൊറോണ ലക്ഷണങ്ങളില്ലാത്തവരുമാണ് മൂന്നു ദിവസം ഹോം ക്വാറന്റൈൻ പാലിക്കേണ്ടത്. 48 മണിക്കൂറിനു ശേഷം പി.സി.ആർ പരിശോധന നടത്താത്തവർ ഏഴു ദിവസം ഹോം ക്വാറന്റൈൻ പാലിക്കുകയും തതമൻ, തവക്കൽനാ ആപ്പുകളിൽ രജിസ്റ്റർ ചെയ്യുകയും വേണമെന്ന് സൗദിയ വ്യക്തമാക്കി.