റിയാദ്- ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിക്കാത്തതിനെ തുടർന്ന് റീ എൻട്രിയിലുള്ള പ്രവാസികളെ ദുബൈ വഴി സൗദിയിലെത്തിക്കാൻ ട്രാവൽ ഏജൻസികൾ ശ്രമം തുടങ്ങി. അടിയന്തരമായി ജോലിക്കോ മറ്റോ സൗദിയിലെത്തേണ്ടവരെയാണ് സന്ദർശക വിസയിലോ ട്രാൻസിറ്റ് വിസയിലോ ദുബൈയിലേക്ക് കൊണ്ടുവന്ന് അവിടെ നിന്ന് സൗദിയിലേക്ക് എത്തിക്കുന്നത്. നേരത്തെ കുവൈത്തിലേക്കും ഏജൻസികൾ ഇപ്രകാരം പ്രവാസികൾക്ക് ഇന്ത്യയിൽ നിന്ന് സർവീസ് ഒരുക്കിയിരുന്നു.
ചാർട്ടേഡ് വിമാനങ്ങളിലോ വന്ദേഭാരത് മിഷൻ വിമാനങ്ങളിലോ ആണ് യാത്രക്കാരെ ദുബൈയിലെത്തിക്കുക. യുഎഇയിലെ മറ്റു എമിറേറ്റുകളിൽ 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. എന്നാൽ ദുബൈയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തിയാൽ പുറത്തിറങ്ങാവുന്നതാണ്. ഇങ്ങനെ ദുബൈയിലെത്തുന്നവർക്ക് പുറത്തിറങ്ങി വീണ്ടും കോവിഡ് ടെസ്റ്റ് നടത്താം. ശേഷം ദുബൈയിൽ നിന്ന് സൗദിയിലേക്ക് പറക്കാം. വാലിഡ് വിസയുള്ള, 48 മണിക്കൂറിനകം കോവിഡ് നഗറ്റീവ് പിസിആർ സർട്ടിഫിക്കറ്റുള്ളവർക്ക് സൗദിയിലേക്ക് വരാൻ തടസ്സമില്ല. ഇതിനൊക്കെയുള്ള സൗകര്യം ഏജൻസികൾ ഒരുക്കും. സൗദി വിമാനത്താവളങ്ങളിലെത്തിയാൽ ഇവരുടെ ശരീരോഷ്മാവ് പരിശോധിക്കും. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമുള്ള സത്യവാങ്മൂലം എഴുതി നൽകുകയും വേണം. ശേഷം രണ്ട് ദിവസം ഹോം ക്വാറന്റൈനിലിരുന്ന് മൂന്നാം ദിവസം പിസിആർ ടെസ്റ്റ് നടത്തി ജോലിക്ക് ഹാജരാകാം. തഥമൻ, തവക്കൽനാ ആപുകൾ ഡൗൺലോഡ് ചെയ്ത് ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ സ്വീകരിക്കുകയും വേണം.
ഇന്ന് (ഞായർ) മുതൽ യുഎയിലേക്ക് സൗദി എയർലൈൻസ് സർവീസ് തുടങ്ങുകയാണ്. റിയാദിൽ നിന്ന് രണ്ടും ജിദ്ദയിൽ നിന്ന് രണ്ടും ദമാമിൽ നിന്ന് ഒന്നും സർവീസുകളാണ് ദുബൈയിലേക്കുള്ളത്. അബൂദാബിയിലേക്ക് ഒരു സർവീസുമുണ്ട്. ഈ സർവീസുകളിലാണ് വരും ദിവസങ്ങളിൽ ഇന്ത്യക്കാർ സൗദിയിലെത്താനിരിക്കുന്നത്.