റിയാദ് - രാജ്യത്ത് ബിനാമി ബിസിനസ് പ്രവണത വ്യാപിക്കാൻ പ്രധാന കാരണം സ്‌പോൺസർഷിപ്പ് നിയമമാണെന്ന് സാമ്പത്തിക വിദഗ്ധൻ ഥാമിർ അൽസഈദ് പറഞ്ഞു. സ്‌പോൺസർക്കു പിന്നിൽ ഒളിച്ചും കഫീലിന്റെ സംരക്ഷണത്തോടെയുമാണ് വിദേശികൾ രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് സ്വന്തം നിലക്ക് ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്നത്. സ്‌പോൺസർഷിപ്പ് നിയമം റദ്ദാക്കുന്നതോടെ സ്വന്തം നിലക്ക് സ്ഥാപനങ്ങൾ ആരംഭിക്കാൻ സ്വദേശി സംരംഭകർക്ക് മുന്നിൽ അവസരമൊരുങ്ങും.
സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ ബിനാമി സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്ക് അവസരമൊരുക്കുന്നതും ഉചിതമാകും. ഇത് ദേശീയ സമ്പദ്‌വ്യവസ്ഥക്ക് ഗുണം ചെയ്യും. രണ്ടു വർഷം മുമ്പ് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ബിനാമി ബിസിനസ് സ്ഥാപനങ്ങൾ പ്രതിവർഷം 400 ബില്യൺ റിയാലിന്റെ വ്യാപാരങ്ങൾ നടത്തുന്നുണ്ട്. ഇതിൽ 120 ബില്യൺ റിയാലോളം ലാഭമാണ്. വിദേശങ്ങളിലേക്ക് ഒഴുകുന്ന ഭീമമായ ഈ തുകയുടെ പ്രയോജനം വിദേശ തൊഴിലാളികൾക്ക് മാത്രമാണ് ലഭിക്കുന്നതെന്നും വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നതായി ഥാമിർ അൽസഈദ് പറഞ്ഞു.