തിരുവനന്തപുരം- സ്വർണക്കടത്ത് കേസിൽ ഖുർആനെ മറയാക്കി പ്രസ്താവനകൾ നടത്തുന്നത് ശബരിമലയിൽ നേരിട്ടതിനെക്കാൾ വലിയ തിരിച്ചടിയാകും സർക്കാറിന് നേരിടേണ്ടി വരികയെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിനും സ്വർണ്ണക്കടത്ത് കേസിൽ നിന്നും മയക്കു മരുന്നു കേസിൽ നിന്നും രക്ഷപ്പെടാനുമുള്ള നീക്കമാണ് ഖുർആനിന്റെ മറപിടിച്ച് നടത്തുന്നതെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും പറഞ്ഞുകൊണ്ടിരിക്കുന്നത് മതമൗലിക വാദികൾ പോലും പറയാത്ത വർഗീയതയാണ്. ഖുർആനെ പ്രതിരോധത്തിന് വേണ്ടി ഉപയോഗിക്കുന്നത് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണ്. യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ തീക്കൊള്ളിക്കൊണ്ട് തലചൊറിയാൻ ശ്രമിച്ചാൽ അത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു.