തിരുവനന്തപുരം-ഇരുപത് തവണയായി നയതന്ത്രചാനല്‍ വഴി 88.5 കിലോഗ്രാം സ്വര്‍ണം കടത്തിയതായി സ്വര്‍ണക്കടത്ത് കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫി. എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 88.5 കിലോഗ്രാം സ്വര്‍ണത്തില്‍ 47.5 കിലോ സ്വര്‍ണം അയച്ചത് താനാണെന്നും അദ്ദേഹം സമ്മതിച്ചു. ഈ സ്വര്‍ണം നയതന്ത്ര ബാഗില്‍ ഒളിപ്പിച്ചതിനെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. കേസിലെ 30 പ്രതികളില്‍ 15 പേര്‍ പലപ്പോഴായി യുഎഇയില്‍ എത്തിയെന്നും യുഎഇയില്‍ എവിടെയൊക്ക വച്ചാണ് ആസൂത്രണം നടത്തിയതെന്നും മുഹമ്മദ് ഷാഫി വെളിപ്പെടുത്തി. നയതന്ത്ര ബാഗേജ് വഴി വരുന്ന സ്വര്‍ണം കൈപ്പറ്റുന്നതുമായി ബന്ധപ്പെട്ടുള്ള ഗൂഡാലോചന നടന്നത് തിരുവനന്തപുരത്ത് വച്ചാണെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതികള്‍ക്കൊപ്പം സുരക്ഷയ്ക്കായി പോവുന്ന പോലീസുകാരുടെ വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചു. കോടതിയിലേക്കും ആശുപത്രിയിലേക്കുമെല്ലാം പ്രതികളെ പതിവായി കൊണ്ടുവരുന്ന പോലീസുകാരുടെ വിവരങ്ങളാണ് എന്‍ഐഎ ശേഖരിച്ചത്.