Sorry, you need to enable JavaScript to visit this website.

കേരള മന്ത്രിസഭയിൽ അഴിച്ചുപണി; ജയരാജൻ തിരിച്ചെത്തിയേക്കും

തിരുവനന്തപുരം- കേരള മന്ത്രിസഭയിൽ സമഗ്ര അഴിച്ചുപണി വരുന്നതായി റിപ്പോർട്ട്. വാർത്ത ഏജൻസിയായ ഐ.എ.എൻ.എസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സ്വജനപക്ഷപാതം കാണിച്ചെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് രാജിവെച്ച ഇ.പി ജയരാജൻ തിരിച്ചെത്തുമെന്നാണ് സൂചന. സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരും. ഒരു വനിതയെ സ്പീക്കർ സ്ഥാനത്തേക്ക് നിയോഗിക്കും. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വനിത സ്പീക്കറെ നിയോഗിക്കാനുള്ള തീരുമാനമാണ് പിണറായി വിജയൻ സ്വീകരിക്കുന്നത്. നേരത്തെ ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്ത് നഫീസത്ത് ബീവിയുണ്ടായിരുന്നു. 

തൊഴിൽ വകുപ്പും എക്‌സൈസ് വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രി ടി പി രാമകൃഷ്ണനെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് തൊഴിൽ വകുപ്പിന്റെ ചുമതലയിൽ നിന്നു മാറ്റി ജോലി ഭാരം കുറക്കും. 
ബന്ധു നിയമന വിവാദത്തെ തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ജയരാജന് മന്ത്രിസഭയിൽ നിന്ന് രാജിവയ്‌ക്കേണ്ടി വന്നത്. വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് കഴിഞ്ഞ മാസം ഹൈക്കോടതി റദ്ദാക്കിയതോടെ ജയരാജനും പാർട്ടിക്കും വലിയ ആശ്വാസമായിരുന്നു. പാർട്ടിയിലെ കണ്ണൂർ ലോബിയെന്നറിയപ്പെടുന്ന സംഘത്തിലെ പ്രമുഖനായ ജയരാജനെ തിരികെ മന്ത്രിസഭയിലെത്തിച്ച് എതിർശബ്ദങ്ങളെ നേരിടാനാണ് മുഖ്യമന്ത്രി പിണറായിയുടെ ശ്രമം. വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ സോളർ റിപ്പോർട്ട് വിശദാംശങ്ങൾ പുറത്തു വിടുന്നതിൽ മുഖ്യമന്ത്രി കാണിച്ച തിടുക്കത്തോട് ചില അംഗങ്ങൾ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. നിയമമന്ത്രി എ കെ ബാലനാണ് ആദ്യമായി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പിന്നീട് മന്ത്രിമാരായ മാത്യു ടി തോമസും ഇ ചന്ദ്രശേഖരനും ബാലന്റെ അഭിപ്രായത്തോട് യോജിച്ചു.


മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങൾ, മുൻ കേന്ദ്ര മന്ത്രി എന്നിവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ അനുമതി നൽകിയതിൽ മുഖ്യമന്ത്രി തിടുക്കം കാണിച്ചുവെന്നാണ് ഇവരുടെ അഭിപ്രായം. സോളാർ കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച് നിയമ മന്ത്രിയായ തന്നെയും നിയമ വകുപ്പിനേയും അവഗണിച്ച് അഡ്വക്കെറ്റ് ജനറലിൽ നിന്നും ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂഷനിൽ നിന്നും പിണറായി നിയമോപദേശം തേടിയതിൽ ബാലന് അതൃപ്തിയുണ്ട്. സോളർ റിപ്പോർ്ട്ട സംബന്ധിച്ച് മൂന്നാമതും നിയമോപദേശം ലഭിക്കാനായി സർക്കാർ കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

പിണറായിയുമായി അത്ര സുഖകരമല്ലാത്ത ബന്ധമാണുള്ളതെങ്കിലും ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ മന്ത്രിപദത്തിന് ഭീഷണികളൊന്നുമില്ല. സംസ്ഥാന സമ്മേളനത്തിനും തുടർന്നു വരുന്ന പാർട്ടി കോൺഗ്രസിനും ഒരുങ്ങുന്ന സിപിഎം മന്ത്രിസഭയിൽ വലിയൊരു പുനസ്സംഘടന നടത്തുന്ന കാര്യവും ആലോചിക്കുന്നുണ്ട്. ചിലരെ മാറ്റി നിർത്തി മുതിർന്ന നേതാക്കളായ എസ് ശർമ, രാജു എബ്രഹാം, സുരേഷ് കുറുപ്പ് എന്നിവരെ കൂടി ഉൾപ്പെടുത്തുന്ന കാര്യമാണ് ആലോചിക്കുന്നത്.
 

Latest News