ദുബായ്- ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ച് സ്പാനിഷ് പൗരനെ വശീകരിച്ച് പണം കവര്‍ന്ന കേസില്‍ നൈജീരിയന്‍ യുവതിക്ക് അഞ്ച് വര്‍ഷം കഠിന തടവ്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ടിന്‍ഡര്‍ ആപ്പ് വഴി ബ്രസീലിയന്‍ യുവതിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 36 കാരനെ യുവതി തന്റെ ഫഌറ്റിലേക്ക് വരുത്തിയത്. ഫഌറ്റില്‍ എത്തിയപ്പോള്‍ യുവാവിനെ നൈജീരിയക്കാരായ മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും അടങ്ങുന്ന ആറംഗ സംഘം അകത്തേക്ക് വലിച്ചഴച്ച് ക്രൂരമായി മര്‍ദിച്ചു. ശേഷം നഗ്നനാക്കുകയും കത്തിമുനയില്‍ നിര്‍ത്തി ക്രെഡിറ്റ് കാര്‍ഡുകള്‍ തട്ടിയെടുക്കുകയും ചെയ്തു. ഇവ ഉപയോഗിച്ച് പ്രതികള്‍ 19,552 ദിര്‍ഹം വിലമതിക്കുന്ന പര്‍ച്ചേയ്‌സ് നടത്തിയെന്നും യുവാവ് പരാതിപ്പെട്ടിരുന്നു.
പോലീസില്‍ പരാതി നല്‍കിയാല്‍ താന്‍ സ്ത്രീകളെ ആക്രമിച്ചതായി പരാതി നല്‍കുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഒരു ദിവസത്തിന് ശേഷമാണ് പ്രതികള്‍ തന്നെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വിട്ടയച്ചതെന്നും യുവാവ് ബര്‍ ദുബായ് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ വിശദമാക്കി. തുടര്‍ന്ന് പോലീസ് നടത്തിയ സമര്‍ഥമായ നീക്കത്തിലാണ് 32 കാരി പിടിയിലായത്.