ഹിന്ദുയിസത്തേയും ഹിന്ദുത്വത്തേയും പരസ്പര പൂരകങ്ങളായ ആശയങ്ങളായി ചിത്രീകരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ഹൈന്ദവേതരന് പൗരത്വമില്ലാത്ത ഹിന്ദുസ്ഥാനാണ് ഹിന്ദുത്വയുടെ ആത്യന്തിക ലക്ഷ്യമെന്ന് അവരുടെ സൈദ്ധാന്തികാചാര്യനായ സവർക്കർ തന്നെ എഴുതിവെച്ചിട്ടുണ്ട്. സഹിഷ്ണുതയുടെ വിശ്വോത്തര മാതൃക സൃഷ്ടിച്ച ഹിന്ദുയിസവുമായോ പൗരന്മാർക്കിടയിൽ വിവേചനം കൽപിക്കാത്ത ഇന്ത്യൻ ഭരണഘടനയുമായോ അതിന് പുലബന്ധം പോലുമില്ല. ഈ യാഥാർഥ്യം മറച്ചുവെച്ചാണ് കേരളത്തിൽ രാഷ്ട്രീയ ഹിന്ദുവിനെ സൃഷ്ടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം.
'രാഷ്ട്രീയ ഹിന്ദു'വിനെ തേടി കേരളത്തിൽ ഹിന്ദുത്വ രാഷ്ട്രീയം നടത്തിയ യാത്ര തലസ്ഥാന നഗരിയിൽ സമാപിച്ചതിന് പിന്നാലെ എഴുതിയ ലേഖനത്തിൽ ബി.ജെ.പിയുടെ മുൻ രാജ്യസഭാ എം.പിയും പയനീർ ഗ്രൂപ്പിന്റെ പത്രാധിപരുമായ ചന്ദൻ മിത്ര പറയുന്നത്, കേരളത്തിലെ ഹിന്ദുക്കൾ ഇനി തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയ ആഭിമുഖ്യം തുറന്നു പറയാൻ മടിക്കില്ല എന്നാണ്.
ഭൂതകാല നാണക്കേടിന്റെ ഭാരം ഒഴിവാക്കി അവർ സ്വയം ഇനി രാഷ്ട്രീയ ഹിന്ദു എന്ന് വിളിക്കുമെന്നും മാറിയ സാഹചര്യത്തിൽ കേരള രാഷ്ട്രീയത്തിൽ ബി.ജെ.പിക്ക് അവരുടെ അപ്പക്കഷ്ണം ലഭിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു. അമിത് ഷായുടെ ജനരക്ഷായാത്രയും യോഗി ആദിത്യനാഥിന്റെ ഗീർവാണങ്ങളും മിത്രയെ പഠിപ്പിച്ചത് ഇതാണത്രേ. കേരളത്തിലെ ബി.ജെ.പി രാഷ്ട്രീയത്തിൽ അദ്ദേഹം കണ്ടെത്തുന്നത് ഒരേയൊരു കുറവ് മാത്രമാണ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുള്ള ജനപ്രീതിയോട് ചേർത്തുവെക്കാൻ പറ്റിയ കരിഷ്മയുള്ള ഒരു പ്രാദേശിക നേതാവിന്റെ അഭാവം.
35,000 ൽപരം ഹിന്ദു വോട്ടുകളുള്ള വേങ്ങര നിയമസഭാ മണ്ഡലത്തിൽ ആറായിരം വോട്ടിൽ താഴെ മാത്രം നേടിയ ബി.ജെ.പിക്ക് ജാള്യം മറയ്ക്കാനുള്ള സമയമായിട്ടില്ല. നേടിയതിൽ 10 ശതമാനമെങ്കിലും ഇതര മതസ്ഥരുടെ വോട്ടാണെന്ന് അംഗീകരിച്ചാൽ, ബി.ജെ.പിയെ അസ്പൃശ്യരായി കാണുന്ന ഹിന്ദുക്കളുടെ എണ്ണം വളരെ കൂടുതലാണെന്ന് കാണാം. കേരളം എന്തുകൊണ്ട് മതനിരപേക്ഷതയുടെ ഉറച്ച കോട്ടയായി നിലനിൽക്കുന്നു എന്ന് മാത്രമല്ല, ആ മതേതരത്വ ദുർഗത്തിന് കേരളത്തിലെ ഹിന്ദുക്കളുടെ സംഭാവന എന്തുമാത്രം വലുതും ശക്തവുമാണെന്നതിനും വേങ്ങര വലിയ ഉദാഹരണമാണ്. പ്രമുഖ മുന്നണികളുടെ ഭാഗമായി രണ്ട് മുസ്‌ലിം സ്ഥാനാർഥികൾ മത്സരിച്ച വേങ്ങരയിൽ, മതത്തിനും ജാതിക്കുമപ്പുറം ഹിന്ദു വോട്ടർമാർ കണ്ടത് രാഷ്ട്രീയമാണെന്നതും അത് മതേതരഭൂമികയിൽ അടിയുറച്ചുനിന്നാണെന്നതും ഹിന്ദുവിനെ വർഗീയ രാഷ്ട്രീയത്തിന്റെ ഭാഗമാക്കാൻ തീവ്രശ്രമം നടത്തുന്ന ബി.ജെ.പിയെ സംബന്ധിച്ച് നിരാശാജനകമായിരിക്കാം. അതിനാലാണ് ചന്ദൻ മിത്ര കേരളത്തിലെ രാഷ്ട്രീയ ഹിന്ദുവിൽ പ്രതീക്ഷയർപ്പിക്കുന്നത്.
ഏഴു പതിറ്റാണ്ടായി കേരളവും ബംഗാളും ജനസംഘിന്റേയും ബി.ജെ.പിയുടേയും പിടിയിൽനിന്ന് കുതറി മാറുകയാണ് എന്ന് പറയുന്ന മിത്ര, കേരളത്തെക്കുറിച്ച് നടത്തുന്ന നിരീക്ഷണവും കൗതുകകരമാണ്.
ബംഗാളിനെ അപേക്ഷിച്ച് കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ ഘടന ബി.ജെ.പിക്ക് കടന്നുകയറാൻ കൂടുതൽ സൗകര്യപ്രദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കണ്ണൂരിലെ മാർക്‌സിസ്റ്റുകളെ ഫലപ്രദമായി നേരിട്ട് പിന്നിലേക്ക് തള്ളാനും കോൺഗ്രസിന് അടുത്ത കാലത്തെങ്ങും തിരിച്ചുവരാനാകില്ലെന്ന് കരുതുന്ന ക്രിസ്ത്യൻ ഗ്രൂപ്പുകളുമായി തന്ത്രപരമായ സഖ്യം പടുത്തുയർത്താനും കഴിഞ്ഞാൽ കേരളത്തിൽ ബി.ജെ.പിക്ക് പുതിയ യുഗം വിദൂരമല്ലെന്ന് പറഞ്ഞാണ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത്.
കണ്ണൂർ രാഷ്ട്രീയത്തിലെ അതികായനായ മുഖ്യമന്ത്രി പിണറായി വിജയനു നേരെ ആക്രമണത്തിന്റെ കുന്തമുന ബി.ജെ.പി തിരിച്ചുവെച്ചിരിക്കുന്നതും മധ്യതിരുവിതാംകൂർ ക്രിസ്ത്യാനിയായ അൽഫോൻസ് കണ്ണന്താനത്തെ കേന്ദ്ര മന്ത്രിയാക്കിയതുമടക്കമുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രങ്ങൾക്ക് പിന്നിലെ ആത്യന്തിക ലക്ഷ്യം ബി.ജെ.പിയുടെ തിങ്ക്ടാങ്കുകളിൽ പ്രമുഖനായ ചന്ദൻ മിത്രയുടെ വാക്കുകളിൽ വ്യക്തമാണ്. 2019 തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തെ രാഷ്ട്രീയമായി പരുവപ്പെടുത്താനുള്ള ശ്രമങ്ങൾ ജനരക്ഷായാത്ര കൊണ്ട് അവസാനിക്കില്ലെന്ന് ചുരുക്കം. കേരളത്തിലെ മുസ്‌ലിംകളും ക്രിസ്ത്യാനികളും രാഷ്ട്രീയമായി സംഘടിച്ചിരിക്കുകയാണെന്നും അതുവഴി പലതരം നേട്ടങ്ങൾ അവർ സ്വായത്തമാക്കുന്നുവെന്നും അതിനാൽ ഹിന്ദുവും സംഘടിക്കണമെന്നുമുള്ള കെ.സുരേന്ദ്രൻ നിലവാരത്തിലുള്ള വിശകലനങ്ങളും ബുദ്ധിജീവിയും മാധ്യമ പ്രവർത്തകനുമായ ചന്ദൻ മിത്ര നടത്തുന്നുണ്ട്.
മുസ്‌ലിം ലീഗിനേയും കേരള കോൺഗ്രസിനേയും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത് പറയുന്നത്. മുസ്‌ലിം ലീഗിന്റെ നേതാവ് 'തങ്ങൾ' എന്ന അപരാഭിധാനത്താൽ അറിയപ്പെടുന്നുവെന്നും മുസ്‌ലിംകൾ നടത്തുന്ന അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നയാളാണെന്നും അദ്ദേഹം പറയുന്നു. ക്രിസ്ത്യൻ സഭകളാകട്ടെ, ആശുപത്രികളും വിദ്യാലയങ്ങളുമടക്കം നൂറുകണക്കിന് സ്ഥാപനങ്ങൾക്ക് ഉടമകളാണ്. ഹിന്ദുക്കളിൽ ഈഴവർ ഒഴിച്ചുനിർത്തിയാൽ ആർക്കും ഇപ്രകാരം സംഘടിതവും താരതമ്യ പ്രസക്തവുമായ ഒരു ശൃംഖലയില്ല എന്നും മിത്ര കണ്ടെത്തുന്നു. കേരളത്തിൽ ഹിന്ദു രാഷ്ട്രീയം രൂപപ്പെടാത്തതാണ് ഇതിന് കാരണമെന്നാണ് അദ്ദേഹം ഉപസംഹരിക്കുന്നത്. കേരളം വിദ്യാസമ്പന്നരുടെ നാടാണെന്ന പൊതുധാരണയെ പരിഹസിക്കുന്ന മിത്ര കേരളത്തിലെ ഹൈന്ദവേതര രാഷ്ട്രീയ ഗ്രൂപ്പുകളുടെ ആധിക്യം കാണുമ്പോൾ, വിദ്യാഭ്യാസവും രാഷ്ട്രീയാഭിമുഖ്യവും തമ്മിൽ വലിയ ബന്ധമൊന്നുമില്ല എന്ന് മനസ്സിലാകുമെന്നും പറയുന്നു.
കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെക്കുറിച്ചും അവ നിലനിൽക്കുന്ന സാമൂഹിക പശ്ചാത്തലത്തെക്കുറിച്ചും ഇത്ര മാത്രം അജ്ഞത പുലർത്തുന്ന നിരീക്ഷകരാണ് ബി.ജെ.പിയുടെ ബുദ്ധികേന്ദ്രങ്ങളെങ്കിൽ അവരോട് സഹതപിക്കാനല്ലാതെ നിവൃത്തിയില്ല. മുസ്‌ലിം ലീഗ് മുസ്‌ലിംകളുടേയും കേരള കോൺഗ്രസ് ക്രിസ്ത്യാനികളുടേയും പാർട്ടിയാണെന്ന് അംഗീകരിച്ചാൽ തന്നെ, ബി.ജെ.പി എന്ന 'ഹിന്ദു പാർട്ടി' പ്രതിനിധാനം ചെയ്യുന്നതിന് സമാനമായ രാഷ്ട്രീയമല്ല അവർക്കുള്ളത് എന്നത് പകൽപോലെ വ്യക്തമാണ്.
മുസ്‌ലിം ലീഗ് ഇസ്‌ലാമികവാദമോ കേരള കോൺഗ്രസ് ക്രിസ്തീയവാദമോ ഉയർത്തുന്നില്ല എന്ന് കണ്ടെത്താനാവുന്നതുപോലെ ബി.ജെ.പി ഹിന്ദുത്വ വാദം ഉയർത്തുന്നില്ല എന്ന് പറയാനാകുമോ? മതവൈരാഗ്യത്തിലധിഷ്ഠിതമായ രാഷ്ട്രീയ പ്രത്യയശാസ്ത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പാർട്ടിയാണ് ഭാരതീയ ജനതാപാർട്ടി എന്നത് അവരുടെ സൈദ്ധാന്തിക കൃതികളിൽനിന്ന് തന്നെ വ്യക്തമാണ്. ഹിന്ദുത്വമെന്നത് ഒരു ജീവിത ശൈലിയാണെന്ന 1995 ലെ സുപ്രീം കോടതി വിധിയുടെ പരാമർശത്തിൽ പിടിച്ചാണ് ബി.ജെ.പി തങ്ങൾ ഒരു മതേതര പാർട്ടിയാണെന്ന് ഇപ്പോൾ വ്യാഖ്യാനിക്കുന്നത് എന്നതാണ് സത്യം.
ഹിന്ദുത്വം എന്ന വാക്ക് ആദ്യമായി പ്രയോഗിച്ച, അത് നിർവചിച്ച, ഹിന്ദു മഹാസഭയുടെ നേതാവായിരുന്ന വി.ഡി. സവർക്കറെ തള്ളി, സുപ്രീം കോടതിയുടെ (പിന്നീട് കോടതി തന്നെ ഇക്കാര്യത്തിൽ പുനപ്പരിശോധന ആവശ്യപ്പെട്ടുവെന്നത് സത്യം) വ്യാഖ്യാനം അവലംബിക്കാൻ അവരെ പ്രേരിപ്പിക്കുന്ന ചേതോവികാരം ഇന്ത്യയുടെ മതേതര മനസ്സിന് ഉൾക്കൊള്ളാൻ കഴിയാത്ത രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് തങ്ങൾ പുലർത്തുന്നത് എന്ന തിരിച്ചറിവ് തന്നെയാണ്.
ഹിന്ദുത്വവും ഹിന്ദുയിസവും വിവേചിച്ചറിയുന്നതിൽ അന്ന് കോടതിക്ക് പറ്റിയ തെറ്റ് പിന്നീട് കോടതി തന്നെ ഏറ്റുപറഞ്ഞിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തിന്റെ സത്തയെ ഹനിക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് വിലങ്ങുതടിയാകുമായിരുന്ന ഒരു കേസാണ് അന്ന് കോടതിയുടെ ഒത്തുതീർപ്പ് വിധിക്ക് വിധേയമായത്.
അടുത്ത വർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രകടന പത്രിക സുപ്രീം കോടതി വിധി ഉദ്ധരിക്കുകയുണ്ടായി. ബി.ജെ.പി മതേതര പാർട്ടിയാണെന്ന് കോടതി അംഗീകരിച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടാനായിരുന്നു ഇത്. ഹിന്ദുത്വം എന്ന വാക്കിന്റെ യഥാർഥ അർഥവും ഉള്ളടക്കവും കോടതി അംഗീകരിച്ചിരിക്കുന്നു എന്നും മതേതരത്വത്തിന്റെ അർഥത്തോടും നിർവചനത്തോടും ഒത്തുപോകുന്നതാണ് അതെന്നുമായിരുന്നു ബി.ജെ.പിയുടെ വ്യാഖ്യാനം. ആ തെരഞ്ഞെടുപ്പിലാണ് ബി.ജെ.പിക്ക് 13 ദിവസത്തേക്ക് അധികാരം ലഭിച്ചത്.
എന്നാൽ എന്താണ് യാഥാർഥ്യം? ഗാന്ധി വധക്കേസിന്റെ വിചാരണയിൽ പേര് പരാമർശിക്കപ്പെടുന്നതിനും മുസ്‌ലിം ലീഗിന്റെ ദ്വിരാഷ്ട്ര സിദ്ധാന്തത്തിനും എത്രയോ മുമ്പ്, 1923 ൽ എഴുതിയ 'ഹിന്ദുത്വ' എന്ന ഉപന്യാസത്തിൽ സവർക്കർ തന്റെ കാഴ്ചപ്പാട് വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനിലെ പൗരത്വാവകാശം വംശത്തിന്റെയും രക്തത്തിന്റെയും അടിസ്ഥാനത്തിലായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. മുഹമ്മദീയരും ക്രിസ്ത്യാനികളും പൗരത്വത്തിന് പുറത്താണെന്ന കാര്യം ഫലപ്രദമായി ഉറപ്പാക്കും. എല്ലാക്കാലത്തും അവരെ വരുത്തന്മാരായി മാത്രം പരിഗണിക്കും.
ഇന്ത്യൻ ഭരണഘടനയുടെ സത്തക്കും ആത്മാവിനും വിരുദ്ധമായ ഈ പ്രത്യയശാസ്ത്രമാണ് ബി.ജെ.പി രാഷ്ട്രീയത്തെ നയിക്കുന്നത്. എല്ലാ ഇന്ത്യക്കാരേയും തുല്യരായി പരിഗണിക്കുന്ന ഭരണഘടന പൗരന്മാർക്കിടയിൽ വിവേചനം കാണുകയും ഹൈന്ദവേതരരെ ഒഴിവാക്കുകയും ചെയ്യുന്ന ഹിന്ദുത്വത്തിന്റെ കേന്ദ്ര ആശയം തന്നെ തിരസ്‌കരിക്കുന്നതാണ്. ഗാന്ധിജിയുടേയും മറ്റുള്ളവരുടേയും ഹിന്ദുയിസത്തിൽനിന്ന് ബി.ജെ.പിയുടെ ഹിന്ദുത്വം വ്യത്യസ്തമാകുന്നത് അതുകൊണ്ടാണ്. സഹിഷ്ണുതയുടേയും ഇതര വിശ്വാസങ്ങളോടുള്ള ആദരവിന്റേയും കാര്യത്തിൽ ലോകത്ത് ഉദാഹരണങ്ങളില്ലാത്ത മതവും സംസ്‌കാരവുമാണ് ഹിന്ദുയിസം പ്രതിനിധീകരിക്കുന്നത്. അത് അയൽക്കാരനെ നാട്ടിൽനിന്നോടിക്കണം എന്ന് രാഷ്ട്രീയ ഹിന്ദുവിനോട് പറയുന്ന ഹിന്ദുത്വമല്ല. ഇത് മനസ്സിലാക്കാനുള്ള രാഷ്ട്രീയ വിദ്യാഭ്യാസം കേരളത്തിലെ ഹിന്ദുക്കൾക്കുണ്ട് എന്ന് ചന്ദൻ മിത്രയെപ്പോലുള്ളവർ എന്നാണ് തിരിച്ചറിയുക?