തിരുവനന്തപുരം- മന്ത്രി കെ.ടി.ജലീൽ രാജിവെക്കില്ലെന്നും അതിനുവേണ്ടി ആരും സമരം നടത്തേണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കോടിയേരി. ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണ്. സർക്കാരിനെതിരെയുള്ള സമരങ്ങളിൽ ഗുണ്ടകളെ ഇറക്കി ബോധപൂർവം അക്രമം നടത്തുകയാണെന്നും സെക്രട്ടേറിയറ്റ് ആരോപിച്ചു. ജലീൽ വിഷയത്തിൽ നിജസ്ഥിതി വെളിപ്പെടുത്താൻ പ്രചാരണം നടത്താനും പാർട്ടി തീരുമാനിച്ചു. 25, 26 തീയതികളിൽ സംസ്ഥാന സെക്രട്ടേറിയറ്റും കമ്മറ്റിയും ചേരും. ഇതിനുശേഷം പ്രചാരണ പരിപാടികൾ തീരുമാനിക്കും.
ജോസ് കെ.മാണി വിഭാഗത്തെ മുന്നണിയിലെടുക്കുന്ന കാര്യം സെക്രട്ടേറിയറ്റ് ചർച്ച ചെയ്തില്ല. ജോസ് കെ.മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചാൽ എൽഡിഎഫ് നിലപാട് എടുക്കുമെന്നും സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്തില്ലെന്നും കോടിയേരി പറഞ്ഞു. അവർ യുഡിഎഫ് വിട്ടത് സ്വാഗതാർഹമാണ്.
മന്ത്രി കെ.ടി.ജലീലിന്റെ രാജി സിപിഎം അംഗീകരിക്കുന്നില്ലെന്നു കോടിയേരി പറഞ്ഞു. കേസ് റജിസ്റ്റർ ചെയ്താൽ പലരേയും ചോദ്യം ചെയ്യും. അതുകൊണ്ട് അവരെല്ലാം കേസിൽ പ്രതിയാകില്ല. അന്വേഷണ ഏജൻസികൾ സ്വതന്ത്രമായി അന്വേഷിച്ച് നിഗമനത്തിലെത്തട്ടെ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറ്ററേറ്റിനെ സിപിഎം കുറ്റപ്പെടുത്തിയിട്ടില്ലെന്നു കോടിയേരി പറഞ്ഞു.