കൊലയാളികൾ ഇരുളിലോ നമുക്ക് മുൻപിലോ? പ്രചാർ പ്രമുഖ് മൻമോഹൻ വൈദ്യയും മോഹൻ ഭാഗവതും പങ്കെടുത്ത ബൈഠക്കിൽ ഗൗരി ലങ്കേഷിന് ആദരാഞ്ജലികൾ അർപ്പിച്ച് ആർ എസ് എസ്!
കൊന്നാൽ പാപം തിന്നാൽ തീരും. ഗൗരി കൊല്ലപ്പെട്ട് നാളുകൾ കഴിഞ്ഞിട്ടും പോലീസ് അന്വേഷണം ഇരുളിൽ തന്നെയാകുന്നു. ഒരു ക്യാറ്റ് ആൻഡ് മൗസ് കളി പോലെ ആരൊക്കെയോ അത് രഹസ്യമായി ആസ്വദിക്കുന്നു. വർഗീയ ഫാസിസത്തിന്റെയും കൊലപാതക രാഷ്ട്രീയത്തിന്റെയും ആസുര വൃത്തത്തിനുള്ളിലാണ് ഇന്ത്യ. ബി ജെ പി എം. എൽ. എയും മുൻ മന്ത്രിയുമായിരുന്ന ജീവരാജ് ഒരിക്കൽ പറയുകയുണ്ടായി. ആർ എസ് എസ്, സംഘ്പരിവാർ സംഘടനകളെ വിമർശിച്ച് എഴുതിയില്ലായിരുന്നുവെങ്കിൽ ഗൗരി ലങ്കേഷ് ഇന്നും ജീവിച്ചിരിക്കുമായിരുന്നുവെന്ന്. അദ്ദേഹത്തിന്റെ വാക്കുകൾ പരോക്ഷമായാണെങ്കിലും ഏത് സത്യത്തിനു നേരെയാണ് വിരൽ ചൂണ്ടുന്നത്?
സംഘ്പരിവാർ സംഘടനകൾ രാജ്യത്തെ ഇരുണ്ട കാലത്തിലേക്ക് നയിക്കുന്നുവെന്ന് വിശ്വസിച്ചിരുന്നവരിൽ മുൻനിരയിലായിരുന്നു ഗൗരി ലങ്കേഷ്. സംഘ്പരിവാർ ഭീകരതയ്‌ക്കെതിരെ, ഹിന്ദുമത തീവ്രവാദത്തിനെതിരെ, അവർ എന്നും അതിശക്തമായി പ്രതികരിച്ചിരുന്നു. അതിന്റെ പേരിൽ അവർക്കെതിരെ ചില കേസുകൾ നിലനിന്നിരുന്നു. ഒന്ന് ശ്രദ്ധിച്ച് നോക്കിയാൽ പല സ്ഥലങ്ങളിലും നമുക്ക് കാണാൻ കഴിയും സംഘ്പരിവാർ ഭീകരതയുടെ ഗുണ്ടാ വിളയാട്ടം.
ബാംഗഌരുവിൽ പല പ്രശ്‌നങ്ങളും ഉണ്ടാക്കിയിട്ടുള്ളത് ശ്രീരാമസേനയാണ്. കൽബുർഗിയെ കൊന്നതിന്റെ ഉത്തരവാദിത്തം സനാതൻ സപ്തിയാണ് ഏറ്റെടുത്തിരിക്കുന്നത്. വേറെയേതോ ബ്രിഗേഡിയർ ആണ് അനന്തമൂർത്തിക്ക് ടിക്കറ്റ് എടുത്തു കൊടുത്തത്.
എന്നിട്ടവർ ചോദിക്കും തെളിവെവിടെ, തെളിവെവിടെ എന്ന്. തോക്കു ചൂണ്ടിയവർ പതിയിരിക്കുന്നത് ആരുടെ രാഷ്ട്രീയം സംരക്ഷിക്കാനാണ്? ഒന്നുകിൽ നിങ്ങൾ മിണ്ടാതിരിക്കുക, അല്ലെങ്കിൽ ഞങ്ങളുടെ കൂടെ നിൽക്കുക എന്ന ഈ രണ്ടു ഓപ്ഷൻ ആണ് സംഘ്പരിവാർ മുന്നോട്ടു വെക്കുന്നത്. കൃത്യമായ ഒരു ഫാസിസ്റ്റ് മനഃശാസ്ത്രം ഇതിന്റെ പിറകിൽ പ്രവർത്തിക്കുന്നുണ്ട്. നിരപരാധിയായ ഒരു സ്ത്രീയെ വെടിവച്ചു കൊന്നിട്ട്
അതിൽ മാവോയിസ്റ്റ് ബന്ധം ആരോപിക്കുകയാണ് ചെയ്യുന്നത്. ഗൗരി മാവോയിസ്റ്റുകളെ മുഖ്യധാരയിലേക്ക് എത്തിക്കാൻ ശ്രമിച്ചിരുന്നുവെന്ന്. എന്നാൽ അങ്ങനെ ശ്രമിച്ചതിന്റെ പേരിൽ ആരെയെങ്കിലും മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയതായി കേട്ടറിവില്ല. ഇത്രയും ക്രൂരമായ ഒരു കാര്യം മനുഷ്യത്വ രഹിതമായി കാണാൻ കഴിയുന്നു എന്നതാണ് ഇൻസെൻസിറ്റിവിറ്റി എന്ന് പറയുന്ന സാധനം. പെരുംനുണകളുടെ കെട്ടഴിച്ചു വിടുന്ന ഒരു സൈബർ സെൽ തന്നെ അവർക്കുണ്ട്. അനന്തമൂർത്തി മരണപ്പെട്ടപ്പോൾ മധുരം വിളമ്പി ആഘോഷിച്ചവരാണവർ. കേരളത്തിലേക്ക് നോക്കി അവർ ചോദിക്കുന്നുണ്ട്, കണ്ണൂരിൽ ആർ എസ് എസ് പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ഇല്ലാതിരുന്ന എന്ത് വേദനയാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോൾ കേരളത്തിനുള്ളതെന്ന്. കണ്ണൂരിൽ എന്നല്ല എവിടെയും മനുഷ്യർ കൊല്ലപ്പെടുമ്പോൾ കേരളത്തിലെ പൊതു സമൂഹം സന്തോഷിക്കുകയാണെന്ന് പറയുന്നത് എത്ര വലിയ നുണയാണ്?
മഹാത്മാ ഗാന്ധി വധത്തിനു ശേഷം ഭീകര പ്രവർത്തനത്തിന്റെ പേരിൽ ഏറ്റവും ആദ്യം ഇന്ത്യയിൽ നിരോധിക്കപ്പെട്ട സംഘടനയാണ് ആർ എസ് എസ്. അതിൽ നിന്ന് തന്നെ ആ ഭീകരതയുടെ ആഴം നമുക്ക് മനസ്സിലാക്കാം.
നമ്മൾ ഇത്ര കാലം ജീവിച്ച, ഇനിയും തലമുറകൾ ജീവിക്കേണ്ട ഈ രാജ്യം ആരുടേതാണെന്നാണ് പ്രധാനപ്പെട്ട ഒരു ചോദ്യം. രാജ്യത്തെ ഭൂരിപക്ഷത്തിന്റെ പേരിൽ ഈ രാജ്യം തങ്ങളുടേത് മാത്രമാണെന്നും തങ്ങൾ പറയുന്നത് മാത്രമാണ് ശരിയെന്നും പറയാൻ തുടങ്ങിയാൽ രാജ്യത്തിന്റെ ഭാവി അങ്ങേയറ്റം അപകടത്തിലാകും. ഒരു വിഭാഗത്തിന്റെ ശരിയിലേക്ക് മാത്രമായി കാര്യങ്ങൾ ചുരുക്കപ്പെടുന്നുണ്ട്. ഒരു വിഭാഗത്തിന്റെ മാത്രം രാജ്യം, അവർ നൽകുന്ന ഔദാര്യത്തിലാണ് മറ്റുള്ളവരുടെ ഇടങ്ങൾ. സംവാദങ്ങൾക്കോ ആശയവിനിമയത്തിനോ ഇടമില്ല. വിയോജിപ്പുകൾക്കെതിരെ അവരുടെ തോക്കുകൾ ഉന്നം പിടിക്കും.
പ്രധാനമന്ത്രിയുടെ, സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തിന് നേരെ വിരൽ ചൂണ്ടിയ ഒരു മാധ്യമ പ്രവർത്തക, ആക്ടിവിസ്റ്റ്, സ്ത്രീ, അവരെല്ലാമാണിവിടെ കൊല ചെയ്യപ്പെട്ടത്. അതേ കുറിച്ചൊരു വിശദീകരണം നൽകുക, ഒരു ആശങ്കയറിയിക്കുക, എന്നിവയൊന്നും അനിവാര്യതയായി ഭരണാധികാരിക്കോ അനുയായികൾക്കോ തോന്നിയതേയില്ല. ഫാസിസം കൃത്യമായും സൂക്ഷ്മമായും വന്നെത്തിയിരിക്കുന്നു. ആശയങ്ങളെ ഭയപ്പെടുന്ന, ഒരു വാദപ്രതിവാദത്തിനു പോലും തയ്യാറാവാത്ത ഒരു ഗവണ്മെന്റിനെ ഇതുവരെ വേറെ കണ്ടിട്ടില്ല. നേർക്ക് നേരെ സംവദിക്കാൻ അവർക്കു കഴിയില്ല. ഇരുളിന്റെ മറപറ്റി കൊന്നു തള്ളുന്നതാണ് അവരുടെ രാഷ്ട്രീയം. അതിനെ ഭീരുത്വമെന്നാണ് പറയുക, ധൈര്യമെന്നല്ല.