ന്യൂദല്‍ഹി-കരിപ്പൂര്‍ വിമാനത്താവളത്തില്‍ മഴക്കാലം കഴിഞ്ഞാല്‍ ഉടന്‍തന്നെ വലിയ വിമാനങ്ങള്‍ ഇറങ്ങുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ഉറപ്പു നല്‍കിയതായി എം.പിമാര്‍. കരിപ്പൂരില്‍ സുരക്ഷാ വിദഗ്ധരുടെ നിര്‍ദേശപ്രകാരമുള്ള വിലക്ക് താല്‍ക്കാലികമായി മാത്രമാണെന്നും ഇക്കാര്യത്തില്‍ ഒരു കാലതാമസവും വരുത്തില്ലെന്നും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍കുമാര്‍ പറഞ്ഞതായി ഇതുസംബന്ധിച്ച് നടത്തിയ കൂടിക്കാഴ്ചക്കു ശേഷം എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. രാഘവന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ് എന്നിവര്‍ വ്യക്തമാക്കി. ഔദ്യോഗിക അറിയിപ്പോ, വ്യക്തമായ കാരണങ്ങളോ ഇല്ലാതെ സര്‍വിസ് നിര്‍ത്തലാക്കുന്നത് പരമോന്നത റെഗുലേറ്ററിയുടെ വിശ്വാസ്യതക്ക് കളങ്കമേല്‍പ്പിക്കുമെന്നും പൊതുമേഖലയില്‍ മികച്ച രൂപത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളത്തിന്റെ വളര്‍ച്ചയെ ഇത് ബാധിക്കുമെന്നും കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാട്ടിയതായി എം.പിമാര്‍ വ്യക്തമാക്കി.